നെട്ടൂർ: നിരവധി പ്രമുഖരുടെ വിദ്യാഭ്യാസത്തിന് സാക്ഷ്യം വഹിച്ച നെട്ടൂർ എസ്.വി യു.പി സ്കൂൾ നൂറിന്റെ നിറവിൽ. പോയ കാലത്തിന്റെ പ്രതാപവും പുതിയ കാലത്തിന്റെ പ്രൗഢിയും കാത്തുസൂക്ഷിക്കുന്ന സ്കൂൾ നാടിനും തലമുറകൾക്കും അറിവിന്റെ വെളിച്ചവും തിളക്കവും പകർന്ന് തലയുയർത്തി നിൽക്കുന്നു.
100 വർഷം മുമ്പ് ചെറിയ ദ്വീപ് മാത്രമായിരുന്ന നെട്ടൂരിൽ ദ്വീപ് നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ സ്നേഹിയായ കേശവമേനോനാണ് നെട്ടൂർ എസ്.വി.എൽ.പി സ്കൂൾ സ്ഥാപിച്ചത്. 1921ൽ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. 1966ലാണ് യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടത്. 2005ൽ സ്കൂളിൽ എൽ.കെ.ജിയും 2006ൽ യു.കെ.ജി.യും പ്രവർത്തനം ആരംഭിച്ചു. നെട്ടൂരിലെ ആദ്യ കാല സ്കൂളായാണ് ഇത് അറിയപ്പെടുന്നത്. തുടക്കത്തിൽ ഓല മേഞ്ഞതായിരുന്നു. പിന്നീട് ഓടിട്ട കെട്ടിടമാക്കി മാറ്റി. കുട്ടികൾ കൂടിയതോടെ ഓരോ വർഷവും ക്ലാസ് മുറികളും പുതുക്കി പണിതു. നാടിന്റെ മാറ്റത്തിനനുസരിച്ച് സ്കൂൾ കെട്ടിടവും മാറി.
നിലവിൽ 100 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്കൂളിന്റെ ഭൗതിക സൗകര്യ വികസനത്തിനായി 2009ൽ എം.എൽ.എ ദിനേശ് മണി 20 ലക്ഷം രൂപ അനുവദിച്ചു. 2021ൽ കൊച്ചിൻ ഷിപ്പ് യാർഡ് സി.എസ്.ആർ ഫണ്ടിൽ നിന്ന് അനുവദിച്ച 20 ലക്ഷം ഉപയോഗിച്ച് എട്ട് ക്ലാസ്സ് മുറികളുള്ള മനോഹരമായ ഇരുനിലകെട്ടിടം പൂർത്തിയാക്കി. ആറ് കമ്പ്യൂട്ടർ ഉൾപ്പെടുന്ന സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി ആന്റ് റീഡിങ് റും എന്നീ സൗകര്യങ്ങളും ഇന്ന് സ്കൂളിനുണ്ട്.
സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ നിരവധി പ്രതിഭകളെ കേരളത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. 2025ൽ എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് എം.എ. മലയാളത്തിന് റെക്കോഡ് മാർക്കോടെ സർവകലാശാലയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ലക്ഷ്മി ശിവപ്രസാദ് ആദ്യക്ഷരം കുറിച്ചതും എസ്.വി.യു.പി.സ്കൂളിലാണ്. സിനി ആർട്ടിസ്റ്റും സംവിധായകനുമായ സനൂപ് കെ. യൂസഫ്, നാടക കലാകാരൻ അഡ്വ. രാധാകൃഷ്ണൻ, ഡി.ജി.പി റഫീഖ്, എൻജിനീയർ ഹമീദ്, ഹൈകോടതി സീനിയർ അഭിഭാഷകൻ അഡ്വ. വിശ്വനാഥൻ പുല്ലുവള്ളിൽ തുടങ്ങി നിരവധി പേർ ഈ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്.
എല്ലാ വർഷവും ശാസ്ത്രമേളയിലും തൃപ്പൂണിത്തുറ ഉപജില്ല കലോത്സവത്തിലും മികച്ച വിജയം നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ തൃപ്പൂണിത്തുറ ഉപജില്ല അറബി കലോത്സവത്തിൽ ചാമ്പ്യന്മാരാകാൻ സ്കൂളിന് കഴിഞ്ഞു. സ്കൂളിനോട് ചേർന്ന് കുട്ടികൾക്ക് കളിക്കാനായി ഇൻഡോർ സ്റ്റേഡിയം എന്ന സ്വപ്നം കൂടി യാഥാർത്ഥ്യമാകാനുണ്ടെന്ന് പ്രധാനാധ്യാപിക ജ്യോതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.