എം.ബി.ബി.എസ് പ്രവേശനം: എൻ.ആർ.ഐ ക്വോട്ട ഓപ്ഷന് പത്ത് ദിവസം അനുവദിച്ച് ഹൈകോടതി

കൊച്ചി: 2022 -23 വർഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിന് എൻ.ആർ.ഐ ക്വോട്ടയിലേക്ക് ഓപ്ഷൻ നൽകാൻ ഹൈകോടതി പത്ത് ദിവസം കൂടി അനുവദിച്ചു. എൻ.ആർ.ഐ ക്വോട്ട ഓപ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കായി ആഗസ്റ്റ് അഞ്ച് മുതലുള്ള പത്ത് ദിവസം ഓൺലൈൻ പോർട്ടൽ തുറന്നുവെക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. ഓപ്ഷൻ നൽകാൻ മറ്റൊരു അവസരം നൽകണമെന്ന ആവശ്യം പ്രവേശന പരീക്ഷ കമീഷണർ തള്ളിയതിനെതിരെ ഒരുകൂട്ടം വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

നിലവിൽ അപേക്ഷിച്ചവർക്ക് വിഷയം മാറ്റാനോ അധിക വിഷയം കൂട്ടിച്ചേർക്കാനോ ഓപ്ഷന് അനുമതി നൽകി കമീഷണറുടെ ഉത്തരവുണ്ടെന്നും എൻ.ആർ.ഐ ക്വോട്ടക്ക് മാത്രം ഓപ്ഷൻ അനുവദിക്കുന്നില്ലെന്നുമായിരുന്നു ഹരജിക്കാർ അറിയിച്ചത്. എൻ.ആർ.ഐ ക്വോട്ടയിലേക്കടക്കം അധികമായി ഓപ്ഷൻ അനുവദിച്ചാൽ വേരിഫിക്കേഷൻ നടപടിക്രമങ്ങൾ വൈകാനിടയാകുമെന്നായിരുന്നു കമീഷണറുടെ വാദം.

ഈ വാദം പ്രഥമദൃഷ്ട്യ അംഗീകരിക്കാനാവില്ലെന്നും കൂടുതൽ വിശദീകരണമുണ്ടെങ്കിൽ നൽകാനും കമീഷണർക്ക് അനുമതി നൽകി. എന്നാൽ, അപേക്ഷകരുടെ യോഗ്യതക്കനുസരിച്ച് കോഴ്സുകൾ കൂട്ടിച്ചേർക്കാനും മറ്റും അനുമതി നൽകിയിട്ടുണ്ടെന്നും ഇനി എൻ.ആർ.ഐ ക്വോട്ടക്കാർക്ക് വേണ്ടി പ്രത്യേകം ഓപ്ഷൻ അനുവദിച്ചാൽ നടപടികൾ അനന്തമായി നീളാനിടയാകുമെന്ന വാദം തന്നെയാണ് സത്യവാങ്മൂലമായി സമർപ്പിച്ചത്.

എൻ.ആർ.ഐ ക്വോട്ടയിലേക്കുള്ള ഓപ്ഷൻ അനുവദിക്കുന്നത് മാത്രം എങ്ങനെ വേരിഫിക്കേഷൻ നടപടിക്രമത്തെ വൈകിപ്പിക്കുമെന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. പ്രവേശന പരീക്ഷ കമീഷണറുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് കോടതി വിലയിരുത്തിയതോടെ പത്ത് ദിവസത്തേക്ക് ഓപ്ഷൻ അനുവദിക്കാമെന്ന് കമീഷണറുടെ അഭിഭാഷകൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ സമയപരിധി അനിവാര്യമാണെന്ന് വിലയിരുത്തിയ കോടതി തുടർന്നാണ് പത്ത് ദിവസത്തേക്ക് ഓപ്ഷൻ അനുവദിച്ചത്.

Tags:    
News Summary - MBBS admission: High Court allows 10 days for NRI quota option

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT