representational image

ബി.എൽ.ഒമാരായി അധ്യാപകർ; പഠന പ്രതിസന്ധിക്ക് പരിഹാരമായി 10,000 ത്തിലേറെ താത്കാലിക അധ്യാപകർ എത്തും, സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: എസ്.ഐ.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി അധ്യാപകരടക്കമുള്ള സർക്കാർ ജീവനക്കാരെ ബി.എൽ.ഒമാരായി(ബൂത്ത് ലെവൽ ഓഫീസർ) നിയമിച്ചതോടെ സ്കൂളുകളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായിരുന്നു.

അധ്യാപക സംഘടനകളുടെ ഉൾപ്പെടെയുള്ളവരുടെ ആവശ്യം പരിഗണിച്ച് പഠനം മുടങ്ങാതിരിക്കാൻ താത്കാലിക അധ്യാപകരെ നിയമിക്കാനാണ് സർക്കാറിന്റെ തീരുമാനം. 10,000 ത്തിലേറെ അധ്യാപകരെ താത്കാലികമായി നിയമിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

സർക്കാർ സ്കൂളുകളിലെ അധ്യാപകരെ ബി.എൽ.ഒമാരാക്കിയത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് കാണിച്ച് കെ.എസ്.ടി.എ ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി മന്ത്രി വി. ശിവൻകുട്ടിക്ക് നൽകിയിരുന്നു.

താത്‌കാലിക അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എസ്.ടി.എ, കെ.പി.പി.എച്ച്.എ എന്നീ സംഘടനകളും നിവേദനം നൽകിയിരുന്നു. സംസ്ഥാനത്തെ എസ്‌.ഐ.ആർ പ്രവർത്തനങ്ങൾക്കായി നിയോഗിച്ച 30,000 പേരിൽ പതിനായിരത്തിലേറെപ്പേർ സർക്കാർ സ്കൂളുകളിലെ അധ്യാപകരാണ്. 

സ്കൂൾ ഉച്ചഭക്ഷണം: പ്രഥമാധ്യാപകർ വീണ്ടും കുരുക്കിൽ

കൊച്ചി: സ്കൂൾ ഉച്ചഭക്ഷണത്തുക മൂന്ന് മാസമായി കുടിശ്ശികയായതോടെ ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതമൂലം പ്രഥമാധ്യാപകർ വീണ്ടും ദുരിതത്തിൽ. പല ജില്ലകളിലായി ഏഴ് ലക്ഷം രൂപ വരെ ബാധ്യതയുള്ള പ്രധാനാധ്യാപകരുണ്ട്. കേന്ദ്രവിഹിതം ലഭിക്കാത്തതുകൊണ്ടാണ് ഫണ്ട് അനുവദിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ സംസ്ഥാന സർക്കാറിന്റെ പദ്ധതിയായ പോഷകാഹാര പരിപാടിയിൽ പാൽ, മുട്ട എന്നിവ വിതരണം ചെയ്ത ഇനത്തിലും ഫണ്ട്‌ കുടിശ്ശികയാണെന്ന് അധ്യാപകർ പറയുന്നു.

ഫണ്ട് മുൻകൂറായി അനുവദിക്കാതെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ സാധ്യമല്ലെന്നും സർക്കാറിന്‍റെ നിസ്സംഗത പ്രതിഷേധാർഹമാണെന്നുമാണ് അധ്യാപകരുടെ നിലപാട്. സ്വന്തം പണംമുടക്കി പദ്ധതി നടപ്പാക്കി ബില്ലും വൗച്ചറും സമർപ്പിച്ച് അംഗീകാരം വാങ്ങിയശേഷം കരാറുകാരെപ്പോലെ ഫണ്ട് വരുന്നതുവരെ കാത്തുനിൽക്കേണ്ട ഗതികേടിലാണ് പ്രഥമാധ്യാപകർ.

ഫണ്ട് അനുവദിക്കാതെ സർക്കുലർ ഇറക്കിയതുകൊണ്ട് മാത്രം പദ്ധതി മുന്നോട്ട് പോകില്ലെന്നും അവർ പറയുന്നു. സർക്കാർ നിസ്സംഗത തുടർന്നാൽ കോടതിയെ സമീപിക്കേണ്ടിവരുമെന്നും അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്നും കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.ജി.പി.എസ്.എച്ച്.എ) സംസ്ഥാന പ്രസിഡന്‍റ് ബിജു തോമസും ജനറൽ സെക്രട്ടറി ഇ.ടി.കെ. ഇസ്മയിലും ആവശ്യപ്പെട്ടു.

Tags:    
News Summary - SIR: Government decides to appoint over 10,000 temporary teachers in schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.