നാലുവർഷ ഇന്റഗ്രേറ്റഡ് ബി.എഡ്: പ്രവേശന പരീക്ഷ ജൂണിൽ

അധ്യാപകരാകാൻ താൽപര്യമുള്ള പ്ലസ് ടുക്കാർക്ക് നാലുവർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമിലേക്കുള്ള ദേശീയ പൊതു പ്രവേശന പരീക്ഷയിൽ (എൻ.സി.ഇ.ടി-2024) പ​ങ്കെടുക്കാം. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ ജൂൺ 12 ബുധനാഴ്ചയാണ് പരീക്ഷ.

കേരളത്തിൽ എറണാകുളം, ഇടുക്കി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ലക്ഷദ്വീപിൽ കവരത്തി പരീക്ഷാകേന്ദ്രങ്ങളാണ്. ഇന്ത്യയിലെ 178 നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും www.nta.ac.in, https://ncet.samarth.ac.in എന്നീ സൈറ്റുകളിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

എൻ.സി.ഇ.ടി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ നാല് സെക്ഷനുകളാണുള്ളത്. സെക്ഷൻ ഒന്നിൽ 38 വ്യത്യസ്ത ഭാഷാ വിഷയങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം തെരഞ്ഞെടുക്കാം. ഓരോ ഭാഷാ പേപ്പറിലും 23 ചോദ്യങ്ങളിൽ 20 എണ്ണത്തിന് ഉത്തരം കണ്ടെത്തിയാൽ മതി. സെക്ഷൻ രണ്ടിൽ ഉൾപ്പെടുത്തിയ 26 ഡൊമെയിൻ പ്രത്യേക വിഷയങ്ങളിൽ ഏതെങ്കിലും മൂന്നെണ്ണം തെരഞ്ഞെടുക്കാം. ഇതിൽ 28 ചോദ്യങ്ങളിൽ 25 എണ്ണത്തിന് ഉത്തരം നൽകിയാൽ മതി. സെക്ഷൻ മൂന്ന് ജനറൽ ടെസ്റ്റിൽ 28ൽ 25 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തണം. സെക്ഷൻ നാല് ടീച്ചിങ് ആപ്റ്റിട്യൂഡിൽ 23ൽ 20 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലാണ് ചോദ്യങ്ങൾ. മലയാളം, തമിഴ്, കന്നട, ഉറുദു, ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ 13 ഭാഷകളിൽ ചോദ്യപേപ്പറുകളുണ്ടാവും. ഡൊമെയിൻ ഭാഷാ വിഷയങ്ങളും പരീക്ഷാ ഘടനയും ഡിബേസും ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. രാവിലെ 9-12 മണിവരെയും ഉച്ചക്കുശേഷം 3-6 മണിവരെയും രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ നടത്തുക.

പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്കും ഫൈനൽ യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും ​അപേക്ഷിക്കാം. മാർക്ക് നിബന്ധനകളോ പ്രായപരിധിയോ ഏർപ്പെടുത്തിയിട്ടില്ല. അപേക്ഷാ ഫീസ്: ജനറൽ- 1200 രൂപ, ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ല്യൂ.എസ്- 1000 രൂപ, എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി/തേർഡ് ജൻഡർ -650 രൂപ. ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷിക്കാം. https://ncet.samarth.ac.inൽ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭിക്കും. തെറ്റ് തിരുത്തുന്നതിന് മേയ് രണ്ടുമുതൽ നാലുവരെ സൗകര്യം ലഭിക്കും.

എൻ.സി.ഇ.ടി-2024 മെരിറ്റ് ലിസ്റ്റിൽ സ്ഥാനം പിടിക്കുന്നവർക്ക് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര/സംസ്ഥാന സർവകലാശാലകളിലും റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ (ആർ.ഐ.ഇ) എൻ.ഐ.ടികൾ, ഐ.ഐ.ടികൾ എന്നിവിടങ്ങളിലും നാലുവർഷത്തെ ബി.എസ് സി ബി.എഡ്, ബി.എ.ബി.എഡ്, ബി.കോം ബി.എഡ് റഗുലർ കോഴ്സുകളിൽ പ്രവേശനം തേടാം. കേരളത്തിൽ എൻഐ.ടി കാലിക്കറ്റ് (ബി.എസ്.സി ബി.എഡ്-50 സീറ്റ്), കാസർകോട്ടെ കേന്ദ്ര സർവകലാശാല (ബി.എസ്.സി ബി.എഡ് (ഫിസിക്സ്), ബി.എസ്.സി ബി.എഡ് (സുവോളജി), ബി.എ ബി.എഡ് (ഇംഗ്ലീഷ്), ബി.എ ബി.എഡ് (ഇക്കണോമിക്സ്), ബി.കോം ബി.എഡ്. ബി.കോം ബി.എഡിന് 50ഉം മറ്റുള്ളവക്ക് 25 വീതവും സീറ്റ്), കേന്ദ്ര സംസ്കൃത സർവകലാശാല ഗുരുവായൂർ കാമ്പസ് (ബി.എ ബി.എഡ് -100 സീറ്റുകൾ) എന്നിവിടങ്ങളിൽ പ്രവേശനമുണ്ട്. 64 സ്ഥാപനങ്ങളിൽ 6100 സീറ്റുകളാണുള്ളത്. കോഴ്സുകളും പ്രവേശന നടപടികളും ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.

എന്‍.ടി.എ ഹെല്‍പ് ഡെസ്‌ക്: 01140759000, 01169227700. ഇ-മെയില്‍: ncet@nta.ac.in. 

Tags:    
News Summary - Integrated B.ed Entrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT