മോദി സർക്കാർ പറയുന്നു പണമില്ല; ദരിദ്ര-പിന്നാക്ക വിഭാഗങ്ങൾക്കുള്ള കേന്ദ്രസർക്കാറിന്റെ സ്കോളർഷിപ്പ് ലഭിക്കുന്നത് ചുരുക്കം വിദ്യാർഥികൾക്ക് മാത്രം

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ സ്കോളർഷിപ്പുകൾക്ക് തെരഞ്ഞെടുക്കപ്പെടുന്നവരിൽ 40 ശതമാനത്തിനും താഴെയുള്ളവർക്ക് മാത്രമേ തുക ലഭിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്. അവശേഷിക്കുന്നവർക്ക് ഫണ്ട് ലഭ്യമാകുന്ന മുറക്ക് സ്കോളർഷിപ്പുകൾ നൽകാമെന്നാണ് കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയത്തിന്റെ മറുപടി. സ്കോളർഷിപ്പ് തുകക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

106 വിദ്യാർഥികളെയാണ് 2025-26 വർഷത്തെ നാഷനൽ ഓവർസീസ് സ്കോളർഷിപ്പിന്(എൻ.ഒ.എസ്) തെരഞ്ഞെടുത്തത്. അതിൽ 40 പേർക്ക് മാത്രമേ സ്കോളർഷിപ്പ് തുക ലഭിച്ചിട്ടുള്ളൂ. 1954-55 കാലത്താണ് ഈ സ്കോളർഷിപ്പ് പദ്ധതി തുടങ്ങിയത്. പട്ടിക ജാതി, നാടോടി ഗോത്രവർഗങ്ങൾ, അർധ നാടോടി ഗോത്രങ്ങൾ, ഭൂരഹിതരായ കർഷക തൊഴിലാളികളുടെ മക്കൾ, പരമ്പരാഗത കരകൗശല വിഭാഗങ്ങൾ, പ്രതിവർഷം എട്ട് ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾ എന്നിവർക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

അപേക്ഷ ലഭിച്ചു കഴിഞ്ഞ് സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ വിദ്യാർഥികൾക്കും സാധാരണയായി താൽകാലിക കത്തുകൾ അയക്കാറുണ്ട്. എന്നാൽ ഇക്കുറി ഫണ്ടുകളുടെ ലഭ്യത അനുസരിച്ച് ഘട്ടംഘട്ടമായാണ് കത്തുകൾ അയച്ചിരിക്കുന്നത്.

നേരത്തേ മൗലാന ആസാദ് നാഷനൽ ഫെല്ലോഷിപ്പിലും സമാനമായ തടസം നേരിട്ടിരുന്നു. 2025 ജനുവരി മുതൽ 1400ലേറെ പിഎച്ച്.ഡി ​ഗവേഷകർക്കാണ് സ്റ്റൈപ്പന്റുകൾ മുടങ്ങിയത്. 2024 ഡിസംബർ മുതൽ 2025 മെയ് വരെ ഈ ഗവേഷകരിൽ ഭൂരിഭാഗത്തിനും സ്റ്റൈപ്പൻഡുകൾ ലഭിച്ചിട്ടില്ലെന്ന് ദ വയർ റിപ്പോർട്ട് ചെയ്തു. ന്യൂനപക്ഷ കാര്യ മന്ത്രാലയമാണ് ഈ ഫെല്ലോഷിപ്പ് നൽകുന്നത്. മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് ഇതുപ്രകാരം ധനസഹായം ലഭിച്ചിരുന്നത്.

2024 ജൂണിലെ പട്ടികജാതിക്കാർക്കുള്ള ദേശീയ ഫെലോഷിപ്പിലും ആശയക്കുഴപ്പം ഉണ്ടായിരുന്നു. അതിന്റെ പട്ടിക ഈ വർഷം ഏപ്രിലിലാണ് പ്രസിദ്ധീകരിച്ചത്. നാഷനൽ ടെസ്റ്റിങ് ഏജൻസി തുടക്കത്തിൽ 2025 മാർച്ചിൽ 865 പേരുടെ സെലക്ഷൻ പട്ടിക പുറത്തിറക്കിയിരുന്നു. എന്നാൽ ഏപ്രിലിൽ പുതുക്കിയ പട്ടികയിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം 805 ആയി കുറച്ചു. മാത്രമല്ല, മുമ്പ് സ്കോളർഷിപ്പ് ലഭിച്ചുകൊണ്ടിരുന്ന 487 പേരെ ഒഴിവാക്കുകയും ചെയ്തു. സ്കോളർഷിപ്പ് വിതരണത്തിലെ ഇത്തരം അപാകതകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളിലെ വിദ്യാർഥികളെ ഇത് പ്രതിസന്ധിയിലാക്കുന്നുവെന്നും കത്തിൽ സൂചിപ്പിക്കുകയുണ്ടായി.

Tags:    
News Summary - Less than 40% of selected SC, ST and poor students to get scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.