തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ സംവരണ വിഭാഗത്തിൽ ഏറ്റവും കൂടുതൽ സീറ്റുള്ള എസ്.ഇ.ബി.സി വിഭാഗത്തിലെ 78 ശതമാനം സീറ്റുകളും നികത്തി. ഇതിൽ കൂടുതൽ സീറ്റുള്ള ഈഴവ, മുസ്ലിം വിഭാഗത്തിനുള്ള സീറ്റുകളിൽ 98.5 ശതമാനത്തോളം സീറ്റുകളിലേക്കും അലോട്ട്മെന്റായി. അവശേഷിക്കുന്നത് കേവലം ഒന്നര ശതമാനം സീറ്റുകളാണ്.
സംസ്ഥാനത്താകെ എസ്.ഇ.ബി.സി വിഭാഗത്തിനായി നീക്കിവെച്ച സീറ്റുകൾ 55,933 ആണ്. ഇതിൽ 43,336 സീറ്റുകളും ഒന്നാം അലോട്ട്മെന്റിലൂടെ നികത്തി. അവശേഷിക്കുന്നത് 12,597 സീറ്റുകൾ. എസ്.ഇ.ബി.സിയിൽ കൂടുതൽ സീറ്റുള്ള ഈഴവ വിഭാഗത്തിന് ആകെയുള്ളത് 15,210 സീറ്റുകളാണ്. ഇതിൽ14,942 സീറ്റുകളിലേക്കും (98.23 ശതമാനം) അലോട്ട്മെന്റ് നടന്നു. തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ മുഴുവൻ ഈഴവ സീറ്റുകളും ആദ്യ അലോട്ട്മെന്റിലൂടെ നികത്തി. മറ്റ് ജില്ലകളിൽ ചുരുക്കം സീറ്റുകളാണ് ബാക്കിയുള്ളത്. 13,914 സീറ്റുകളാണ് മുസ്ലിം സംവരണത്തിലുള്ളത്. ഇതിൽ 13,693 സീറ്റുകളിലേക്കും (98.41 ശതമാനം) അലോട്ട്മെന്റ് നടന്നു.
കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ മുഴുവൻ മുസ്ലിം സംവരണ സീറ്റുകളും ഒന്നാം അലോട്ട്മെന്റിലൂടെ നികത്തി. പത്തനംതിട്ടയിൽ 55ഉം ഇടുക്കിയിൽ 52ഉം കോട്ടയത്ത് 40ഉം ആലപ്പുഴയിൽ 39ഉം എറണാകുളത്ത് 15ഉം തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ മൂന്നു വീതവും കൊല്ലത്ത് എട്ടും പാലക്കാട് ആറും സീറ്റുകൾ ഉൾപ്പെടെ 221 സീറ്റുകളാണ് മുസ്ലിം സംവരണത്തിൽ ഒഴിവുള്ളത്. കുടുംബി, കുശവ, ധീവര, പിന്നാക്ക ക്രിസ്ത്യൻ, ലാറ്റിൻ ക്രിസ്ത്യൻ വിഭാഗങ്ങളുടെ സംവരണ സീറ്റുകളാണ് എസ്.ഇ.ബി.സി വിഭാഗങ്ങളിൽ പ്രധാനമായും ബാക്കിയുള്ളത്.
ജനറൽ മെറിറ്റിൽ ആകെയുള്ള 1,57,137 സീറ്റുകളിൽ 1,57,110ഉം (99.98 ശതമാനം) ആദ്യ അലോട്ട്മെന്റിലൂടെ നികത്തി. അവശേഷിക്കുന്നത് 27 സീറ്റുകൾ മാത്രം. എസ്.ടി വിഭാഗത്തിൽ 27,094ഉം എസ്.സി വിഭാഗത്തിൽ 14,098ഉം സീറ്റുകളാണ് ബാക്കിയുള്ളത്. ഇവയിലേക്ക് മൂന്നാം അലോട്ട്മെന്റിൽ ആദ്യം എസ്.സി, എസ്.ടി വിഭാഗത്തെ പരസ്പരം മാറി പരിഗണിക്കും. ബാക്കി വരുന്നവയിലേക്ക് ഒ.ഇ.സി, ഒ.ബി.സി വിഭാഗങ്ങളെയും പരിഗണിക്കും. ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ ഒഴിവുള്ള 10,694 സീറ്റുകളിൽ രണ്ടാം അലോട്ട്മെന്റിനു ശേഷവും ബാക്കിയുള്ളവ മൂന്നാം അലോട്ട്മെന്റിൽ ജനറൽ മെറിറ്റാക്കി മാറ്റിയും അലോട്ട്മെന്റ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.