കൊല്ലം: 60 വയസ്സ് പൂർത്തിയാക്കുന്ന പൗരന്മാരെയെല്ലാം ബിരുദധാരികളാക്കാനുള്ള പഠന പദ്ധതിയുമായി ശ്രീനാരായണഗുരു ഓപൺ സർവകലാശാല. എല്ലാവരും ബിരുദധാരികളാകുന്ന ആദ്യ സംസ്ഥാനമെന്ന ബഹുമതി കേരളത്തിന് നേടിയെടുക്കുകയെന്ന യത്നമാണ് സർവകലാശാല മുന്നോട്ടുവെക്കുന്നത്.
പ്ലസ് ടു, പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 60 വയസ്സിന് താഴെയുള്ള മുഴുവന്‍ ആളുകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സംസ്ഥാന കുടുംബശ്രീ മിഷൻ, സാക്ഷരത മിഷൻ എന്നിവയുടെ സഹകരണത്തോടെ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം സ്വീകരിച്ച് സര്‍വേ നടത്തി കണ്ടെത്തി അഞ്ച് വര്‍ഷംകൊണ്ട് ബിരുദധാരികളാക്കി മാറ്റുകയാണ് ലക്ഷ്യം. 95.41 കോടി രൂപ വരവും 101.37 കോടി ചെലവും പ്രതീക്ഷിക്കുന്ന 2023-24 ലെ ബജറ്റ് സിന്‍ഡിക്കേറ്റ് ഫിനാന്‍സ് സ്ഥിരം സമിതി കണ്‍വീനർ ബിജു കെ.മാത്യു അവതരിപ്പിച്ചു.
കേരളത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമാക്കി മാറ്റാൻ 10.5 കോടി രൂപ വകയിരുത്തി. സര്‍വകലാശാല ആസ്ഥാനമന്ദിര നിർമാണത്തിനായി കൊല്ലം നഗരത്തില്‍ 10 ഏക്കര്‍ സ്ഥലം ലഭ്യമാക്കുന്നതിന് നടപടി പുരോഗമിക്കുകയാണ്. ഇതിന് 30 കോടി രൂപ വകയിരുത്തി.
പഠിതാക്കള്‍ക്ക് കൗണ്‍സലിങ് ഉള്‍പ്പെടെ സേവനങ്ങള്‍ നല്കാൻ 14 ജില്ലകളിലായി നിലവിലുള്ള 14 പഠനകേന്ദ്രങ്ങള്‍ക്ക് പുറമെ 24 കേന്ദ്രങ്ങള്‍കൂടി ഈ വര്‍ഷം തുടങ്ങും. 38 പഠനകേന്ദ്രങ്ങള്‍ക്കായി 3.58 കോടി രൂപ നീക്കിവെച്ചു. 75 അധ്യാപക-അനധ്യാപക തസ്തികകള്‍ സർക്കാർ അംഗീകാരത്തോടെ സൃഷ്ടിച്ച് നിയമനം നടത്തുന്നതിന് മൂന്നു കോടി രൂപയും പരീക്ഷകള്‍ ആധുനിക സാങ്കേതിക മികവോടെ നടത്തുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2.83 കോടി രൂപയും വകയിരുത്തി.നവകേരള നിർമിതിയിൽ പങ്കാളിത്തം ഉറപ്പുവരുത്തി മുന്നിലുള്ള സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും വിധമാണ് ബജറ്റെന്ന് വൈസ് ചാൻസലർ ഡോ.പി.എം. മുബാറക് പാഷ പറഞ്ഞു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എസ്.വി. സുധീര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.കെ. ശ്രീവത്സന്‍, ഡോ.എം. ജയപ്രകാശ്, എ. നിസാമുദ്ദീന്‍ കായിക്കര, ഡോ.ടി.എം, വിജയന്, ഡോ.എ. പസിലത്തില്‍, ഡോ.സി. ഉദയകല, രജിസ്ട്രാര്‍ ഡോ. ഡിമ്പി വി. ദിവാകരന്, ഫിനാന്‍സ് ഓഫിസര്‍ എം.എസ്. ശരണ്യ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.