സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടത്താമെന്ന് ഹൈകോടതി

തിരുവനന്തപുരം: സംസ്ഥാനത്തു സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. അവധിക്കാല ക്ലാസുകളുമായി മുന്നോട്ടു പോകാമെന്ന് ഹൈകോടതി വ്യക്തമാക്കി. എന്നാൽ, ചൂടിനെ പ്രതിരോധിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈകോടതി നിർദേശിച്ചു.

അവധിക്കാല ക്ലാസ് നിരോധിച്ചുകൊണ്ടുള്ള 2017ലെ സർക്കാർ ഉത്തരവ് കർശനമായി പാലിക്കണമെന്നും ഇക്കാര്യം വിദ്യാഭ്യാസ ഓഫിസർമാർ ഉറപ്പു വരുത്തണമെന്നും നിർദേശം ലംഘിച്ചു ക്ലാസ് നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. അവധിക്കാലത്ത് ഒരു തരത്തിലുമുള്ള ക്ലാസും നടത്തരുതെന്നായിരുന്നു 2017ലെ ഉത്തരവ്. ദേശീയ ബാലാവകാശ കമ്മിഷന്റെ കൂടി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

വേനൽ ചൂട് കടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ക്ലാസുകൾ നടത്തുന്നത് കുട്ടികളെ ബുദ്ധിമുട്ടിലാക്കുമെന്നും അന്നത്തെ സർക്കുലർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ലംഘിച്ച് ഇപ്പോഴും ഒട്ടേറെ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നതായി വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണു പഴയ ഉത്തരവ് കർശനമാക്കാൻ നടപടി സ്വീകരിച്ചത്. 

Tags:    
News Summary - High Court says vacation classes can be held in schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.