ഇടുക്കി ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങൾക്ക് പൂട്ട് വീഴുന്നു

തൊടുപുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഏകാധ്യാപക വിദ്യാലയങ്ങൾ ഈ അധ്യയനവർഷത്തോടെ പൂട്ടാൻ നീക്കം ആരംഭിച്ചതോടെ ആദിവാസി മേഖലയിലെയടക്കമുള്ള വിദ്യാർഥികൾ ആശങ്കയിൽ. ജില്ലയിൽ 60 ഏകാധ്യാപക വിദ്യാലയങ്ങളിലായി 616 കുട്ടികൾ പഠിക്കുന്നെന്നാണ് കണക്കുകൾ. ഇതിൽ പല വിദ്യാലയങ്ങളും കുട്ടികൾ കുറഞ്ഞ സാഹചര്യത്തിൽ അടച്ചുപൂട്ടിയിരുന്നു. ശേഷിക്കുന്നവ കൂടി പൂട്ടാനുള്ള നടപടികളാണിപ്പോൾ പുരോഗമിക്കുന്നത്. വിദൂര ആദിവാസി മേഖലകളിലടക്കം ഒട്ടേറെ കുട്ടികൾക്ക് ഏകാധ്യാപക വിദ്യാലയങ്ങൾ പ്രയോജനപ്പെട്ടിരുന്നു. വിദ്യാലയങ്ങൾ പൂട്ടുന്നതോടെ ഇനി കിലോമീറ്റർ അകലെയുള്ള സ്കൂളുകൾ തേടി പോകണം.

20 കുട്ടികൾ വരെ പഠിക്കുന്ന ഏകാധ്യാപക വിദ്യാലയങ്ങൾ ജില്ലയിലുണ്ട്. ഇവിടങ്ങളിൽ വിദ്യ വളന്‍റിയറായി ജോലി നോക്കുന്നവരെ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകൾ അനുസരിച്ചു സ്വീപ്പർ തസ്തികകളിൽ (പി.ടി.സി.എം, എഫ്.ടി.എം) നിയമിക്കാനാണ് നീക്കം. ഇവിടെയുള്ള വിദ്യാർഥികളെ അടുത്തുള്ള മറ്റ് സ്കൂളുകളിലേക്കു മാറ്റാനാണ് ഉദ്ദേശിക്കുന്നത്. പരമാവധി പേർക്ക് റെസിഡൻഷ്യൽ സ്കൂളുകളിൽ പഠനസൗകര്യം ഒരുക്കും. മറ്റുള്ളവർക്ക് സർക്കാർ പദ്ധതികളിലൂടെ യാത്രാസൗകര്യം ഒരുക്കാനാണ് തീരുമാനം. പിന്നാക്ക മേഖലകളിലെല്ലാം മോഡൽ റെസിഡൻഷ്യൽ സ്കൂളുകളടക്കം ആരംഭിച്ച സാഹചര്യത്തിലാണ് ഏകാധ്യാപക വിദ്യാലയങ്ങളും പൂട്ടുന്നതെന്നാണ് സർക്കാർ വാദം. 1997ൽ ഗോത്രവർഗ മേഖലയിലെയും തീരപ്രദേശങ്ങളിലെയും കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനുവേണ്ടി സർക്കാർ ഡി.പി.ഇ.പിയിൽപ്പെടുത്തി സംസ്ഥാനമെമ്പാടും ആരംഭിച്ചതാണ് ഏകാധ്യാപക വിദ്യാലയങ്ങളായ മൾട്ടി ഗ്രേഡ് ലേണിങ് സെന്‍ററുകൾ (എം.ജി.എൽ.സി). 2003 മുതൽ 2011 വരെ സർവശിക്ഷ അഭിയാൻ വഴി കേന്ദ്രസർക്കാർ സാമ്പത്തിക സഹായം നൽകിയിരുന്നു. ഇപ്പോൾ സംസ്ഥാനസർക്കാറിന് കീഴിലെ പൊതുവിദ്യാഭ്യാസ വകുപ്പിനാണ് ചുമതല. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരും പിന്നീട് പല കാലത്തായി നിയമിതരായി. അതേസമയം ഏകാധ്യാപക വിദ്യാലയങ്ങൾ പൂട്ടുന്ന വിഷയത്തിൽ സർക്കാർ ജാഗ്രതപൂർവം പ്രവർത്തിക്കണമെന്ന് ഓൾട്ടർനേറ്റിവ് സ്കൂൾ ടീച്ചേഴസ് അസോ. പ്രസിഡന്‍റ് എ.പി. ഉസ്മാൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Single teacher in Idukki district Schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.