തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ആകെയുള്ള 4,63,686 അപേക്ഷകരിൽ 2,49,540 പേർക്ക് അലോട്ട്മെന്റ്. മൊത്തം അപേക്ഷകരിൽ 45,851 പേർ രണ്ട് ജില്ലകളിൽ അപേക്ഷയുള്ളവരായതിനാൽ യഥാർഥ അപേക്ഷകരുടെ എണ്ണം 4,17,835 ആണ്. ഇതിൽ 1,68,295 അപേക്ഷകർക്കാണ് അലോട്ട്മെന്റ് ലഭിക്കാത്തത്. ഏകജാലക പ്രവേശനത്തിനായി ലഭ്യമായ മെറിറ്റ് സീറ്റുകളുടെ എണ്ണം 3,16,507 ആണ്. ഭിന്നശേഷിക്കാർക്ക് അധികമായി സൃഷ്ടിച്ച സീറ്റ് കൂടി പരിഗണിച്ചാൽ ആകെ സീറ്റുകളുടെ എണ്ണം 3,18,574.
ആദ്യ അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ 69,034 സീറ്റുകളാണ് ഒഴിവുള്ളത്. ഇതിൽ 69,007 സീറ്റുകൾ വിവിധ സംവരണ സീറ്റുകളാണ്. ജനറൽ മെറിറ്റിൽ ശേഷിക്കുന്നത് പാലക്കാട് ജില്ലയിലെ 17ഉം കൊല്ലം ജില്ലയിലെ ഒമ്പതും എറണാകുളത്തെ ഒന്നും ഉൾപ്പെടെ 27 സീറ്റുകൾ മാത്രമാണ്. ഒഴിവുള്ള സംവരണ സീറ്റുകൾ മൂന്നാം അലോട്ട്മെന്റിൽ ജനറൽ മെറിറ്റ് സീറ്റുകളാക്കി മാറ്റി അലോട്ട്മെന്റ് നടത്തും. ട്രയൽ അലോട്ട്മെന്റിനെ അപേക്ഷിച്ച് 2112 പേർ കൂടുതലായി ആദ്യ അലോട്ട്മെന്റിൽ ഇടംപിടിച്ചു. ട്രയൽ ഘട്ടത്തിൽ 2,47,428 പേർക്കായിരുന്നു അലോട്ട്മെന്റ്.
ആദ്യ അലോട്ട്മെന്റിൽ തന്നെ 11 ജില്ലകളിലെയും മുഴുവൻ ജനറൽ മെറിറ്റ് സീറ്റുകളിലേക്കും അലോട്ട്മെന്റ് പൂർത്തിയായി. കൂടുതൽ അപേക്ഷകരുള്ള മലപ്പുറം ജില്ലയിൽ, 82,498 പേരിൽ 40,566 പേർക്കാണ് ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ഉറപ്പായത്. ജില്ലയിലെ മൊത്തം അപേക്ഷകരിൽ 8096 പേർ ഇതര ജില്ലകളിൽ നിന്നുള്ളവരാണ്. ജില്ലയിൽ ഏകജാലക പ്രവേശനത്തിനായി 57,283 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ശേഷിക്കുന്ന 17,067 സീറ്റുകൾ പൂർണമായും സംവരണ സീറ്റുകളാണ്. മൂന്നാം അലോട്ട്മെന്റിൽ ഇവ ജനറൽ സീറ്റുകളാക്കി മാറ്റുന്നതോടെ, അത്രയും അപേക്ഷകർക്ക് കൂടി കൂടുതലായി അലോട്ട്മെന്റ് ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർക്ക് ഇന്ന് രാവിലെ പത്ത് മുതൽ ജൂൺ അഞ്ചിന് വൈകീട്ട് അഞ്ച് വരെ സ്കൂളുകളിൽ പ്രവേശനം നേടാം.
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷയിൽ വിജയ ശതമാനം കൂടുതൽ താഴ്ന്നത് കോമേഴ്സിലാണ്. 1,11,230 പേരിൽ 66,342 പേർക്കാണ് കോമേഴ്സിൽ 30 ശതമാനം മാർക്ക് നേടാനായത്. കഴിഞ്ഞ വർഷം 69.20 ശതമാനമുണ്ടായിരുന്നത് ഇത്തവണ 59.64 ശതമാനമായി താഴ്ന്നു. ഹ്യുമാനിറ്റീസിലും 30 ശതമാനം മാർക്ക് നേടിയവരുടെ ശതമാനത്തിൽ കുറവുണ്ട്.
78,735 പേരിൽ 39,817 പേർക്കാണ് 30 ശതമാനം മാർക്ക് നേടാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷം 57.96 ശതമാനം പേർ ഹ്യുമാനിറ്റീസിൽ 30 ശതമാനം മാർക്ക് നേടിയപ്പോൾ ഇത്തവണ 50.57 ശതമാനമായി കുറഞ്ഞു. സയൻസിലെ വിജയത്തിലും ഒരു ശതമാനത്തിലധികം കുറവുണ്ട്. 1,89,479 പേരിൽ 1,30,158 പേർക്കാണ് (68.69 ശതമാനം) 30 ശതമാനത്തിലധികം മാർക്ക് നേടാനായത്.
ഓപൺ സ്കൂളിൽ (സ്കോൾ കേരള) കഴിഞ്ഞ വർഷം 40.73 ശതമാനം പേർ 30 ശതമാനം മാർക്ക് നേടിയത് ഇത്തവണ 40.53 ശതമാനമായി. 27295 പേർ പരീക്ഷയെഴുതിയതിൽ 11602 പേർക്കാണ് 30 ശതമാനം മാർക്ക് നേടാനായത്. ടെക്നിക്കൽ സ്കൂളിൽ കഴിഞ്ഞ വർഷം 48.78 ശതമാനമുണ്ടായിരുന്നത് 44.37 ശതമാനമായി കുറഞ്ഞു. ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം https://results.hse.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.