ഐസറുകളില്‍ നിന്ന് നേടാം ഇരട്ടബിരുദം 

ശാസ്ത്രകുതുകികളായ  വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ ഏഴ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് സയന്‍സ് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് അഥവാ ഐസറുകളില്‍ പഞ്ചവത്സര ബി.എഡ് -എം.എഡ് ഡ്യുവല്‍ ഡിഗ്രി പഠനാവസരം ഒരുങ്ങുന്നു. കേന്ദ്രസര്‍ക്കാറിന് കീഴില്‍ തിരുവനന്തപുരം, തിരുപ്പതി, പുണെ, മൊഹാലി, ഭോപാല്‍, ബര്‍ഹാംപുര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഐസറുകള്‍ പ്രവര്‍ത്തിക്കുന്നത്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് മികച്ച അത്യാധുനിക പഠനസൗകര്യങ്ങളാണ് ഈ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശാസ്ത്രമേലയില്‍ ഉന്നതവിദ്യാഭ്യാസ ഗവേഷണങ്ങളിലൂടെ മികച്ച കരിയര്‍ കണ്ടത്തൊന്‍ പ്ളസ് ടു കഴിയുന്ന ഏതൊരു വിദ്യാര്‍ഥിക്കും ഏറെ അനുയോജ്യമായ സംയോജിത പാഠ്യപദ്ധതിയാണിത്. 
ഇന്‍റര്‍ ഡിസിപ്ളിനറി വിഷയങ്ങളില്‍ സംയോജിത ക്ളാസ്റൂം പഠനങ്ങള്‍ക്ക് പുറമെ ഗവേഷണാധിഷ്ഠിത പഠനങ്ങള്‍ക്കുകൂടി പ്രാധാന്യം നല്‍കുന്നുവെന്നതാണ് ഈ കോഴ്സിന്‍െറ പ്രത്യേകത. അടിസ്ഥാന ശാസ്ത്രവിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി വിഷയങ്ങള്‍ സ്പെഷലൈസ് ചെയ്ത് പഠിക്കാനാകും. 
പൂര്‍ണമായും റെസിഡന്‍ഷ്യല്‍ സമ്പ്രദായത്തിലാണ് കോഴ്സുകള്‍ നടത്തുന്നത്. ആദ്യത്തെ രണ്ടുവര്‍ഷം പൊതുവായ ശാസ്ത്രവിഷയങ്ങളില്‍ അവബോധം നല്‍കുന്നവിധത്തിലാണ് പാഠ്യപദ്ധതി ക്രമീകരിച്ചിട്ടുള്ളത്. അവസാനവര്‍ഷം ഗവേഷണപഠനത്തിന് മാത്രമായി നീക്കിവെച്ചിരിക്കുന്നു. സമ്മര്‍ റിസര്‍ച് പ്രോഗ്രാമുകളുണ്ടാവും. ശാസ്ത്രവിഷയങ്ങളില്‍ 2016ല്‍ മികവോടെ പ്ളസ് ടു/തതുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കും 2017ല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും പ്രവേശനം നേടാം. എന്നാല്‍, 2017-18 വര്‍ഷത്തെ പ്രവേശനത്തിന് കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ)/ഐ.ഐ.ടി.ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2017/സെന്‍ട്രല്‍-സ്റ്റേറ്റ് ബോര്‍ഡ് പരീക്ഷയില്‍ ഉന്നതവിജയം എന്നിവയില്‍ ഒന്നില്‍ യോഗ്യത നേടേണ്ടതുണ്ട്. പ്ളസ് ടു ശാസ്ത്രവിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കില്‍ കുറയാതെ ഉണ്ടാകണം. 
സ്റ്റേറ്റ്-സെന്‍ട്രല്‍ ബോര്‍ഡ് പരീക്ഷകളില്‍ മികവോടെ പ്ളസ് ടു വിജയിച്ചാലും ഐസറുകള്‍ നടത്തുന്ന പ്രത്യേക അഭിരുചിപരീക്ഷയിലും യോഗ്യത നേടേണ്ടതുണ്ട്. ഐസര്‍ ആപ്റ്റിട്യൂഡ് ടെസ്റ്റ് ദേശീയതലത്തില്‍ നടത്തും. 
കെ.വി.പി.വൈ യോഗ്യത അല്ളെങ്കില്‍ ജെ.ഇ.ഇ ഉള്‍പ്പെടെയുള്ള മറ്റ് ചാനലുകള്‍ വഴി പ്രവേശനം ലഭിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 5000 രൂപ വീതം സ്കോളര്‍ഷിപ്പും ലഭ്യമാകും. അഞ്ചുവര്‍ഷമാണ് പഠനകാലാവധി. ഐസറുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍വഴി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. അപേക്ഷാസമര്‍പ്പണത്തിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ www.iiseradmission.in 2017 മേയ് 22 ന് സജ്ജമാകും. പ്രവേശനവിജ്ഞാപനം പ്രത്യേകമുണ്ടാവും. അപേക്ഷാഫീസായി 2000 രൂപ ഈടാക്കും. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 1000 രൂപ മതിയാകും. 
ചെയര്‍മാന്‍, ജോയന്‍റ് അഡ്മിഷന്‍സ് കമ്മിറ്റിയാവും ഇക്കൊല്ലത്തെ പ്രവേശന നടപടികള്‍ക്ക് നേതൃത്വം നല്‍കുക. 
രാജ്യത്തെ ഏഴ് ഐസറുകളുടെയും പ്രവേശനനടപടിക്രമങ്ങളുടെ വിശദവിവരങ്ങള്‍ മെയ് 22 ന് www.iiseradmission.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും. സംശയദൂരീകരണത്തിന് ask-jac@iiserpune.ac.in എന്ന ഇ-മെയില്‍ വിലാസത്തിലും 
ബന്ധപ്പെടാം. 
ഐസര്‍ ഭോപാലില്‍ എന്‍ജിനീയറിങ് 
സയന്‍സും പഠിക്കാം
ഐസര്‍ ഭോപാലില്‍ ബി.എഡ്-എം.എഡ് ഡ്യുവല്‍ ഡിഗ്രി കോഴ്സില്‍ ഇക്കൊല്ലം മുതല്‍ പുതുതായി എന്‍ജിനീയറിങ് സയന്‍സും സോഷ്യലൈസ് ചെയ്ത് പഠിക്കാം. 2017 ആഗസ്റ്റില്‍ ആരംഭിക്കുന്ന കോഴ്സില്‍ കെമിക്കല്‍ എന്‍ജിനീയറിങ് (www.iiserb.ac.in), ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് കമ്പ്യൂട്ടര്‍ സയന്‍സ് (www.iiserb.ac.in/eecs) വിഷയങ്ങളിലാണ് പുതുതായി പഠനാവസരമൊരുക്കിയിട്ടുള്ളത്. 
ബി.എഡ് എം.എഡ് കോഴ്സില്‍ ഇവിടെ നേരത്തെ ബയോളജിക്കല്‍ സയന്‍സ്, കെമിസ്ട്രി, എര്‍ത്ത് ആന്‍ഡ് എന്‍വയണ്‍മെന്‍റല്‍ സയന്‍സസ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളില്‍ പഠനസൗകര്യങ്ങളുണ്ട്. 
ബി.എഡ്-എം.എഡ് എന്‍ജിനീയറിങ് സയന്‍സ് വിഷയങ്ങളില്‍ പ്രവേശനം ‘ജോയന്‍റ് ഐസര്‍ അഡ്മിഷന്‍ 2017’ നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കും. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.iiserb.ac.inഎന്ന വെബ്സൈറ്റില്‍ ലഭ്യമാകും.
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.