പരീക്ഷ തടസപ്പെട്ടതിൽ വിദ്യാർഥികളുടെ ഹരജി: നീറ്റ് ഫലപ്രഖ്യാപനം തടഞ്ഞ് മദ്രാസ് ഹൈകോടതി

ചെന്നൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈകോടതി തടഞ്ഞു. വൈദ്യുതി നിലച്ചതുമൂലം പരീക്ഷ അരമണിക്കൂറിലേറെ തടസപ്പെട്ടതിനാൽ വീണ്ടും ടെസ്റ്റ് എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ആവഡിയിലുള്ള പരീക്ഷാകേന്ദ്രത്തിലെ വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് കോടതിയുടെ നിർദേശം. പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് ഇക്കാര്യത്തിൽ കോടതി വിശദീകരണം തേടി.

13 പേരാണ് പുനഃപരീക്ഷ ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയത്. മെയ് 4 ന് ഇന്ത്യയിലുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ നീറ്റ് പരീക്ഷ നടത്തിയിരുന്നു. ആവഡിയിലെ കേന്ദ്രീയ വിദ്യാലയത്തിലെ സെന്ററിൽ കുറഞ്ഞത് 464 വിദ്യാർഥികളാണ് പരീ​ക്ഷ എഴുതാനെത്തിയത്. ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെ പരീക്ഷ നിശ്ചയിച്ചിരുന്നെങ്കിലും, വിദ്യാർഥികളോട് രാവിലെ 11 മണിക്ക് പരീക്ഷാ കേന്ദ്രത്തിൽ എത്താൻ നിർദേശിച്ചിരുന്നു.

എന്നാൽ, കനത്ത മഴയെത്തുടർന്ന് 2:45നാണ് പരീക്ഷ ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ 4.15 വരെ വൈദ്യുതി തടസപ്പെട്ടതോടെ പരീക്ഷ വീണ്ടും വൈകി. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് ബദൽ ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തിയില്ല. കുറഞ്ഞ വെളിച്ചത്തിലാണ് പരീ​ക്ഷ എഴുതിയത്. പരീക്ഷാ കേന്ദ്രത്തിൽ വെള്ളംകയറിയതോടെ മറ്റൊരു സ്ഥലത്തേക്ക് മാറാൻ നിർബന്ധിതരായി. അധികൃതരോട് അധിക സമയം അനുവദിക്കണമെന്ന് അഭ്യർഥിച്ചെങ്കിലും അനുവദിച്ചില്ല.

തങ്ങൾക്ക് തൃപ്തികരമായ രീതിയിൽ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാർഥികൾ എൻ.ടി.എ വെബ്‌സൈറ്റ് വഴി പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. വൈദ്യുതി തടസംമൂലം ബുദ്ധിമുട്ട് നേരിട്ട വിദ്യാർഥികളെ പരീക്ഷ വീണ്ടും എഴുതാൻ അനുവദിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. കേന്ദ്ര സർക്കാറിനോട് മറുപടി നൽകാൻ ഹൈകോടതി നിർദേശിച്ചു. കേസ് ജൂൺ രണ്ടിന് വീണ്ടും പരിഗണിക്കും.

Tags:    
News Summary - Madras High Court stays publication of NEET results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.