50 ശതമാനം സ്വാശ്രയ മെഡി. സീറ്റിൽ ഗവ. ഫീസ്: നിർദേശം നടപ്പായാൽ മൂന്ന് ഘടനയിലുള്ള ഫീസ് തിരിച്ചുവരും

തിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 50 ശതമാനം സീറ്റുകളിൽ സർക്കാർ മെഡിക്കൽ കോളജുകളിലേതിന് തുല്യമായ ഫീസ് ഏർപ്പെടുത്താനുള്ള ദേശീയ മെഡിക്കൽ കമീഷന്‍റെ നിർദേശം നടപ്പായാൽ സംസ്ഥാനത്ത് മൂന്ന് ഘടനയിലുള്ള ഫീസ് സമ്പ്രദായം തിരിച്ചുവരും. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 50 ശതമാനം സീറ്റിൽ സർക്കാർ മെഡിക്കൽ കോളജുകളിലെ ഫീസും 35 ശതമാനം സീറ്റിൽ ഉയർന്ന ഫീസും 15 ശതമാനം സീറ്റിൽ എൻ.ആർ.ഐ ഫീസും എന്ന ഘടനയിലേക്കായിരിക്കും മാറുക. അടുത്ത അധ്യയനവർഷം മുതൽ ഇത് നടപ്പാക്കാനാണ് സാധ്യത.

നിലവിൽ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 85 ശതമാനം സീറ്റിൽ 6.61 ലക്ഷം രൂപ മുതൽ 7.65 ലക്ഷം രൂപ വരെയാണ് ഫീസ്. 15 ശതമാനം വരുന്ന എൻ.ആർ.ഐ സീറ്റിൽ 20 ലക്ഷം രൂപയും. കോളജുകളുടെ വരവ് ചെലവ് കണക്ക് പരിശോധിച്ച് ഫീസ് നിർണയ സമിതിയാണ് ഫീസ് ഘടന നിശ്ചയിച്ചത്. 50 ശതമാനം സീറ്റിൽ സർക്കാർ മെഡിക്കൽ കോളജുകളിലെ ഫീസിന് തുല്യമാക്കാൻ (27580 രൂപ) തീരുമാനിച്ചാൽ 35 ശതമാനം സീറ്റിൽ ഫീസ് വർധന മാനേജ്മെന്‍റുകൾ ആവശ്യപ്പെടും.

50 ശതമാനം സീറ്റ് സർക്കാർ ഫീസിലേക്ക് മാറ്റുന്നത് കൂടി പരിഗണിച്ച് ഫീസ് നിർണയ സമിതി 35 ശതമാനം സീറ്റിലെ ഫീസും 15 ശതമാനം എൻ.ആർ.ഐ സീറ്റിലെ ഫീസും പുനർനിർണയിക്കേണ്ടിവരും. ഇതുസംബന്ധിച്ച് മെഡിക്കൽ കമീഷൻ ഫെബ്രുവരി മൂന്നിന് പുറപ്പെടുവിച്ച ഉത്തരവിൽ ഫീസ് നിർണയം നടത്തേണ്ടത് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ സമിതിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫീസ് നിർണയത്തിന് പരിഗണിക്കേണ്ട ഘടകങ്ങളും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

2016-17 അധ്യയനവർഷം വരെ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ സർക്കാറുമായുള്ള കരാറിൽ 50:50 അനുപാതത്തിലായിരുന്നു വിദ്യാർഥി പ്രവേശനം. ഇതിൽ സർക്കാറിന് ലഭിക്കുന്ന സീറ്റിന്‍റെ 40 ശതമാനത്തിൽ എസ്.ഇ.ബി.സി/ ബി.പി.എൽ വിദ്യാർഥികൾക്ക് ഗവ. കോളജുകളിലേതിന് തുല്യമായി 25000 രൂപയായിരുന്നു വാർഷിക ഫീസ്. സർക്കാറിന് ലഭിക്കുന്ന ബാക്കി സീറ്റിൽ രണ്ടര ലക്ഷം രൂപയുമായിരുന്നു ഫീസ്. മാനേജ്മെന്‍റിന് ലഭിക്കുന്ന 35 ശതമാനം സീറ്റിൽ 11 ലക്ഷം രൂപയും 15 ശതമാനം എൻ.ആർ.ഐ സീറ്റിൽ 15 ലക്ഷം രൂപയുമായിരുന്നു വാർഷിക ഫീസ്.

ഇതാണ് പിന്നീട് 2017-18 അധ്യയന വർഷം മുതൽ ഏകീകൃത ഫീസിലേക്ക് മാറിയത്. ദേശീയ മെഡിക്കൽ കമീഷൻ ഉത്തരവ് പ്രകാരമുള്ള ഫീസ് ഘടന നടപ്പാക്കുകയാണെങ്കിൽ 50 ശതമാനം സീറ്റിലേക്ക് സർക്കാർ കോളജുകളിൽ നിലവിലുള്ള 27580 രൂപ നിരക്കിൽ പ്രവേശനം നടത്തേണ്ടിവരും. ഫീസ് നിരക്കിൽ മാറ്റം വരുത്തിയാലും മുഴുവൻ സീറ്റുകളിലേക്കുമുള്ള അലോട്ട്മെന്‍റ് പ്രവേശന പരീക്ഷ കമീഷണറിൽ തന്നെ നിക്ഷിപ്തമാക്കും.

നിർദേശം പരിശോധനയിൽ; തീരുമാനമെടുത്തില്ല -അഡീ. ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 50 ശതമാനം സീറ്റിലേക്ക് സർക്കാർ കോളജിലെ ഫീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച ദേശീയ മെഡിക്കൽ കമീഷന്‍റെ നിർദേശം പരിഗണനയിലാണെന്നും ഇതുസംബന്ധിച്ച തീരുമാനം എടുത്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് പറഞ്ഞു. നിർദേശം നടപ്പാക്കുമ്പോൾ നേരിടാവുന്ന പ്രശ്നങ്ങൾ ഉൾപ്പെടെ പരിശോധിച്ചായിരിക്കും തീരുമാനമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി പറഞ്ഞു. കമീഷൻ നിർദേശം നടപ്പാക്കുന്നത് സംബന്ധിച്ച് സർക്കാറിൽ നിന്ന് തീരുമാനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറക്ക് നടപടികൾ സ്വീകരിക്കുമെന്നും ഫീസ് നിർണയ സമിതി അധ്യക്ഷൻ റിട്ട. ജസ്റ്റിസ് രാജേന്ദ്രബാബു അറിയിച്ചു. 

Tags:    
News Summary - Private self-financed medical colleges charge the same fees as government medical colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.