തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ ഇംഗ്ലീഷ് മീഡിയം തെരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ എണ്ണം പത്ത് വർഷം കൊണ്ട് ഇരട്ടിയായി. മാതൃഭാഷയായ മലയാളത്തിൽ പരീക്ഷയെഴുതുന്ന കുട്ടികൾ പകുതിയായി കുറഞ്ഞു. കഴിഞ്ഞദിവസം ഫലം പ്രസിദ്ധീകരിച്ച എസ്.എസ്.എൽ.സി പരീക്ഷയിൽ 4,26,697 ൽ 2,67,733 പേരും (62.74 ശതമാനം) ഇംഗ്ലീഷ് മീഡിയത്തിലാണ് എഴുതിയത്. 1,55,920 പേരായിരുന്നു (36.54 ശതമാനം) മലയാളം മീഡിയം.
1167 പേർ തമിഴ് മീഡിയത്തിലും 1877 പേർ കന്നടയിലുമാണ്. 2015ൽ 332693 പേർ മലയാളത്തിൽ എഴുതിയപ്പോൾ 130093 പേരാണ് ഇംഗ്ലീഷ് മീഡിയം തെരഞ്ഞെടുത്തത്. അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് കുട്ടികൾ കൂട്ടത്തോടെ പോയിത്തുടങ്ങിയതോടെയാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ തുടങ്ങിയത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളുടെ എണ്ണത്തിൽ 11636 പേരുടെ വർധനയുണ്ട്. മലയാളം മീഡിയത്തിൽ 11858 പേരുടെ കുറവും. 2021ലാണ് മലയാളം മീഡിയം കുട്ടികളെ മറികടന്ന് ഇംഗ്ലീഷ് മീഡിയം മുന്നിലെത്തിയത്. സ്കൂൾ പാഠപുസ്തകത്തിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തുന്നത് ഉൾപ്പെടെ മാതൃഭാഷ പോത്സാഹന പരിപാടികൾ സർക്കാർ തലത്തിൽ നടത്തുമ്പോഴാണ് കുട്ടികളുടെ മലയാള താൽപര്യം കുറഞ്ഞുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.