പ്രാപ്യതയും ഗുണനിലവാരവുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമീപകാല സംവാദങ്ങളെല്ലാം. സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പെരുകിയതോടെ പ്രാപ്യതയുമായി ബന്ധപ്പെട്ട ചർച്ചകൾ കുറയുകയും ഗുണനിലവാരവുമായി ബന്ധപ്പെട്ടുള്ളത് വർധിക്കുകയും ചെയ്തു. രാജ്യത്ത് സ്കൂൾതലത്തിൽ കുട്ടികളുടെ ഏറ്റവും കുറഞ്ഞ കൊഴിഞ്ഞുപോക്ക് നിരക്കുള്ള സംസ്ഥാനമാണ് കേരളം. ദേശീയ ശരാശരി എൽ.പിതലത്തിൽ 4.1ഉം യു.പിയിൽ 4ഉം സെക്കൻഡറിയിൽ 17.1ഉം ആണെങ്കിൽ കേരളത്തിൽ ഇത് ശരാശരി 0.08 ആണ്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിശ്ചിത പ്രായഗ്രൂപ്പിൽ 41.3% ആണ് എൻറോൾമെൻറ് അനുപാതം (ജി.ഇ.ആർ). ഇത് ദേശീയ ശരാശരിക്ക് (28.4%) മുകളിലാണെങ്കിലും സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ കേരളം തുടരുന്ന മികവിന് ആനുപാതികമായ നേട്ടമല്ല എന്നതാണ് യാഥാർഥ്യം.
ജി.ഇ.ആർ 75 ശതമാനത്തിലെങ്കിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടാം പിണറായി വിജയൻ സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി നിയോഗിച്ച ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്കാര കമീഷൻ വിശദമായ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടിലെ പ്രധാന ശിപാർശകളിൽ ഒന്നായിരുന്നു സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകണമെന്നത്. ശിപാർശ ഫെബ്രുവരി പത്തിന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകരിച്ചു. മാർച്ചിൽ ചേരുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കുകയും ഗവർണർ ഒപ്പുവെക്കുകയും ചെയ്യുന്നതോടെ സ്വകാര്യ സർവകലാശാലകൾക്ക് അതിർത്തി കടന്നുവരാനുള്ള തടസ്സങ്ങൾ നീങ്ങും.
സ്വകാര്യ സർവകലാശാല?
കേന്ദ്ര/ പ്രൊവിൻഷ്യൽ/ സംസ്ഥാന നിയമങ്ങളിലൂടെ സ്ഥാപിതമാകുകയും ബന്ധപ്പെട്ട സർവകലാശാലയുമായി ആലോചിച്ച് നിയമപ്രകാരം യു.ജി.സി അംഗീകാരം നൽകുന്ന സ്ഥാപനങ്ങളെയാണ് യു.ജി.സി ആക്ട് സർവകലാശാല എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ, സംസ്ഥാന/ കേന്ദ്രനിയമത്തിലൂടെ ഒരു സ്പോൺസറിങ് ബോഡി അല്ലെങ്കിൽ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്ട് 1860 പ്രകാരമുള്ള സൊസൈറ്റിയോ സ്ഥാപിച്ച സർവകലാശാലയെ ആണ് സ്വകാര്യ സർവകലാശാലയായി യു.ജി.സി വിവക്ഷിക്കുന്നത്. രാജ്യത്ത് നാലുതരം സർവകലാശാലകൾക്കാണ് യു.ജി.സി നിയമം വ്യവസ്ഥ ചെയ്യുന്നത്. കേന്ദ്ര സർവകലാശാലകൾ, സംസ്ഥാന സർവകലാശാലകൾ, കൽപിത സർവകലാശാലകൾ (ഡീംഡ് ടു ബി യൂനിവേഴ്സിറ്റി), സംസ്ഥാന സ്വകാര്യ സർവകലാശാലകൾ എന്നിവയാണ് അവ.
2003ൽ പുറത്തിറക്കിയ റെഗുലേഷൻ മാത്രമാണ് സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട യു.ജി.സി രേഖ. സംസ്ഥാനങ്ങൾക്ക് പ്രത്യേക നിയമനിർമാണത്തിലൂടെ സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ പരമാധികാരമുണ്ടെന്ന് 2005ലെ പ്രഫ. യശ്പാൽ Vs. സ്റ്റേറ്റ് ഓഫ് ഛത്തിസ്ഗഢ് കേസിൽ സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി. സർക്കാർ ഫണ്ടില്ലാതെ പൂർണമായും സ്വകാര്യ മൂലധനം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ് സ്വകാര്യ സർവകലാശാലകൾ. ഇക്കാര്യം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച കരട് ബില്ലിലും വ്യക്തമാക്കിയിട്ടുണ്ട്.
കേരളം എന്തുകൊണ്ട് വൈകി
സ്കൂൾ, ഉന്നത വിദ്യാഭ്യാസ മേഖലയിലെല്ലാം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ ശക്തിപ്പെടണമെന്ന നിലപാടാണ് മാറിമാറി വന്ന സർക്കാറുകൾ പൊതുവെ സ്വീകരിച്ചത്. ഇതിന്റെ തുടർച്ചതന്നെയാണ് ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. രണ്ടാം പിണറായി സർക്കാറിന്റെ കാലത്താണ് സംസ്ഥാനത്തെ സർവകലാശാലകളും സർക്കാർ, എയ്ഡഡ് കോളജുകളും കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ചെലവിൽനിന്ന് പൂർണമായും സംസ്ഥാനം പിൻവാങ്ങുന്ന സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ രൂക്ഷമായ സമരപരമ്പരകൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
1994 നവംബർ 24ന് കൂത്തുപറമ്പിലുണ്ടായ വെടിവെപ്പിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മരിച്ചു. സി.പി.എമ്മും വർഗ ബഹുജന സംഘടനകളും തന്നെയാണ് കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ വ്യാപക സമരവേദികൾ തുറന്നത്. എങ്കിലും ഇതിനുശേഷം കേരളം സ്വാശ്രയ വിദ്യാഭ്യാസവുമായി താദാത്മ്യം പ്രാപിച്ചു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് സ്വകാര്യ സർവകലാശാലക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും എതിർപ്പ് ശക്തമായതിൽ തുടർനടപടിയെടുത്തില്ല.
നിയന്ത്രണം, സംവരണം എങ്ങനെ?
വിദ്യാർഥി പ്രവേശനം, ഫീസ് എന്നിവയിലെ സർക്കാർ നിയന്ത്രണമാണ് അവയിൽ മെറിറ്റ് അടിസ്ഥാനത്തിലും സാമൂഹിക നീതി പാലിച്ചുമുള്ള പ്രവേശനം സാധ്യമാക്കുന്നത്. സ്വകാര്യ സർവകലാശാലകളിൽ പ്രവേശനം, ഫീസ് എന്നിവയിൽ സർക്കാറിന് ഒരു നിയന്ത്രണവും ഉണ്ടായിരിക്കില്ലെന്നാണ് കരട് നിയമത്തിൽതന്നെ വ്യക്തമാക്കുന്നത്. 40 ശതമാനം സീറ്റ് കേരളത്തിലെ വിദ്യാർഥികൾക്ക് നീക്കിവെച്ചതായും അതിൽ സംസ്ഥാനത്ത് നിലവിലുള്ള സംവരണ രീതി നടപ്പാക്കുമെന്നും പറയുന്നുണ്ട്. സംവരണത്തിൽ ഇനിയും വ്യക്തത വരേണ്ടതുണ്ട്.
വിസിറ്റർ പദവി ഒഴിവാക്കി
സ്വകാര്യ സർവകലാശാലയുടെ ഭരണപരമോ സാമ്പത്തികപരമോ ആയ വിവരങ്ങളും റെക്കോഡുകളും വിളിച്ചുവരുത്താൻ സർക്കാറിന് അധികാരമുണ്ടെന്ന വ്യവസ്ഥ കരട് നിയമത്തിലുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വകാര്യ സർവകലാശാലയുടെ വിസിറ്റർ ആയിരിക്കുമെന്നും വിസിറ്റർക്ക് സർവകലാശാലയുടെ ഏത് രേഖയും വിളിച്ചുവരുത്താനുള്ള അധികാരമുണ്ടായിരിക്കും എന്ന വ്യവസ്ഥ ആദ്യം തയാറാക്കിയ ബില്ലിൽ ഉണ്ടായിരുന്നെങ്കിലും സി.പി.ഐയുടെ എതിർപ്പിനെതുടർന്ന് വിസിറ്റർ പദവി ഒഴിവാക്കിയാണ് കരട് ബിൽ അംഗീകരിച്ചത്. ഇതുവഴി സ്വകാര്യ സർവകലാശാലകളെ നിയന്ത്രിക്കാനുള്ള പ്രധാന വഴികളിലൊന്നാണ് സർക്കാർ തന്നെ അടച്ചുകളഞ്ഞത്.
ഫീസിലേ പഠിക്കാനാകൂ
എസ്.സി, എസ്.ടി വിഭാഗത്തെ മാറ്റിനിർത്തിയാൽ ഉയർന്ന ഫീസ് നൽകി പഠിക്കാൻ കഴിയുന്നവർക്ക് മാത്രം പ്രാപ്യമാകുന്ന സ്ഥാപനങ്ങളായിരിക്കും ലാഭാധിഷ്ഠിതമായി പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ.
പൊതുവിദ്യാഭ്യാസത്തിന്റെ ഭാവി ?
ഉയർന്ന ഗുണനിലവാരവും കാമ്പസ് േപ്ലസ്മെൻറും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ സഹിതമാണ് സ്വകാര്യ സർവകലാശാലകൾ രംഗത്തുവരിക. സ്വാഭാവികമായും പണംമുടക്കി പഠിക്കാൻ കഴിയുന്ന വിഭാഗത്തിലെ നല്ലൊരു ശതമാനം ക്രമേണ സ്വകാര്യ സർവകലാശാലകളിലേക്ക് ചേക്കേറും. മധ്യവർഗത്തിൽനിന്നുള്ള നല്ലൊരു ശതമാനം വിദ്യാഭ്യാസ വായ്പയിലൂടെയും ഈ വഴി തെരഞ്ഞെടുക്കും. ഇത് രണ്ടും സംഭവിക്കുന്നതോടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മിടുക്കരായ വിദ്യാർഥികളിൽ നല്ലൊരു ശതമാനം കൊഴിഞ്ഞുപോകും. അവശേഷിക്കുന്നവരിൽ നല്ലൊരു ശതമാനവും സമൂഹത്തിലെ പിന്നാക്ക, ദരിദ്ര വിഭാഗങ്ങളിലെ കുട്ടികളുമാകും.
അധ്യാപക മേഖല
മികച്ച സ്വകാര്യ സർവകലാശാലകൾ ഏറ്റവും മികച്ച അധ്യാപകരെ കാമ്പസുകളിലെത്തിക്കാനുള്ള ശ്രമങ്ങളുമാണ് നടത്തുന്നത്. ഇതിനായി യു.ജി.സി സ്കെയിലിൽ ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടിത്തുകയുള്ള വാർഷിക പാക്കേജായാണ് ഇവർ മുന്നോട്ടുവെക്കുന്നത്. അപ്പോൾ പുതുതലമുറയിലെ മികച്ച അധ്യാപകർ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരാൻ മടിക്കും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഗത്ഭരായ അധ്യാപകർക്ക് മോഹവിലയിട്ട് സ്വകാര്യ സർവകലാശാലകൾ കൊണ്ടുപോകുന്ന സാഹചര്യവുമുണ്ടാകും. അതേസമയം, കേരളത്തിലെ തൊഴിലവസരക്കുറവ് കാരണം ബഹുരാഷ്ട്ര കുത്തക കമ്പനികളിൽ ജോലിക്കായി കയറുന്നവരിൽ ഒരു വിഭാഗമെങ്കിലും സ്വകാര്യ സർവകലാശാലകളിലെ പാേക്കജിൽ ആകൃഷ്ടരാകാനും സാധ്യതയുണ്ട്.
ഇടതുപക്ഷവും നയംമാറ്റവും
പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതുമുതൽ, പതിറ്റാണ്ടുകളായി സി.പി.എം പ്രത്യയശാസ്ത്രപരമായി എതിർത്തുപോന്നിരുന്ന പലതിനെയും വാരിപ്പുണരുന്ന കാഴ്ചയാണ് കണ്ടത്. സർക്കാർ പദ്ധതികളുടെ നടത്തിപ്പിന് സ്വകാര്യ കൺസൽട്ടൻസികളുടെ പ്രളയം പോലുള്ള ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് സ്വകാര്യ സർവകലാശാലകളുടെ കാര്യത്തിലും ദൃശ്യമായത്. 2016 ജനുവരിയിൽ യു.ഡി.എഫ് സർക്കാർ കോവളത്ത് നടത്തിയ അന്താരാഷ്ട്ര വിദ്യാഭ്യാസ സംഗമത്തിനെത്തിയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്ന ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐക്കാർ കരണത്തടിച്ച് നിലത്തിട്ടത് സ്വകാര്യ, വിദേശ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളിലുള്ള എതിർപ്പിനെതുടർന്നായിരുന്നു.
ലക്ഷ്യമിടുന്ന നേട്ടം
ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരവും പ്രാപ്യതയും ഉയർത്തൽതന്നെയാണ് സ്വകാര്യ സർവകലാശാലകളെ സ്വാഗതം ചെയ്യുന്നതിന് കാരണമായി സർക്കാറും പറയുന്നത്. ഉന്നത വിദ്യാഭ്യാസമേഖല കൂടുതൽ മത്സരക്ഷമമാകുമെന്നും അതുവഴി നിലവിലുള്ള സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങൾ നിലവാരം ഉയർത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നുമാണ് വിലയിരുത്തൽ.
പെരുകുന്ന സ്വകാര്യ സർവകലാശാലകൾ
കേന്ദ്ര സർവകലാശാലകൾ
സംസ്ഥാന സർവകലാശാലകൾ
നാലിലൊന്ന് വിദ്യാർഥികൾ ‘സ്വകാര്യ’ത്തിൽ
ആർക്ക് തുടങ്ങാം, എങ്ങനെ തുടങ്ങാം ?
നിയമസഭയിൽ അവതരിപ്പിക്കാനായി ‘2025ലെ കേരള സംസ്ഥാന സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും)’ എന്ന പേരിൽ തയാറാക്കിയ കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
പൊതുവിദ്യാഭ്യാസത്തിന്റെ ഭാവി ?
ഉയർന്ന ഗുണനിലവാരവും കാമ്പസ് േപ്ലസ്മെൻറും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ സഹിതമാണ് സ്വകാര്യ സർവകലാശാലകൾ രംഗത്തുവരിക. സ്വാഭാവികമായും പണംമുടക്കി പഠിക്കാൻ കഴിയുന്ന വിഭാഗത്തിലെ നല്ലൊരു ശതമാനം ക്രമേണ സ്വകാര്യ സർവകലാശാലകളിലേക്ക് ചേക്കേറും. മധ്യവർഗത്തിൽനിന്നുള്ള നല്ലൊരു ശതമാനം വിദ്യാഭ്യാസ വായ്പയിലൂടെയും ഈ വഴി തെരഞ്ഞെടുക്കും. ഇത് രണ്ടും സംഭവിക്കുന്നതോടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മിടുക്കരായ വിദ്യാർഥികളിൽ നല്ലൊരു ശതമാനം കൊഴിഞ്ഞുപോകും. അവശേഷിക്കുന്നവരിൽ നല്ലൊരു ശതമാനവും സമൂഹത്തിലെ പിന്നാക്ക, ദരിദ്ര വിഭാഗങ്ങളിലെ കുട്ടികളുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.