ലോക വ്യാപാരത്തിന്റെ സിരകളായ സമുദ്രപാതകളിലൂടെ ചരക്കുകൾ നീക്കുന്ന കപ്പലുകളാണ് മർച്ചന്റ് നേവിയുടെ കാതൽ. ലോക സാമ്പത്തിക വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായ മർച്ചന്റ് നേവി, സാഹസികവും സുരക്ഷിതവുമായ ഒരു കരിയർ പാത ആഗ്രഹിക്കുന്നവർക്ക് അനന്തമായ സാധ്യതകൾ തുറന്നു നൽകുന്നു.
വെറുമൊരു ജോലിയെന്നതിലുപരി, ലോകം ചുറ്റിക്കാണാനും വ്യത്യസ്ത സംസ്കാരങ്ങളെ അടുത്തറിയാനും ഉയർന്ന വരുമാനം നേടാനും സഹായിക്കുന്ന ഒരു ജീവിതശൈലി കൂടിയാണ് മർച്ചന്റ് നേവി വാഗ്ദാനം ചെയ്യുന്നത്. ശരിയായ കോഴ്സുകൾ തിരഞ്ഞെടുക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്താൽ തിളക്കമാർന്ന ഭാവി ഉറപ്പ്.
സൈനിക ആവശ്യങ്ങൾക്കല്ലാതെ, വാണിജ്യപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന കപ്പലുകളെയും അവയിലെ ജീവനക്കാരെയും ഉൾക്കൊള്ളുന്നതാണ് മർച്ചന്റ് നേവി. എണ്ണ ടാങ്കറുകൾ, കണ്ടെയ്നർ കപ്പലുകൾ, ബൾക്ക് കാരിയറുകൾ, പാസഞ്ചർ കപ്പലുകൾ, റോ-റോ കപ്പലുകൾ, ക്രൂസ് എന്നിങ്ങനെ വിവിധ തരം കപ്പലുകൾ ഈ മേഖലയിലുണ്ട്.
ലോകമെമ്പാടുമുള്ള തുറമുഖങ്ങളിൽ ചരക്കുകളും യാത്രക്കാരെയും എത്തിക്കുക എന്നതാണ് മർച്ചന്റ് നേവിയുടെ പ്രധാന ദൗത്യം.
ഡെക്ക് വിഭാഗം: കപ്പലിന്റെ ആധുനികവത്കരണം, ചരക്ക് കൈകാര്യം ചെയ്യൽ, സുരക്ഷാ നടപടികൾ എന്നിവയുടെ ചുമതല ഈ വിഭാഗത്തിനാണ്.
ക്യാപ്റ്റൻ: കപ്പലിലെ പരമോന്നത ചുമതല വഹിക്കുന്ന വ്യക്തിയാണ് ക്യാപ്റ്റൻ. കപ്പലിന്റെ സുരക്ഷിതമായ യാത്രയും ചരക്കുകളുടെയും ജീവനക്കാരുടെയും ഉത്തരവാദിത്തവും ക്യാപ്റ്റനാണ്. അദ്ദേഹത്തിന് കീഴിൽചീഫ് ഓഫിസർ,സെക്കൻഡ് ഓഫിസർ, തേർഡ് ഓഫിസർ, ഡെക്ക് കാഡറ്റ്, ഏബിൾ സീമാൻ, ഓർഡിനറി സീമാൻ തുടങ്ങിയവരുണ്ട്.
എൻജിൻ വിഭാഗം: കപ്പലിന്റെ എൻജിൻ, യന്ത്രങ്ങൾ, പമ്പ് സംവിധാനങ്ങൾ, വൈദ്യുതി ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനവും പരിപാലനവും ഈ വിഭാഗത്തിന്റെ ചുമതലയാണ്.ചീഫ് എൻജിനീയർ, സെക്കൻഡ് എൻജിനീയർ, തേർഡ് എൻജിനീയർ, ഫോർത്ത് എൻജിനീയർ, എൻജിൻ കാഡറ്റ്, ഫിറ്റർ, വെൽഡർ, ഇലക്ട്രീഷ്യൻ, ഓയിലർ തുടങ്ങിയവരുടെ നിരയുണ്ടാകും.
കാറ്ററിങ്/സർവിസ് വിഭാഗം: കപ്പലിലെ ജീവനക്കാർക്കും യാത്രക്കാർക്കും ഭക്ഷണം, ശുചിത്വം, താമസം എന്നിവയുടെ ചുമതല ഈ വിഭാഗത്തിനാണ്.
മർച്ചന്റ് നേവിയിൽ പ്രവേശിക്കാൻ വിവിധ കോഴ്സുകളും പരിശീലന പരിപാടികളും ലഭ്യമാണ്. ഓരോ കോഴ്സിനും അതിന്റേതായ പ്രവേശന യോഗ്യതകളുണ്ട്. ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയുടെ (ഐ.എം.യു) കീഴിലുള്ള കോളജുകളാണ് ഇന്ത്യയിൽ മർച്ചന്റ് നേവി കോഴ്സുകൾക്ക് നേതൃത്വം നൽകുന്നത്.
ബി.ടെക് (മറൈൻ എൻജിനീയറിങ്): നാല് വർഷത്തെ ബിരുദ കോഴ്സ്. എൻജിൻ വിഭാഗത്തിൽ ഓഫിസറാകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ 60 ശതമാനം മാർക്കോടെ പാസായിരിക്കണം. ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നിർബന്ധം. പ്രവേശന പരീക്ഷ: ഐ.എം.യു കോമൺ എൻട്രൻസ് ടെസ്റ്റ് (സി.ഇ.ടി)
ബി.എസ് സി (നോട്ടിക്കൽ സയൻസ്): മൂന്ന് വർഷത്തെ ബിരുദ കോഴ്സ്. ഡെക്ക് വിഭാഗത്തിൽ ഓഫിസറാകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 60 ശതമാനം മാർക്ക്. ഇംഗ്ലീഷിന് 50 ശതമാനംമാർക്ക് നിർബന്ധം. പ്രവേശന പരീക്ഷ: ഐ.എം.യു സി.ഇ.ടി
ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് (ഡി.എൻ.എസ്- സ്പോൺസേർഡ്): ഒരു വർഷത്തെ പ്രീ-സീ പരിശീലന കോഴ്സ്. ഒരു ഷിപ്പിങ് കമ്പനിയുടെ സ്പോൺസർഷിപ്പോടെ ഈ കോഴ്സ് ചെയ്യാം. കോഴ്സ് പൂർത്തിയാക്കിയ ശേഷം കമ്പനിയുടെ കപ്പലിൽ ഒരു വർഷം പ്രീ-സീ പരിശീലനം പൂർത്തിയാക്കണം.പ്ലസ് ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് 60 ശതമാനം മാർക്ക്. ഇംഗ്ലീഷിന് 50 ശതമാനം നിർബന്ധം. ചിലർ 70 ശതമാനം മാർക്ക് പറയുന്നുണ്ട്.
പ്രവേശന പരീക്ഷ: ഐ.എം.യു സി.ഇ.ടി. കൂടാതെ ഷിപ്പിങ് കമ്പനികളുടെ സ്വന്തം നിലക്കുള്ള പരീക്ഷകളും അഭിമുഖങ്ങളും.
ഗ്രാജുവേറ്റ് മറൈൻ എൻജിനീയറിങ് (ജി.എം.ഇ): മെക്കാനിക്കൽ എൻജിനീയറിങ്ങിലോ നേവൽ ആർക്കിടെക്ചറിലോ ബിരുദം നേടിയവർക്ക് എൻജിൻ വിഭാഗത്തിൽ ഓഫിസറാകാൻ ഒരു വർഷത്തെ ഈ കോഴ്സ് ചെയ്യാം. യോഗ്യത: എ.ഐ.സി.ടി.ഇ അംഗീകൃത സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ/ നേവൽ ആർക്കിടെക്ചറിൽ ബിരുദം. 50 ശതമാനം മാർക്ക് നിർബന്ധം. പ്രവേശന പരീക്ഷ-ഐ.എം.യു സി.ഇ.ടി
ഇലക്ട്രോ ടെക്നിക്കൽ ഓഫിസർ (ഇ.ടി.ഒ) കോഴ്സ്: നാല് മാസത്തെ കോഴ്സ്.കപ്പലുകളിലെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന പരിശീലനം. യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം.
ഓഫിസർമാരെ സഹായിക്കുന്നവരാണ് റേറ്റിങ്സ് വിഭാഗത്തിലുള്ളവർ. പ്രീ-സീ ട്രെയിനിങ് ഫോർ ജനറൽ പർപ്പസ് റേറ്റിങ്സ് (ജി.പി റേറ്റിങ്): ആറു മാസത്തെ കോഴ്സ്. ഡെക്ക്, എൻജിൻ വിഭാഗങ്ങളിൽ ജോലി നേടാൻ സഹായിക്കുന്ന അടിസ്ഥാന പരിശീലനം നൽകുന്നു.
യോഗ്യത: പത്താം ക്ലാസ് 40 ശതമാനം മാർക്കോടെ പാസായിരിക്കണം. ഇംഗ്ലീഷിന് 40ശതമാനം മാർക്ക്. അല്ലെങ്കിൽ പ്ലസ് ടു പാസ്.
പ്രീ-സീ ട്രെയിനിങ് ഫോർ സാലൂൺ റേറ്റിങ്സ്: ആറു മാസത്തെ കോഴ്സ്. കാറ്ററിങ് വിഭാഗത്തിൽ ജോലി നേടാൻ സഹായിക്കുന്ന പരിശീലനം നൽകുന്നു. യോഗ്യത: പത്താം ക്ലാസ് പാസ്.
ശ്രദ്ധിക്കുക: എല്ലാ കോഴ്സുകൾക്കും പ്രവേശനത്തിന് മികച്ച ശാരീരികക്ഷമതയും കാഴ്ചശക്തിയും നിർബന്ധമാണ്. വർണാന്ധത പാടില്ല.
ഇന്ത്യൻ മാരിടൈം യൂനിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നതും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ അംഗീകാരമുള്ളതുമായ സ്ഥാപനങ്ങളാണ് മർച്ചന്റ് നേവി കോഴ്സുകൾക്ക് ഏറ്റവും മികച്ചത്.
മർച്ചന്റ് നേവിയിൽ കരിയർ വളർച്ചാ സാധ്യതകളും ആകർഷക ശമ്പളവും ലഭ്യമാണ്. കാഡറ്റായി പ്രവേശിക്കുന്ന ഒരാൾക്ക് അനുഭവസമ്പത്തിലൂടെയും കൂടുതൽ പരീക്ഷകൾ പാസാകുന്നതിലൂടെയും ക്യാപ്റ്റൻ അല്ലെങ്കിൽ ചീഫ് എൻജിനീയർ പദവികളിലേക്ക് എത്താൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.