ഉള്ള്യേരി (കോഴിക്കോട്): പുതിയ അധ്യയന വർഷം സർക്കാർ സ്കൂളുകളിലെ താൽക്കാലിക നിയമനങ്ങളിലും സംവരണം പാലിക്കാൻ ഉത്തരവ്. ആദ്യ ഒഴിവ് മെറിറ്റ് അടിസ്ഥാനത്തിലും രണ്ടാമത്തെ ഒഴിവ് സംവരണ വിഭാഗത്തിലും നൽകണം. പട്ടിക വിഭാഗങ്ങളിലും മറ്റ് പിന്നാക്ക വിഭാഗങ്ങളിലും (ഒ.ബി.സി) പെട്ടവർക്കാണ് സംവരണം. ഇതടക്കം സർക്കാർ സകൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങളിൽ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് സർക്കാർ ഉത്തരവിറക്കി.
ഹൈകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അതത് ജില്ലകളിലെ പി.എസ്.സി റാങ്ക് പട്ടികയിൽപെട്ട ഉദ്യോഗാർഥികൾക്ക് അവരുടെ റാങ്ക് അടിസ്ഥാനത്തിൽ പ്രഥമ പരിഗണന നൽകണമെന്നും ചുരുക്ക പട്ടികയാണ് നിലവിലുള്ളതെങ്കിൽ പ്രായക്കൂടുതൽ ഉള്ളവർക്ക് മുൻഗണന നൽകണമെന്നും ഉത്തരവിൽ പറയുന്നു.
സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തതും രജിസ്ട്രേഷൻ പുതുക്കി വരുന്നതുമായ യോഗ്യതയുള്ള ഉദ്യോഗാർഥികളെ രജിസ്റ്റർ നമ്പർ, പ്രായം എന്നീ ക്രമത്തിൽ രണ്ടാമതായി പരിഗണന നൽകണം. ഉദ്യോഗാർഥികൾ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് ഹാജരാക്കുകയും വേണം. മേൽ സൂചിപ്പിച്ച രണ്ട് വിഭാഗത്തിലും ഉദ്യോഗാർഥികൾ ഇല്ലെങ്കിൽ മാത്രമേ നിശ്ചിത യോഗ്യതയുള്ള മറ്റ് അപേക്ഷകരെ പരിഗണിക്കേണ്ടതുള്ളൂ. ഒരാൾക്ക് ഒരു സ്ഥാപനത്തിൽ പരമാവധി അഞ്ച് തവണ മാത്രമേ ദിവസ വേതന നിയമനം നൽകാവൂ എന്നും ഉത്തരവിൽ പറയുന്നു.
നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കിൽ സ്കൂൾ കലണ്ടർ പ്രകാരമുള്ള അവസാന പ്രവൃത്തിദിനം വരെ തുടരാൻ അനുവദിക്കാം. നിയമനശേഷം ഒഴിവില്ലാതെ വരുന്ന സാഹചര്യം വന്നാൽ റാങ്ക് പട്ടികയിൽ താഴെ വരുന്ന വ്യക്തി ആദ്യം പുറത്ത് പോകേണ്ടിവരുമെന്ന നിബന്ധന പാലിക്കണം. സ്കൂൾ സ്ഥിതിചെയ്യുന്ന തദ്ദേശ സ്ഥാപനത്തിലെ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ, സ്കൂൾ പ്രധാനാധ്യാപകൻ, അതത് വിഷയങ്ങളിലെ സീനിയർ അധ്യാപകൻ എന്നിവർ മാത്രമേ ഇന്റർവ്യൂ ബോർഡിൽ ഉണ്ടാവാൻ പാടുള്ളൂ എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപെട്ടവർക്കെല്ലാം ഒരേ വെയ്റ്റേജ് ആണ് നൽകിയിരുന്നത്. റാങ്ക് അനുസരിച്ച് വെയ്റ്റേജ് നൽകുന്നതോടെ നിയമനം കൂടുതൽ സുതാര്യമാവും. അതേസമയം, എംപ്ലോയ്മെന്റ് രജിസ്ട്രേഷനോ രജിസ്ട്രേഷൻ സീനിയോറിറ്റിയോ പ്രായമോ ഒന്നും ഇതുവരെ നിയമനത്തിന് പരിഗണിച്ചിരുന്നില്ല. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ നടത്താത്തവർക്കും പുതുക്കാത്തവർക്കും പുതിയ ഉത്തരവ് തിരിച്ചടിയാവുകയുംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.