കർണാടകയിലെ സ്‌കൂളുകൾക്ക് കാവി നിറം പൂശാനുള്ള സർക്കാർ നീക്കം വിവാദത്തിൽ

ബംഗളൂരു: സർക്കാർ സ്കൂളുകൾക്ക് കാവിനിറം പൂശാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരെ വിവാദം. സ്വാമി വിവേകാനന്ദയുടെ പേരിൽ ആരംഭിച്ച വിവേക പദ്ധതിയുടെ ഭാഗമായി നിർമിച്ച 8,000 സ്‌കൂളുകൾക്കാണ് കാവി പെയിന്റ് അടിക്കാൻ സർക്കാർ തീരുമാനിച്ചത്. കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞദിവസം കൽബുർഗിയിൽ വിദ്യദാന സമിതി എജ്യുക്കേഷൻ സൊസൈറ്റിയുടെ ശതാബ്ദി ആഘോഷ ചടങ്ങിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം. സ്‌കൂളിലെ ക്ലാസ്മുറികൾക്ക് കാവിനിറത്തിലുള്ള പെയിന്റ് അടിക്കും. ഇതിനു പിന്നിൽ പ്രത്യയശാസ്ത്രപരമായ പ്രേരണകളില്ലെന്നും കെട്ടിട നിർമാതാക്കൾ നിർദേശിച്ചതിനനുസരിച്ചാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും മന്ത്രി ബി.സി. നാഗേഷ് വിശദീകരിച്ചു.

സ്വാമി ​വിവേകാനന്ദനോടുള്ള ആദരസൂചകമായാണ് സ്കൂളുകൾ നിർമിച്ചതെന്നും അദ്ദേഹം ധരിച്ചിരുന്നത് കാവി നിറത്തിലുള്ള വസ്ത്രമാണിതെന്നുമാണ് ബി.ജെ.പി സ്കൂളുകൾ കാവി പൂശാൻ ന്യായീകരണമായി പറയുന്നത്.

കർണാടകയിലെ പൊതുവിദ്യാലയങ്ങളുടെ ഭാഗമായാണ് വിവേക പദ്ധതി നടപ്പാക്കുന്നത്. നിലവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണവും പുതിയ വിദ്യാലയങ്ങളുടെ നിർമാണവുമെല്ലാം പദ്ധതിയുടെ ഭാഗമാണ്. ഇതിനായി 992 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുള്ളത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് 7,000 ക്ലാസ്മുറികളും കല്യാണ കർണാടക റീജ്യനൽ ഡെവലപ്‌മെന്റ് ബോർഡ് ഫണ്ടു കൊണ്ട് ആയിരം ക്ലാസ്മുറികളും നിർമിക്കും.

സർക്കാർ സ്കൂളുകളും കോളജുകളും നടത്തിക്കൊണ്ടുപോകുന്നത് നികുതി ദായകരാണ്. ഇതെല്ലാം ഒരു മതത്തിന്റെ കീഴിലാക്കാൻ വിദ്യാഭ്യാസ മന്ത്രിക്ക് ഒരു തരത്തിലുമുള്ള അധികാരമില്ല. വിദ്യാഭ്യാസസമ്പ്രദായത്തെ മതവത്കരിക്കാനുള്ള മന്ത്രിയുടെ നീക്കം ഒരു തരത്തിലും സ്വീകാര്യമല്ലെന്നും കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദ് മുന്നറിയിപ്പു നൽകി.

അതേസമയം, എല്ലാ കാര്യങ്ങളിലും കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബി.​ജെ.പിയുടെ വാദം. സംഭവം പ്രതിപക്ഷം വിവാദമാക്കിയതോടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ന്യായീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ''നമ്മുടെ ദേശീയപതാകയിൽ കാവിനിറമുണ്ട്. എന്തിനാണ് കാവിനിറം പറഞ്ഞ് അവർ ദേഷ്യപ്പെടുന്നത്? സ്വാമി വിവേകാനന്ദയുടെ പേരിൽ നിർമിച്ച സ്‌കൂൾ കെട്ടിടങ്ങളാണവ. വിവേകാനന്ദ ഒരു സന്ന്യാസിയായിരുന്നു. കാവിതലപ്പാവ് ധരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. വിവേക എന്ന വാക്കിനർത്ഥം എല്ലാവർക്കും വിദ്യാഭ്യാസം എന്നതാണ്. അവരെ പഠിക്കാൻ അനുവദിക്കൂ.''-ബസവരാജ് ബൊമ്മൈ പറഞ്ഞു.


Tags:    
News Summary - Saffron paint for karnataka government school classrooms sparks row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.