കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ജാതി സർവേ; കർണാടകയിൽ ഒക്ടോബർ എട്ടുമുതൽ 18 വരെ സ്കൂളുകൾക്ക് അവധി

ബംഗളൂരു: കർണാടകയിലെ സ്കൂളുകൾക്ക് ഒക്ടോബർ എട്ടു മുതൽ 18 വരെ അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജാതി സർവേ നടക്കുന്നതിനോടനുബന്ധിച്ചാണിത്. ജാതി സർവേക്കായി ഡാറ്റകൾ ശേഖരിക്കുന്നതിൽ അധ്യാപകരും പങ്കാളികളാണ്. ചൊവ്വാഴ്ചയാണ് ​ജാതി സർവേ നടപടികൾ പൂർത്തിയാവേണ്ടിയിരുന്നത്. എന്നാൽ ചില ജില്ലകളിലെ സർവേ നടപടികളിൽ കാലതാമസം നേരിട്ടതിനാൽ സർവേ പൂർത്തിയാക്കാൻ ഒക്ടോബർ 10 വരെ സമയം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

ഒക്ടോബർ ഏഴിനാണ് ജാതി സർവേ പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ ചില ജില്ലകളിൽ നടപടികൾ പൂർത്തിയായിട്ടില്ല. അതിനാലാണ് സമയം നീട്ടിനൽകിയതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

ഉദാഹരണമായി കൊപ്പൽ ജില്ലയിൽ 97 ശതമാനം നടപടികളാണ് പൂർത്തിയായത്.ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ ഇത് യഥാക്രമം 63,60 ശതമാനമാണ്. സംസ്ഥാനത്തുടനീളം വിചാരി​ച്ചത്ര വേഗതയിൽ സർവേ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് സെപ്റ്റംബർ 22 മുതലാണ് ജാതി സർവേ തുടങ്ങിയത്. 

തുടർന്നാണ് ഒക്ടോബർ 18 വരെ സമയം അനുവദിച്ചത്. അതേസമയം, പരീക്ഷ ചുമതലകളുള്ള അധ്യാപകരെ സർവേ ജോലികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർവേ ജോലികൾക്കിടെ മരിച്ച മൂന്ന് ജീവനക്കാരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം പിന്നാക്ക വകുപ്പാണ് സർവേ നടത്തുന്നത്. 420 കോടി രൂപ ചെലവിൽ സംസ്ഥാനത്തെ 1.43 കോടിയിലേറെ വീടുകൾ അടിസ്ഥാമാക്കിയാണ് സർവേ. ജാതി സെൻസസ് നടത്തുന്ന രീതിയിലും ചോദിക്കുന്ന ചോദ്യങ്ങളുടെ സ്വഭാവത്തിലും പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പി നേരത്തെ എതിർപ്പ് ഉന്നയിച്ചിരിടുന്നു. 

ജാതി സെൻസസിനെ വിമർശിച്ച മുഴുവൻ പ്രതിപക്ഷ നേതാക്കളെയും 'കപടത നിറഞ്ഞ നേതാക്കൾ' എന്നാണ് സിദ്ധരാമയ്യ വിശേഷിപ്പിച്ചത്. ഒരുകാലത്ത് ബിഹാറിലും തെലുങ്കാനയിലും ജാതി സെൻസസിനെ പിന്തുണച്ചിരുന്ന കേന്ദ്രസർക്കാർ ജാതി സെൻസസ് ആരംഭിച്ച കർണാടകയിൽ ബഹിഷ്ക്കരണത്തിനാണ് ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുല്യ പ്രാധിനിത്യം ഉറപ്പുകുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും സിദ്ധരാമയ്യ പറഞ്ഞു.

 

Tags:    
News Summary - Govt schools to remain shut in Karnataka till Oct 18 for caste survey: CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.