ബിരുദഫലം പുറത്ത് വരുന്നതിന് മുമ്പെ പ്രീതിക അറബിക് അധ്യാപികയായി

പട്ടാമ്പി: കരിങ്ങനാട് സലഫിയ്യ അറബിക് കോളജിൽ നിന്നും ബി.എ അഫ്ദലുൽ ഉലമ പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുന്ന പ്രീതികക്ക് അറബി അധ്യാപികയായി സർക്കാർ സ്കൂളിൽ നിയമനം. മലപ്പുറം ജില്ലയിൽ എടപ്പാൾ കോലൊളൊമ്പ് ഗവ.യു.പി സ്കൂളിൽ എൽ.പി വിഭാഗത്തിലാണ് പി.എസ്.സി വഴി നിയമനം കിട്ടിയത്.

പാലക്കാട് വേങ്ങശ്ശേരി കണ്ണേം കാട്ടിൽ വാസുദേവൻ -പ്രമീള ദമ്പതികളുടെ രണ്ടാമത്തെ മകളായ പ്രീതിക സലഫിയ്യ കോളേജ് ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം നടത്തിയിരുന്നത്. ബി.എ അഫ്ദലുൽ ഉലമക്ക് മുമ്പുള്ള രണ്ട് വർഷത്തെ പ്രിലിമിനറി യോഗ്യത നേടിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിയമന ഉത്തരവ് ലഭിച്ചിരിക്കുന്നത്. 30 ന്‌ മുമ്പ് ജോലിയിൽ പ്രവേശിക്കാനാണ് നിർദേശം.

താൻ പഠിച്ചിരുന്ന വേങ്ങശ്ശേരി, കടമ്പൂർ എന്നീ സ്കൂളുകളിൽ ഒന്നും അറബി പഠന സൗകര്യമില്ലാതിരുന്നതിനാൽ സലഫിയ്യ കോളേജിൽ ചേർന്ന ശേഷമാണ് അറബി അക്ഷരങ്ങൾ പഠിച്ച് തുടങ്ങുന്നത്. അധ്യാപകരുടേയും സഹപാഠികളുടേയും വലിയ പിന്തുണയാണ് തന്റെ വിജയ രഹസ്യമെന്ന് പ്രീതിക പറയുന്നു. വളരെ നേരത്തെ സ്ഥിര ജോലി ലഭിച്ച പ്രീതികയെ പ്രിൻസിപ്പൽ എ.കെ. ഈസ മദനി, അധ്യാപകർ, കമ്മിറ്റി ഭാരവാഹികളായ എൻ.ഹംസ. ഡോ. ഹബീബ് റഹ്മാൻ, ഹദ് യത്തുല്ല, ഡോ.പി. അബ്ദു തുടങ്ങിയവർ അഭിനന്ദിച്ചു. സംവരണ തസ്തികകളിൽ ധാരാളം ഒഴിവുകൾ നിലവിലുള്ളതിനാൽ അറബി പഠന രംഗത്തേക്ക് ഇപ്പോൾ ധാരാളം പേർ കടന്ന് വരുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.