ബിരുദ പഠനം എന്ന പതിവ് പരിപാടി ഉപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ

ഒരു ബിരുദം നേടിയെടുക്കുക എന്നതായിരുന്നു കുറച്ചു മുമ്പുവരെ ഇന്ത്യൻ  വിദ്യാർഥികളുടെ ലക്ഷ്യം. ഏതെങ്കിലും ലക്ഷ്യത്തിലേക്ക് വിദ്യാർഥികളെ നയിക്കുന്ന ആദ്യ ചുവടുവെപ്പായാണ് ബിരുദ പഠനത്തെ വർഷങ്ങളായി കരുതിയിരുന്നത്. ബിരുദപഠനത്തിന് ശേഷം എന്ത് എന്നതിൽ പോലും വ്യക്തതയില്ലെങ്കിലും വിദ്യാർഥികൾ കോളജിൽ പോയി പഠിക്കാൻ നിർബന്ധിക്കപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ ഇപ്പോൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് തൊഴിൽ വിപണി.

സാങ്കേതികവിദ്യ, പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവ മിക്ക സർവകലാശാലാ പാഠ്യപദ്ധതികളേക്കാളും വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണ്. എ.ഐ പിന്തുണയുള്ള ഉപകരണങ്ങൾ ഉള്ളതിനാൽ പുതിയതെന്തും പഠിക്കുന്നതും വളരെ എളുപ്പമായി.

ഔപചാരിക കോളജ് ബിരുദം വേണ്ടാത്ത തൊഴിൽ മേഖലയാണ് ഇപ്പോഴത്തെ വിദ്യാർഥികൾക്ക് പ്രിയങ്കരം. പഠനം ഉപേക്ഷിക്കുകയല്ല ഇക്കൂട്ടർ. മറിച്ച് വരുമാനം തരുന്ന വ്യത്യസ്തമായ വഴികൾ തേടുകയാണ്. കാരണം വെറുമൊരു ബിരുദം കൊണ്ട് ജോലി കിട്ടില്ലെന്ന് ഉത്തമ ബോധ്യമുള്ളവരാണ് ഇന്നത്തെ വിദ്യാർഥികൾ. അതേസമയം, എൻജിനീയറിങ്ങിനും മെഡിസിനുമുള്ള പ്രിയം നഷ്ടപ്പെട്ടിട്ടുമില്ല.

എ.ഐ ടൂൾ ഹാൻഡ്‌ലിങ്, ഡാറ്റ വിശകലനം, ക്ലൗഡ് സപ്പോർട്ട്, ഡിജിറ്റൽ മാർക്കറ്റിംഗ്, യു.എക്സ് ഡിസൈൻ, സൈബർ സുരക്ഷാ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ഇപ്പോൾ ഹ്രസ്വകാല കോഴ്‌സുകളും ഉണ്ട്. ബിരുദം നേടിയവർ ജോലിക്ക് ബുദ്ധിമുട്ട് നേരിടുന്നത് കണ്ടറിഞ്ഞു വളർന്നർ ഇത്തരം ഹ്രസ്വകാല കോഴ്സുകൾ പഠിക്കാൻ താൽപര്യപ്പെടുകയാണ്. സിദ്ധാന്തങ്ങളിൽ അധിഷ്ഠിതമായ ബിരുദങ്ങളേക്കാൾ കൂടുതൽ പ്രായോഗിക പരിജ്ഞാനത്തിന് ഊന്നൽ നൽകുന്നതാണ് ഈ കോഴ്സുകൾ. ഇന്ത്യയിലുടനീളം സ്കൂൾ പഠനകാലത്ത് തന്നെ ഓൺലൈൻ വഴി വരുമാനം നേടുന്നവരുടെ എണ്ണവും കൂടിവരികയാണ്.

എ.ഐയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ നിർമിക്കുക, ഡിജിറ്റൽ സേവനങ്ങൾ നടത്തുക, ഓൺലൈൻ സ്റ്റോറുകൾ കൈകാര്യം ചെയ്യുക, വിഡിയോ എഡിറ്റ്, ​വെബ്സൈറ്റ് രൂപകൽപന, ടെംപ്ലേറ്റുകളും ഡിജിറ്റൽ ഉൽപ്പന്നങ്ങളും വിൽക്കുക എന്നിവയിലാണ് ജെൻസി വിദ്യാർഥികൾക്ക് താൽപര്യം. എ.ഐയോട് മത്സരിക്കുന്നതിന് പകരം എ.ഐക്കൊപ്പം നിന്ന് പ്രവർത്തിക്കാനാണ് അവർക്ക് താൽപര്യം.

സോഫ്റ്റ്‌വെയർ ടെസ്റ്റിങ്, ഡാറ്റ ഓപറേഷൻസ്, പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്, ഉപഭോക്തൃ അനുഭവം തുടങ്ങിയ തസ്തികകളിൽ സ്ഥിരമായി നിയമനങ്ങൾ നടക്കുന്നുണ്ട്. വിഡിയോ എഡിറ്റർമാർ, സോഷ്യൽ മീഡിയ മാനേജർമാർ, ഡിസൈനർമാർ, പോഡ്‌കാസ്റ്റ് പ്രൊഡ്യൂസർമാർ, കമ്മ്യൂണിറ്റി മാനേജർമാർ എന്നിവരെ നിയമിക്കുന്നത് മാർക്ക് ഷീറ്റുകളല്ല, മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. ലിങ്ക്ഡിനിന്റെ പട്ടികയിൽ 2026ൽ ഇന്ത്യയിൽ അതിവേഗം വളരുന്ന 25 ജോലികളുടെ പട്ടികയിൽ മികച്ച മൂണ്ണെണ്ണം എ.ഐ മേഖലയുമായി ബന്ധപ്പെട്ടതാണ്. 18നും 20നും വയസിനുമിടയിലുള്ള വിദ്യാർഥികൾ വിജയകരമായ സ്റ്റാർട്ടപ്പ് സ്ഥാപകരാകുന്നത് ഇപ്പോൾ മിക്കപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.

Tags:    
News Summary - Indian students are skipping degrees, and earning earlier than ever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.