ഉള്ളടക്കത്തിലും വരയിലും ഭാഷയിലുമെല്ലാം ലിംഗനീതി ഉറപ്പാക്കി പുതിയ പാഠപുസ്തകങ്ങൾ

തൃശൂർ: ഉള്ളടക്കത്തിലും വരയിലും ഭാഷയിലുമെല്ലാം അടിമുടി മാറ്റവുമായി പരിഷ്കരിച്ച പാഠപുസ്തകങ്ങൾ. എല്ലാ ജെൻഡറുകളേയും ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഈ വർഷം മാറിവന്ന രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങൾ. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും പരമ്പരാഗത ലിംഗപരമായ സ്റ്റീരിയോടൈപ്പുകൾ തകർക്കുന്നതിനുമാണ് കേരള സർക്കാർ സ്കൂൾ പാഠപുസ്തകങ്ങളുടെ സമഗ്രമായ പരിഷ്കരണം നടപ്പിലാക്കിയത്. ഉള്ളടക്കം മാത്രമല്ല, പുസ്തകങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രീകരണങ്ങളും ഭാഷയും കൂടുതൽ സമഗ്രവും തുല്യവുമായ വിദ്യാഭ്യാസ അനുഭവം ഉറപ്പാക്കുന്നു.

ഇന്ത്യയിലെ ആദ്യ ഫോട്ടോ ജേണലിസ്റ്റായ ഹോമയ് വ്യാരവാലയുടെ ജീവിതകഥ ആറാംക്ലാസുകാർ പഠിക്കും. എട്ടിലെ കേരള പാഠാവലിയിൽ ഹൃദയം തൊടുന്ന നക്ഷത്രങ്ങൾ എന്ന പാഠഭാഗത്ത് മലയാളികളുടെ ഹെലൻ കെല്ലർ എന്ന് അറിയപ്പെടുന്ന സിഷ്ണ ആനന്ദിന്റെ അതിജീവനകഥ പറയുന്നു. പത്താംക്ലാസിലെ സാമൂഹിക പാഠത്തിലെ ആദ്യ അധ്യായമായ മാനവികതയിൽ ദാന്തെയ്ക്കും പെട്രാർക്കിനും മാക്‌വെല്ലിക്കുമൊപ്പം ഇറ്റലിയിലെ മാനവികതാവാദിയും എഴുത്തുകാരിയുമായ വനിത കസാന്ദ്ര ഫെഡലെയെയും കുട്ടികൾ ഇനി പഠിക്കും.

പത്താംക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ ആദ്യപാഠം ചിത്രകാരി എന്ന ഇ.കെ. ഷാഹിനയുടെ കഥയാണ്. കുടുംബപരമായ ചുമതലകൾ സ്ത്രീകളെ കലാരംഗത്തുനിന്ന് മാറ്റിനിർത്തുന്നതെങ്ങനെയെന്നതാണ് ഉള്ളടക്കം. ചരിത്രം രചിച്ച നാടകമെന്ന തലക്കെട്ടിൽ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിന് കെ. കേളപ്പൻ എഴുതിയ അവതാരികയും പഠിക്കാനുണ്ട്. പത്താംക്ലാസ് ആരോഗ്യ-കായിക വിദ്യാഭ്യാസത്തിൽ കാലു നഷ്ടമായിട്ടും എവറസ്റ്റ് കീഴടക്കിയ മുൻ അന്തർദേശീയ വോളിബോൾ താരം അരുണിമ സിൻഹയുടെയും സ്കോളിയോസിസ് രോഗത്തെ അതിജീവിച്ച് 2018ൽ വിശ്വസുന്ദരി പട്ടമണിഞ്ഞ കാട്രിയോനഗ്രേയുടെയും ജീവിതകഥയുണ്ട്.

വിവിധ ക്ലാസുകളിലെ കലാപഠനത്തിൽ ട്രാൻസ്‌ജെൻഡർ അഭിനേത്രി മേഘ, ചലച്ചിത്ര എഡിറ്റിങ് വിദഗ്ധരായ ബീന പോൾ, ടെൽമ ഷൂം മേക്കർ, നാടകരംഗത്തുള്ള കീർത്തി ജയ്ൻ, അനുരാധ കപൂർ, നീലം മാൻസിങ്, ഡോ. തീജൻ ഭായ്, നാടകകലാകാരി പള്ളുരുത്തി കെ.എൻ. ലക്ഷ്മി, കഥക് നർത്തകി കുമുദി ലിഖിയ, ക്ലാസിക് നർത്തകി സൊനാൽ മാൻസിങ്, ചവിട്ടുകളി കലാകാരി കാളിയമ്മ, സിനിമാനടി സ്മിതാപാട്ടീൽ തുടങ്ങിയവരും പുതിയ പാഠ പുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Tags:    
News Summary - Kerala textbooks embrace gender inclusion in new curriculum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.