ആലപ്പുഴ: ഒന്നാം ക്ലാസിൽ ചേരാൻ കുട്ടികൾക്കായി പ്രവേശനപരീക്ഷ നടത്തുന്ന വിദ്യാലയങ്ങളുടെ അംഗീകാരം റദ്ദാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം സ്വാഗതസംഘം രൂപവത്കരണയോഗത്തിന് മുന്നോടിയായി ആലപ്പുഴ കലവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില സ്കൂളുകളിൽ ഇത്തരം പരീക്ഷ നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അത് ഒരുകാരണവശാലും അംഗീകരിക്കില്ല. പ്ലസ്വൺ അഡ്മിഷന്റെ കാര്യത്തിലും ക്രമക്കേട് അനുവദിക്കില്ല. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപടിയുണ്ടാകും. മാനേജ്മെന്റ് സീറ്റുകളുടെ പേരിൽ ചില അൺഎയ്ഡഡ് സ്ഥാപനങ്ങൾ എസ്.എസ്.എൽ.സി ഫലം പുറത്തുവരുന്നതിന് മുമ്പേ അഡ്മിഷൻ പൂർത്തിയാക്കി.
പ്ലസ്വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സീറ്റ് കിട്ടും. മലപ്പുറത്ത് ഉൾപ്പെടെ ഇത് സാധ്യമാകും. പി.ടി.എ ഫണ്ടായി ചെറിയതുക വാങ്ങാൻ സർക്കാർ ഉത്തരവുണ്ട്. അത് ലംഘിച്ച് ചില സ്കൂളുകളിൽ 5,000 മുതൽ 10,000 രൂപവരെ വാങ്ങുന്നുണ്ട്. രക്ഷകർത്താക്കൾ ഒരുകാരണവശാലും ആ പണം നൽകരുത്. അതിന്‍റെ പേരിൽ ഒരുകുട്ടിയുടെയും അഡ്മിഷൻ തടഞ്ഞുവെക്കില്ല -മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.