മെഡിക്കല്‍, എന്‍ജിനീയറിങ്: തീയതി നീട്ടിയില്ളെങ്കില്‍ വിദ്യാര്‍ഥികള്‍ വലയും

തിരുവനന്തപുരം: അപേക്ഷസമര്‍പ്പണം അവസാനിക്കുന്നതിന്‍െറ തൊട്ടുമുമ്പുള്ള കൂട്ട അവധി മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്നു. ഓണ്‍ലൈന്‍ അപേക്ഷസമര്‍പ്പണം ഫെബ്രുവരി 27ന് പൂര്‍ത്തിയാക്കി മുഴുവന്‍ രേഖകളും സഹിതം പകര്‍പ്പ് 28ന് പ്രവേശന പരീക്ഷ കമീഷണറുടെ ഓഫിസില്‍ എത്തിക്കണമെന്നാണ് നിര്‍ദേശം. 
പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ നോണ്‍ക്രീമിലെയര്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്കായി വില്ളേജ് ഓഫിസുകളില്‍ എത്തിയതോടെ പലര്‍ക്കും ഇപ്പോഴും ഇവ ലഭ്യമായിട്ടില്ല. ഇതിനിടെയാണ് വെള്ളിയാഴ്ച അവധിയുമാകുന്നത്. 
പല വില്ളേജ് ഓഫിസിലും ജീവനക്കാര്‍ വെള്ളിയാഴ്ചയിലെ അവധി കണ്ട് ശനിയാഴ്ചയും അവധിയെടുക്കും. ഞായറാഴ്ചയിലെ അവധികൂടി കഴിഞ്ഞ് തിങ്കളാഴ്ചയേ അവശേഷിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കൂ. ഇവ ലഭിച്ച ശേഷമേ ഓണ്‍ലൈന്‍ അപേക്ഷസമര്‍പ്പണം പൂര്‍ത്തിയാക്കാനാവൂ. അതിനുശേഷം അപേക്ഷ പ്രിന്‍റ് എടുത്ത് തിരുവനന്തപുരത്ത് എത്തിക്കാനാകുമോ എന്നതാണ് വിദ്യാര്‍ഥികളുടെ ആശങ്ക. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം ഒരാഴ്ചകൂടി നീട്ടിയാല്‍ പ്രശ്നം പരിഹരിക്കാനാകുമെന്ന് രക്ഷിതാക്കള്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള റവന്യൂ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടാനും അപേക്ഷക്കൊപ്പം സര്‍ട്ടിഫിക്കറ്റിന് പകരം വിദ്യാര്‍ഥി സത്യവാങ്മൂലം നല്‍കിയാല്‍ മതിയെന്നും നേരത്തേ റവന്യൂമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
 പ്രവേശന പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും നിര്‍ദേശിച്ചിരുന്നു. ഇതോടെ മിക്കവരും സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ശ്രമം നടത്തിയതുമില്ല.  
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഉത്തരവിറക്കിയിട്ടില്ല. 
പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് നേരത്തേ പ്രസിദ്ധീകരിക്കുകയും അപേക്ഷസമര്‍പ്പണം ആരംഭിക്കുകയും ചെയ്തതിനാല്‍ അടുത്ത വര്‍ഷം മുതലേ പരിഷ്കാരം നടപ്പാക്കാനാകൂ എന്ന നിലപാടിലായിരുന്നു പ്രവേശന പരീക്ഷ കമീഷണറേറ്റ്. പരിഷ്കാരം നടപ്പാകില്ളെന്ന് ഉറപ്പായതോടെ വില്ളേജ് ഓഫിസുകളില്‍ വിദ്യാര്‍ഥികളുടെ തിരക്ക് നിയന്ത്രണാതീതമായി. 
ഈ സാഹചര്യത്തിലാണ് അപേക്ഷസമര്‍പ്പണത്തിനുള്ള സമയം ഒരാഴ്ചകൂടി നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്. അതേസമയം, കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ലഭിച്ച അപേക്ഷകളുടെ എണ്ണം താരതമ്യം ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പ്രവേശന പരീക്ഷ കമീഷണര്‍ ഡോ.എം.ടി. റെജു പറഞ്ഞു. ആവശ്യമെങ്കില്‍ സമയം ദീര്‍ഘിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് ശിപാര്‍ശ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 
 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.