വിസ്ഡം ഇസലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ മംഗലാപുരത്ത് സംഘടിപ്പിച്ച 29 മത് പ്രൊഫ്കോൺ സമാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡണ്ട് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്യുന്നു
മംഗളൂരു: പ്രഫഷനൽ കോഴ്‌സുകൾക്കുള്ള പ്രവേശന നടപടികൾ ദേശീയ തലത്തിൽ ഏകീകരിക്കാൻ അധികൃതർ തയാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ. മംഗലാപുരത്ത് സംഘടിപ്പിച്ച 29 മത് പ്രൊഫ്കോൺ ആഗോള പ്രഫഷണൽ വിദ്യാർഥി സമ്മേളനത്തിലാണ് ആവശ്യം.
പല ഘട്ടങ്ങളിലായി നടക്കുന്ന വിവിധ സ്ട്രീം പ്രവേശന നടപടികൾ വിദ്യാർഥികൾ വലക്കുകയും നടപടികളിൽ നീണ്ട സാവകാശം വരുത്തുകയും ചെയ്യുന്നുണ്ടെന്നും ഇതിനെ കൃത്യമായി ഏകോപിപ്പിച്ച് ഏകീകൃത വിദ്യാഭ്യാസ കലണ്ടർ സാധ്യമാക്കണം സമ്മേളനം ആവശ്യപ്പെട്ടു.
വിദ്യാർഥികളുടെ മാനസികാരോഗ്യം സംബന്ധിച്ച് ഉയരുന്ന ആശങ്കകളെ അഭിമുഖീകരിക്കാൻ അധികൃതർ സമഗ്രമ കർമപദ്ധതികൾ തയാറാക്കണം. സാമൂഹ്യ മാധ്യമങ്ങളുടെ വർധിച്ച ഉപയോഗം വിദ്യാർഥികളിലുണ്ടാക്കുന്ന സ്വാധീനം ഗൗരവത്തിലെടുക്കണം.
വിദ്യാർഥികൾക്കിടയിൽ വർധിച്ചു വരുന്ന ആത്മഹത്യ നിരക്കുകൾ ഭീതിപ്പെടുത്തുന്നതാണ്. 2024 ൽ ആസ്ട്രേലിയയിൽ ഉൾപ്പെടെ ഏഴോളം രാഷ്ട്രങ്ങളിൽ 16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂർണ നിരോധനവും മറ്റുള്ളവർക്ക് പാരൻറൽ കൺസെൻറോടെയുള്ള നിയന്ത്രണവും ഏർപ്പെടുത്തിയ നടപടികൾ മാതൃകയാക്കണം. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇന്ത്യയിൽ ഉടനീളം പ്രായ പരിധി നിശ്ചയിക്കുന്നതും പരിഗണിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഞായറാഴ്ച നടന്ന വിവിധ സെഷനുകളിലായി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, ഫൈസൽ മൗലവി പുതുപ്പറമ്പ്, ലജ്നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ സെക്രട്ടറി ശമീർ മദീനി, മുഹമ്മദ് സ്വാദിഖ് മദീനി, വിസ്ഡം യൂത്ത് സംസ്ഥാന നിർവാഹക സമിതി അംഗം സി. മുഹമ്മദ് അജ്മൽ, യാസിർ അൽ ഹികമി, മുഹമ്മദ് ബിൻ ഷാക്കിർ, ശൈഖ് അബ്ദുസ്സലാം മദനി, ശഫീഖ് ബിൻ റഹീം, ഹംസ ഷാക്കിർ അൽഹികമി, അജ്‌വദ് ചെറുവാടി, ഡോ. മുഹമ്മദ് മുബഷിർ ടി.സി എന്നിവർ പ്രബന്ധാവതരണങ്ങൾ നടത്തി.
പ്രോഫ്‌ലൂമിന അവാർഡ് ഫോർ എക്സലൻസ്’ പുരസ്കാരം എൻ.ഐ.ടി കാലിക്കറ്റ് ഗോൾഡ് മെഡലിസ്റ്റ് മുഹമ്മദ് അമീന് പ്രോഫ്കോൺ സ്വാഗതസംഘം ചെയർമാൻ അഡൂർ ബി. ഇബ്രാഹീം ഐ.എ.എസ് (റിട്ട.) സമ്മാനിച്ചു.
സമാപന സമ്മേളനം പ്രമുഖ പണ്ഡിതനും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ അധ്യക്ഷത വഹിച്ചു. അലൈഡ് ഹെൽത്ത് കൗൺസിൽ ചെയർമാൻ ഡോ. യു.ടി. ഇഫ്തിക്കർ പരീദ് മുഖ്യാതിഥിയായി.
ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നിർവഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ്, കർണ്ണാടക സലഫി അസോസിയേഷൻ പ്രസിഡന്റ് ഡോ. ഹഫീസ് സ്വലാഹി എന്നിവർ ആശംസകൾ നേർന്നു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറിമാരായ കാബിൽ സി.വി. സ്വാഗതവും അബ്ദുൽ മജീദ് ചുങ്കത്തറ നന്ദിയും പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും, ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ, ഡൽഹി തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെയും വിദേശത്തെയും ഉന്നത സർവകലാശാലങ്ങളിൽ നിന്നും നൂറുകണക്കിന് പ്രഫഷണൽ വിദ്യാർഥി പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.