ഇന്‍റേൺഷിപ്പ് പദ്ധതി: അധിക നൈപുണ്യ വികസനം നേടിയത് 400 എൻജിനീയറിങ് വിദ്യാർഥികൾ

തിരുവനന്തപുരം: വിദ്യാർഥികൾക്ക് അധിക നൈപുണ്യം നൽകുന്നതിന് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഇന്‍റേൺഷിപ്പ് പദ്ധതി ഒരു വർഷത്തിനിടെ പ്രയോജനപ്പെടുത്തിയത് 400 എൻജിനീയറിങ് വിദ്യാർഥികൾ. ഇതിൽ 300 പേർ പഠനത്തോടൊപ്പവും 100 പേർ പഠനം പൂർത്തിയാക്കിയ ശേഷവുമാണ് ഇന്‍റേൺഷിപ്പ് ചെയ്തത്. വിവിധ തദ്ദേശസ്ഥാപനങ്ങൾ, പ്രമുഖ സ്വകാര്യ കമ്പനികൾ എന്നിവിടങ്ങളിലാണ് പഠനത്തോടൊപ്പം വിദ്യാർഥികൾ ഇന്‍റേൺഷിപ്പ് പൂർത്തിയാക്കിയത്. പഠനം പൂർത്തിയാക്കിയവർ തദ്ദേശസ്ഥാപനങ്ങൾ, കെ.എസ്.സി.എ.ഡി.സി, ലൈഫ് മിഷൻ, കില, റീബിൽഡ് കേരള എന്നിവിടങ്ങളിലാണ് ഇന്‍റേൺഷിപ്പ് ചെയ്തത്.

111 വിദ്യാർഥികളാണ് വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ഇന്‍റേൺഷിപ്പ് പൂർത്തിയാക്കിയത്. വകുപ്പിന് കീഴിലുളള 64 ക്‌ളസ്റ്റർ ഗ്രാമപഞ്ചായത്തുകളിൽ വിവിധ പദ്ധതികൾ പ്രകാരമുളള മരാമത്ത് പ്രവൃത്തികളിൽ സാങ്കേതിക വിഭാഗത്തെ സഹായിക്കാനായി ട്രെയിനികളെ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുകയായിരുന്നു. വേതന ഇനത്തിൽ 10,000 രൂപ വീതം ട്രെയിനികൾക്ക് നൽകി. പുതിയ ബാച്ച് ട്രെയിനികളെ നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അടുത്ത ഘട്ടത്തിൽ എൻജിനിയറിങ്ങിനു പുറമെ മറ്റു വിഷയങ്ങളിലെ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കും തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന മേഖലകളിൽ ഇന്‍റേൺഷിപ്പിന് അവസരം ലഭിക്കും. അധിക നൈപുണ്യ ശേഷിയിലൂടെ മികച്ച തൊഴിൽ നേടാൻ വിദ്യാർഥികളെ പ്രാപ്തമാക്കുന്നതിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് പദ്ധതി നടപ്പാക്കുന്നത്.

പഠനത്തോടൊപ്പവും പഠനശേഷവും എന്നിങ്ങനെ രണ്ട് തരത്തിലുളള ഇന്‍റേൺഷിപ്പ് തിരഞ്ഞെടുക്കാം. വിദ്യാർഥികൾക്ക് കരിക്കുലത്തിന്‍റെ ഭാഗമായി പഠനകാലത്ത് തന്നെ ഹ്രസ്വകാല ഇന്‍റേൺഷിപ്പിന് അപേക്ഷിക്കാം. അവരുടെ പഠന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അഞ്ച് സ്ഥാപനങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കും. ഇന്‍റേൺഷിപ്പ് ഏത് സ്ഥാപനത്തിൽ ചെയ്യണമെന്നത് വിദ്യാർഥിക്ക് തീരുമാനിക്കാം. കമ്പനികൾ തയ്യാറാക്കുന്ന മുൻഗണനാ പട്ടിക പ്രകാരമായിരിക്കും ഇന്‍റേൺഷിപ്പിനായി വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. പഠനത്തിന്‍റെ ഭാഗമായുളള ഇന്‍റേൺഷിപ്പിന് സ്റ്റൈപൻഡ് ഇല്ല.

വ്യാവസായിക അന്തരീക്ഷം പരിചയപ്പെടുത്തിക്കൊടുക്കുക, പരിശീലനംനൽകുക, തൊഴിൽ നൈപുണ്യം വർധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത്. തൊഴിൽ വൈദഗ്ധ്യം നേടുന്നത് വരെയുള്ള എല്ലാ സഹായവും അസാപ് നൽകും. ഇന്‍റേൺഷിപ്പിന് താത്പര്യമുളളവർക്ക് അസാപ്പിന്‍റെ ഓൺലൈൻ ഇന്‍റെൺഷിപ്പ് പോർട്ടലായ internship.asapkerala.gov.in ൽ രജിസ്റ്റർ ചെയ്യാം.

Tags:    
News Summary - kerala government internship programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.