സ്കോളർഷിപ്പുകളും പ്രതിമാസ സ്റ്റൈപ്പന്റും; ഇന്ത്യൻ വിദ്യാർഥികളുടെ ഇഷ്ടകേന്ദ്രമായി മാറി ദക്ഷിണ കൊറിയ

സോൾ: വിദേശ വിദ്യാർഥികളുടെ ഇഷ്​ട​കേന്ദ്രമായി മാറി ദക്ഷിണ കൊറിയ. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് 15000ൽ താഴെ മാത്രം വിദ്യാർഥികൾ എത്തിയിടത്തുനിന്ന് ഇപ്പോൾ 152,000 വിദേശ വിദ്യാർഥികളാണ് ദക്ഷിണകൊറിയയിൽ പഠിക്കുന്നത്. കൊറിയൻ സംസ്കാരത്തോട് ഇന്ത്യക്കാർക്ക് ഒരു പ്രത്യേക ഇഷ്മുണ്ട്. കൊറിയൻ സിനിമകളും സംഗീതവും ഇവിടത്തുകാർ നെ​ഞ്ചേറ്റിയിട്ട് കാലം കുറെയായി.

വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 2022 മുതൽ ഏകദേശം 1,364 ഇന്ത്യൻ വിദ്യാർഥികൾ ദ.കൊറിയയിൽ പഠിക്കുന്നുണ്ട്.  ആസ്‌ട്രേലിയ, യു.എസ്.എ, യു.കെ തുടങ്ങിയ മുൻനിര വിദ്യാഭ്യാസ ലക്ഷ്യസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണം വളരെ കുറവാണെങ്കിലും ദക്ഷിണകൊറിയയെ സംബന്ധിച്ച് ഇത് വലിയ മുന്നേറ്റം തന്നെയാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ദക്ഷിണ കൊറിയ തെരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

കെ നാടകങ്ങൾ, കെ പോപ്പ് തുടങ്ങിയ വിവിധ വിനോദ പോർട്ടലുകളിലൂടെ ദക്ഷിണ കൊറിയയുടെ സംസ്കാരത്തിന്റെയും ഭാഷയുടെയും ജനപ്രീതിയും ഇതിനൊരു കാരണമാകാം. 2018 മുതൽ ഇന്ത്യക്കാർ കൊറിയൻ ഉള്ളടക്കം ഉപയോഗിക്കുകയും രാജ്യവുമായി പരിചയപ്പെടുകയും ചെയ്യുന്നു. എല്ലാ പഠനമേഖലകളിലും അന്തർദേശീയ വിദ്യാർഥികൾക്ക് ദക്ഷിണ കൊറിയ സ്കോളർഷിപ്പും നൽകുന്നുണ്ട്. അതിനാൽ വിദ്യാർഥികൾക്ക് പഠനത്തിനായി വലിയ തുക ചെലവാകുന്നില്ല. ദക്ഷിണ കൊറിയയിലെ മിക്കവാറും എല്ലാ വിദ്യാഭ്യാസ സ്‍ഥാപനങ്ങളും വിദേശവിദ്യാർഥികൾക്ക് 80-100 ശതമാനം സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. കൊറിയയിലെത്തിയ ഏതാനും ഇന്ത്യൻ വിദ്യാർഥികളുടെ അനുഭവം പങ്കുവെക്കുന്നു.

മികച്ച സ്കോളർഷിപ്പുകളും ഗവേഷണ സൗകര്യമുള്ള വിദേശ സർവകലാശാലകൾക്കായുള്ള അന്വേഷണമാണ് മുസ്കാൻ സാക്കിർഹുസൈൻ സാൻഡെയെ ദ.കൊറിയയിൽ എത്തിച്ചത്. ഭൗതിക ശാസ്ത്ര ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമാണ് മുസ്കാൻ ദക്ഷിണകൊറിയയിലേക്ക് വിമാനം കയറിയത്. നിശ്ചിത പ്രതിമാസ സ്റ്റൈപ്പൻഡോടെ തനിക്ക് 100% സ്കോളർഷിപ്പ് സുങ്‌ക്യുങ്ക്‌വാൻ സർവകലാശാലയിൽ ലഭിച്ചതായും അതിനാൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ പ്രവേശനം നേടാൻ ഞാൻ തീരുമാനിക്കുകയായിരുന്നുവെന്നും മുസ്കാൻ പറഞ്ഞു. കൊറിയൻ നാടകങ്ങൾ കണ്ട് കൊറിയൻ ഭാഷയും പഠിച്ചു. അവരുടെ നൃത്ത ശൈലിയും വലിയ ഇഷ്ടമാണ്.

ഈ സ്കോളർഷിപ്പുകൾ തന്നെയാണ് നാനോ സയൻസിലും എൻജിനീയറിങ്ങിലും പി.എച്ച്.ഡി നേടാൻ ഡോ. ഷാഖർ ഫലകി​ന് പ്രേരണയായത്. സ്കോളർഷിപ്പുകൾക്കൊപ്പം സ്റൈപ്പന്റുമുള്ളത് അനുഗ്രഹം തന്നെയാണ്. ദ.കൊറിയയിലെ ലഭ്യമായ സ്കോളർഷിപ്പുകളെ കുറിച്ചറിയാൻ തന്നെ സഹായിച്ചത് കെ പോപ്പ് ആണെന്ന് സയന്തനി മജുംദാർ പറയുന്നു. ജി.കെ.എസ് സ്കോളർഷിപ്പ് ഇന്ത്യൻ വിദ്യാർഥികൾക്ക് കൊറിയയിൽ സൗജന്യമായി ബിരുദം നേടാനുള്ള അവസരം നൽകുന്നു. യോഗ്യതയുള്ള വിദ്യാർഥികൾക്ക് ഇൻഷുറൻസ്, റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്‌ക്കൊപ്പം 56,000 രൂപ പ്രതിമാസ അലവൻസും ലഭിക്കും.

ഖുശ്ബു സിഹാഗിനെ സംബന്ധിച്ചിടത്തോളം ദക്ഷിണ കൊറിയയിലെ ജനപ്രിയ ബാൻഡായ ബി.ടി.എസ് മാത്രമാണ് കൊറിയയിലേക്ക് മാറാനുള്ള കാരണം. കൊറിയയുടെ സംസ്‌കാരവും ഭാഷയും കാരണമാണ് താൻ കൊറിയയിലേക്ക് മാറിയതെന്ന് സോഗാംഗ് സർവകലാശാലയിലെ വിദ്യാർഥിയായ ഫയാസ് ഷിഫ പറയുന്നു. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് കൊറിയ വലിയ അവസരമാണ്.

ഡിജിറ്റൽ പുരോഗതിയുടെയും ഉയർന്ന സാങ്കേതികവിദ്യയുടെയും മുൻനിര കേന്ദ്രമെന്ന നിലയിൽ ശാസ്ത്രം, ഗവേഷണം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ദക്ഷിണ കൊറിയ ജനപ്രിയ കേന്ദ്രം കൂടിയാണ്. മറ്റ് ദേശീയ സർവകലാശാലകളേക്കാൾ വിദ്യാഭ്യാസ ചെലവ് ദ.കൊറിയയിൽ കുറവാണെന്ന് ക്വാങ്‌വൂൺ സർവകലാശാലയിൽ നിന്നുള്ള ഡോ.ശ്വേത ബോർക്കർ പറയുന്നു. ഇവിടത്തെ നാനോ ടെക്നോളജിയും മികച്ചതാണ്. വരും വർഷങ്ങളിൽ കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ ആകർഷിക്കാനുള്ള പദ്ധതികളാണ് കൊറിയയിൽ ഒരുങ്ങുന്നത്.

Tags:    
News Summary - South Korean education scholarships, K pop, Science and technology influence Indian Students Decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.