രാജ്യത്ത് ഉന്നതവിദ്യാഭ്യാസത്തിൽ മുസ്‌ലിംകൾ പിന്നോട്ട്; വൻ കുറവ് യു.പിയിൽ, കേരളത്തിൽ മുന്നേറ്റം

ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ മുസ്‌ലിംകൾ ഏറെ പിന്നാക്കം പോയതായി സർവേ റിപ്പോർട്ട്. ഉന്നതവിദ്യാഭ്യാസം നേടുന്ന മുസ്‌ലിം വിദ്യാർഥികളുടെ എണ്ണത്തിൽ എട്ട് ശതമാനം കുറവാണുണ്ടായത്. പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളെല്ലാം മുന്നേറ്റമുണ്ടാക്കിയപ്പോഴാണ് മുസ്‌ലിംകൾ പിന്നോട്ടുപോയത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ആൾ ഇന്ത്യ സർവേ ഓൺ ഹയർ എജുക്കേഷൻ (AISHE) പുറത്തുവിട്ട 2020-21 വർഷത്തെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

2020-21 വർഷത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയ എസ്.സി വിഭാഗം വിദ്യാർഥികളുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 4.2 ശതമാനം വർധനവുണ്ടായി. എസ്.ടി വിഭാഗത്തിൽ 11.9 ശതമാനവും ഒ.ബി.സിയിൽ നാല് ശതമാനവുമാണ് വർധനവുണ്ടായത്. എന്നാൽ, ഇതേ കാലയളവിലാണ് മുസ്‌ലിം വിദ്യാർഥികളുടെ എണ്ണത്തിൽ എട്ട് ശതമാനത്തിന്‍റെ കുറവുണ്ടായിരിക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതം മുസ്‌ലിം വിഭാഗത്തെ എത്രത്തോളം സാമ്പത്തികമായി ബാധിച്ചെന്നതിന്‍റെ കൂടി പ്രതിഫലനമാണിതെന്നാണ് വിലയിരുത്തൽ. വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവരാതെ തൊഴിൽ മേഖലകളിലേക്ക് പ്രവേശിക്കാൻ നിർബന്ധിതരായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടപ്പെടുന്നു.

 

രാജ്യത്ത് ആകെ ജനസംഖ്യയുടെ 14.2 ശതമാനമാണ് മുസ്‌ലിംകൾ. എന്നാൽ, ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്ന വിദ്യാർഥികളിൽ 4.6 ശതമാനം മാത്രമാണ് മുസ്‌ലിം വിദ്യാർഥികൾ. യു.പിയിലാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരുന്ന മുസ്‌ലിം വിദ്യാർഥികളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് വൻ കുറവുണ്ടായത് - 36 ശതമാനം. ജമ്മു കശ്മീർ (26%), മഹാരാഷ്ട്ര (8.5%), തമിഴ്നാട് (8.1%) എന്നിങ്ങനെയാണ് കൂടുതൽ കുറവുണ്ടായ സംസ്ഥാനങ്ങൾ. യു.പിയിൽ ജനസംഖ്യയുടെ 20 ശതമാനമാണ് മുസ്‌ലിംകൾ. എന്നാൽ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ ചേർന്ന ആകെ വിദ്യാർഥികളുടെ 4.5 ശതമാനം മാത്രമാണ് മുസ്‌ലിംകൾ. കേരളം മാത്രമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ മുസ്‌ലിംകൾ മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനം. കേരളത്തിൽ 43 ശതമാനം മുസ്‌ലിം വിദ്യാർഥികളും ഉന്നതവിദ്യാഭ്യാസം നേടുന്നുണ്ട്.

ഒ.ബി.സി, എസ്.സി വിഭാഗങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നേട്ടമുണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. 2020-21 വർഷം ഉന്നതവിദ്യാഭ്യാസത്തിന് ചേർന്ന ആകെ വിദ്യാർഥികളിൽ 36 ശതമാനം ഒ.ബി.സി വിഭാഗക്കാരും, 14 ശതമാനം എസ്.സി വിഭാഗക്കാരുമാണ്.

മുസ്‌ലിം വിദ്യാർഥികളുടേതിന് സമാനമായി മുസ്‌ലിം അധ്യാപകരുടെ എണ്ണവും കുറവാണ്. ദേശീയതലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആകെ അധ്യാപകരുടെ 56 ശതമാനവും ജനറൽ വിഭാഗക്കാരാണ്. ഒ.ബി.സി 32 ശതമാനവും, എസ്.സി ഒമ്പത് ശതമാനവും, എസ്.ടി 2.5 ശതമാനവുമാണ്. മുസ്‌ലിം അധ്യാപകരാകട്ടെ 5.6 ശതമാനം മാത്രമാണ്.

ന്യൂനപക്ഷങ്ങൾക്കുള്ള മൗലാന ആസാദ് ഫെലോഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ പശ്ചാത്തലത്തിൽ കൂടിയാണ് മുസ്‌ലിംകളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ വ്യക്തമാക്കി സർവേ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ മുസ്‌ലിം വിദ്യാർഥികൾക്കുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. 

Tags:    
News Summary - Muslims’ Enrolment in Higher Education Less Than SCs, STs; UP Worst, Kerala Lone Outlier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.