പെരിന്തൽമണ്ണ: അലീഗഢ് മുസ്‌ലിം സർവകലാശാല മലപ്പുറം കേന്ദ്രത്തിൽ ഈ അധ്യയനവർഷം മുതൽ തുടങ്ങുന്ന ബി.ബി.എ കോഴ്സ് പ്രവേശനത്തിന് വിജ്ഞാപനമിറങ്ങി. സ്വാശ്രയ മോഡിലാണ് പുതിയ കോഴ്സ് അനുവദിച്ചത്. സെന്ററിൽ നടക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ 60 സീറ്റുകളിലേക്കാണ് പ്രവേശനം.
2013നുശേഷം ആദ്യമായാണ് മലപ്പുറം സെന്ററിൽ കോഴ്സ് വരുന്നത്. മലപ്പുറം കേന്ദ്രത്തിൽനിന്ന് സമർപ്പിച്ച നാലു വർഷ ബി.എഡ് പ്രോഗ്രാം, എൽഎൽ.എം, എം.എഡ്, നാലു വർഷ ഡിഗ്രി പ്രോഗ്രാമുകളും സർവകലാശാലയുടെ വ്യത്യസ്ത ഫാക്കൽറ്റികളുടെ പരിഗണനയിലാണെന്ന് കേന്ദ്രം ഡയറക്ടർ ഡോ. കെ.പി. ഫൈസൽ അറിയിച്ചു.
യൂനിവേഴ്സിറ്റി കേന്ദ്രങ്ങളുടെ വികസനത്തിന് മുൻഗണന നൽകിയാണ് വൈസ് ചാൻസലർ പ്രഫ. നഈമ ഖാതൂൻ കോഴ്സ് അനുവദിക്കാൻ നടപടി സ്വീകരിച്ചത്. കോമേഴ്സ് ഫാക്കൽറ്റിക്കു കീഴിലാണ് നാലു വർഷ ബി.ബി.എ പ്രോഗ്രാം തുടങ്ങുന്നത്. നിലവിൽ മാനേജ്മെന്റ് ഫാക്കൽറ്റിക്കു കീഴിൽ എം.ബി.എ പ്രോഗ്രാം, ലോ ഫാക്കൽറ്റിക്കു കീഴിൽ അഞ്ചു വർഷ ബി.എ.എൽഎൽ.ബി, സോഷ്യൽ സയൻസ് ഫാക്കൽറ്റിക്കു കീഴിൽ ബി.എഡ് എന്നീ കോഴ്‌സുകളാണ് നിലവിലുള്ളത്.
2025 ജൂലൈ ഒന്നിന് 24 വയസ്സ് പൂർത്തീകരിച്ചവർക്കും അതിന് താഴെ പ്രായമുള്ളവർക്കും പുതിയ കോഴ്‌സിന് അപേക്ഷിക്കാം. 850 രൂപയാണ് അപേക്ഷഫീസ്. ജൂലൈ 24 വരെ www.amucontrollerexams.com വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം. ആഗസ്റ്റ് 20ന് മലപ്പുറം സെൻററിലാണ് പ്രവേശനപരീക്ഷ. പ്ലസ്ടു കോമേഴ്സ്/സയൻസ്/ഹ്യുമാനിറ്റീസ്/തത്തുല്യ യോഗ്യത പൂർത്തീകരിച്ച (50 ശതമാനം മാർക്കിന് മുകളിൽ) ആർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 04933229299.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.