ചോദ്യചോര്‍ച്ച: പ്രിൻസിപ്പലിനെതിരെ ജാമ്യമില്ലാ കേസ്, അഫിലിയേഷൻ റദ്ദാക്കിയേക്കും

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല ബി.സി.എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ വാട്സ്ആപ് വഴി ചോര്‍ത്തിയ കേസിൽ പാലക്കുന്ന് ഗ്രീന്‍വുഡ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്​ പ്രിൻസിപ്പൽ പി. അജേഷിനെതിരെ ജാമ്യമില്ലാ വകുപ്പ്​ ചുമത്തി കേസടുത്തു. സർവകലാശാല രജിസ്ട്രാർ പ്രഫ. വി.എ. വിൽസന്റെ പരാതിയിലാണ് കേസ്.

മാർച്ച് 17 മുതൽ ഏപ്രിൽ മൂന്നുവരെ സർവകലാശാലയിൽനിന്ന് ഗ്രീൻവുഡ് കോളജിലേക്ക് ഇ മെയിൽ വഴി അയച്ച ചോദ്യപേപ്പറിലെ ചോദ്യങ്ങൾ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരീക്ഷക്കുമു​മ്പ് പരസ്യപ്പെടുത്തി വിശ്വാസവഞ്ചനയും ചതിയും ചെയ്തെന്നാണ് കേസ്. ഭാരതീയ ന്യായസംഹിത 203-316 (4), 318 (4) വകുപ്പനുസരിച്ചാണ് കേസ്. അന്വേഷണച്ചുമതല ബേക്കൽ എസ്.ഐ എം. സതീശനാണ്.

കഴിഞ്ഞ 13ന് ആണ് പൊലീസിൽ പരാതി ലഭിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് കോളജിലെ പരീക്ഷാകേന്ദ്രം സര്‍വകലാശാല മാറ്റി. ചോർച്ച അന്വേഷിക്കുന്ന സർവകലാശാല പ്രത്യേകസമിതി കോളജിന്റെ അഫിലിയേഷൻ റദ്ദാക്കാനുള്ള ശിപാർശ നൽകിയേക്കുമെന്ന് സൂചനയുണ്ട്​. 

Tags:    
News Summary - Question leakage Non-bailable case against principal, affiliation may be cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.