ന്യൂഡൽഹി: ബിരുദാനന്തര മെഡിക്കൽ കോഴ്സുകളിലെ സീറ്റ് േബ്ലാക്കിങ് പ്രവണതക്ക് തടയിടാൻ നീറ്റ്-പി.ജി (നാഷനൽ എലിജിബിലിറ്റി -കം- എൻട്രൻസ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജ്വേറ്റ്) കൗൺസലിങ്ങിന് മാർഗനിർദേശങ്ങളുമായി സുപ്രീംകോടതി.
നീറ്റ്-പി.ജി കൗൺസലിങ് പ്രക്രിയ ബിരുദാനന്തര മെഡിക്കൽ സീറ്റുകൾ അനുവദിക്കുന്നതിനുള്ള സുതാര്യവും മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതുമായ ഒരു ദേശീയ സംവിധാനമായിട്ടാണ് വിഭാവനംചെയ്യപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
എന്നാൽ, സീറ്റ് േബ്ലാക്കിങ് സംബന്ധിച്ച പരാതികൾ സംവിധാനത്തിന്റെ ഉദ്ദേശ്യത്തെ തന്നെ ചോദ്യംചെയ്യുന്നതാണ്. വിവിധ സംവിധാനങ്ങളിൽ ആഴത്തിൽ വേരൂന്നിയ പിടിപ്പുകേടുകളെ വെളിവാക്കുന്നതാണ് ഇത്തരം പ്രവണതകളെന്നും ജസ്റ്റിസ് ജെ.ബി. പർദിവാലയും ജെ.ആർ. മഹാദേവനും ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
സീറ്റ് ബ്ലോക്കിങ്ങിന് കർശനമായ ശിക്ഷകൾ നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. നീറ്റ്-പി.ജി കൗൺസലിങ്ങിൽ സീറ്റ് ബ്ലോക്കിങ് സംഭവിക്കുന്നത് വിദ്യാർഥികൾ താൽക്കാലികമായി സീറ്റുകൾ സ്വീകരിക്കുകയും കൂടുതൽ ഇഷ്ടപ്പെട്ട ഓപ്ഷനുകൾ നേടിയശേഷം പിന്നീട് ഉപേക്ഷിക്കുകയും ചെയ്യുമ്പോഴാണ്.
ഇത് ആദ്യ റൗണ്ടുകളിൽ സീറ്റുകളുടെ ലഭ്യതക്കുറവുണ്ടാവാനിടയാക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നവർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടൽ, ആവർത്തിക്കുന്നവരെ ഭാവിയിൽ നീറ്റ്-പി.ജി പരീക്ഷകളിൽനിന്ന് അയോഗ്യരാക്കൽ, കുറ്റക്കാരായ കോളജുകളെ കരിമ്പട്ടികയിൽപെടുത്തൽ എന്നിവ ഉൾപ്പെടെ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.