തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നീറ്റ്- യു.ജി പരീക്ഷ നടന്നു. കേരളത്തിൽ 16 നഗര കേന്ദ്രങ്ങൾക്ക് കീഴിലെ 334 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. 1.28 ലക്ഷത്തോളം പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. രാവിലെ മുതൽ തന്നെ കേന്ദ്രങ്ങൾക്കുമുന്നിൽ നീണ്ട ക്യൂ ആയിരുന്നു. കർശന പരിശോധനക്കുശേഷമാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായെത്തിയ വിദ്യാർഥിയെ പൊലീസിന് കൈമാറി. ഇതൊഴികെ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇത്തവണയും കുഴപ്പിച്ചത് ഫിസിക്സായിരുന്നു. ഫിസിക്സിനെയും കെമിസ്ട്രിയെയും അപേക്ഷിച്ച് ബയോളജി എളുപ്പമായിരുന്നെന്നും മുൻ വർഷത്തെക്കാൾ പരീക്ഷ പ്രയാസമേറിയതായിരുന്നെന്നും വിദ്യാർഥികൾ പറഞ്ഞു.
ഫിസിക്സിലും കെമിസ്ട്രിയിലും കാഠിന്യമേറിയ ചോദ്യങ്ങൾ കാരണം യഥാസമയം എഴുതി പൂർത്തിയാക്കാൻ ഏറെ പ്രയാസപ്പെട്ടെന്നും പരീക്ഷാർഥികൾ പറയുന്നു. കഴിഞ്ഞ വർഷവും വിദ്യാർഥികളെ വലച്ചത് ഫിസിക്സായിരുന്നു.
ചില കേന്ദ്രങ്ങളില്‍ ഫോട്ടോ പ്രശ്നമായി. പാസ്പോര്‍ട്ട്, പോസ്റ്റ്കാര്‍ഡ് സൈസിലെ രണ്ട് ഫോട്ടോ കരുതണമെന്നായിരുന്നു നിർദേശം. എന്നാൽ, ചിലർ പാസ്പോർട്ട് സൈസ് ഫോട്ടോയുമായാണെത്തിയത്. രക്ഷിതാക്കൾ പോസ്റ്റ്കാർഡ് സൈസ് ഫോട്ടോ വേഗം എത്തിച്ചതോടെയാണ് ആശങ്ക മാറിയത്.
ആദ്യമായി സി.ബി.എസ്.ഇക്കൊപ്പം സർക്കാർ സ്കൂളുകളിലും നീറ്റ് പരീക്ഷ നടന്നു. രാജ്യത്തിനകത്തും പുറത്തുമായി 22.7 ലക്ഷത്തോളം പേരാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ജൂൺ 14നകം ഫലം പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.