തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയായപ്പോൾ 316507 മെറിറ്റ് സീറ്റുകളിൽ 312908ലേക്കും അലോട്ട്മെന്റായി. അവശേഷിക്കുന്നത് 4688 സീറ്റുകൾ മാത്രം. പുതുതായി 87928 പേർക്ക് അലോട്ട്മെന്റ് ലഭിച്ചു. 57572 പേർക്ക് മൂന്നാം അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചു. രണ്ടു അലോട്ട്മെന്റുകളിൽ ഒഴിഞ്ഞുകിടന്ന വിവിധ സംവരണ സീറ്റുകളും രണ്ടാം അലോട്ട്മെന്റിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത ഒഴിവുകളും ചേർത്താണ് മൂന്നാം അലോട്ട്മെന്റ് പൂർത്തിയാക്കിയത്.
അവശേഷിക്കുന്ന 4688 സീറ്റുകളിൽ 3770 സീറ്റുകൾ ജനറൽ മെറിറ്റിലുള്ളതാണ്. അവശേഷിക്കുന്നവ മുൻ അലോട്ട്മെന്റുകളിൽ വിവിധ സംവരണ സീറ്റുകളിൽ പ്രവേശനം നേടിയവർ മൂന്നാം അലോട്ട്മെന്റിൽ ജനറൽ മെറിറ്റിലേക്ക് മാറിയതുവഴിയുള്ള ഒഴിവുകളാണ്. നിലവിലുള്ള ഒഴിവുകളും അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തത് വഴിയുണ്ടാകുന്ന ഒഴിവുകളും ചേർത്ത് സപ്ലിമെന്ററി അലോട്ട്മെന്റുകളിൽ നികത്തും. ഒഴിവുള്ള സ്പോർട്സ് ക്വോട്ട സീറ്റുകളും എയ്ഡഡ് സ്കൂളുകളിൽ ഒഴിവ് വരുന്ന കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ട സീറ്റുകളും മെറിറ്റ് സീറ്റുകളാക്കി മാറ്റി ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള സീറ്റുകളിൽ ഉൾപ്പെടുത്തി പ്രവേശനം നൽകും.
സപ്ലിമെന്ററി അലോട്ട്മെന്റിനായി ജൂൺ 28 മുതൽ മൂന്നു ദിവസം പുതിയ അപേക്ഷ സമർപ്പിക്കാം. അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ നിലവിലുള്ള അപേക്ഷ പുതുക്കണം. നേരത്തേ അപേക്ഷിക്കാത്തവർ പുതിയ അപേക്ഷ സമർപ്പിക്കണം. മൂന്നാം ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചവർ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനകം സ്കൂളിൽ പ്രവേശനം നേടണം. ജൂൺ 18ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.