തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ 83.49 കോടി വിതരണം ചെയ്യാനുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി. 2023 ജൂൺ, ജൂലൈ മാസങ്ങളിൽ ഉച്ചഭക്ഷണം വിതരണം ചെയ്ത ഇനത്തിലാണ് സ്കൂളുകൾക്ക് നൽകാനുള്ളത്.
മൂന്ന് വ്യത്യസ്ത സ്ലാബുകളിലായാണ് തുക അനുവദിക്കുന്നത്. സ്ളാബ് ഒന്ന് -150 കുട്ടികൾ വരെ - കുട്ടിയൊന്നിന് പ്രതിദിനം എട്ടു രൂപ. സ്ളാബ് രണ്ട്-151 മുതൽ 500 കുട്ടികൾ വരെ കുട്ടിയൊന്നിന് പ്രതിദിനം ഏഴ് രൂപ. സ്ളാബ് മൂന്ന് - 500 ന് മുകളിൽ കുട്ടിയൊന്നിന് പ്രതിദിനം ആറ് രൂപയാണ് അനുവദിക്കുന്നത്.
കുട്ടിയൊന്നിന് അഞ്ചു രൂപ നിരക്കിലാണ് തുക നേരത്തെ അനുവദിച്ചിരുന്നത്. അത് പുതുക്കി നിശ്ചയിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ ഫുഡ് ബാസ്ക്കറ്റിൽ ഉൾപ്പെടുന്ന ചില ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വന്നിട്ടുള്ള വർധനവ് കണക്കിലെടുക്കുമ്പോൾ നിലവിൽ അനുവദിക്കുന്ന തുക അപര്യാപ്തമാണ്.
പദ്ധതി നടത്തിപ്പിന് സ്കൂളുകൾക്ക് അനുവദിക്കുന്ന തുക (മെറ്റീരിയൽ കോസ്റ്റ്) പരിഷ്കരിക്കുന്ന വിഷയം സർക്കാരിന്റെ പരിഗണനയിലാണ്. ഉച്ചഭക്ഷണ പദ്ധതിയിൽ ഒൻപത് മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തുന്നത് നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്നും മന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.