വാഷിങ്ടൺ ഡി.സി: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ പാർട് ടൈം ജോലികൾ ഉപേക്ഷിക്കാൻ നിർബന്ധിതരായി ഇന്ത്യൻ വിദ്യാർഥികൾ. ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർഥികൾ യു.എസിൽ പഠിക്കുന്നുണ്ട്. ഇവരിൽ വലിയ പങ്ക് വിദ്യാർഥികളും പഠനത്തോടൊപ്പം പാർട് ടൈം ജോലികൾ ചെയ്ത് വരുമാനം കണ്ടെത്തുന്നവരാണ്. എന്നാൽ, ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഇത്തരം ജോലികൾ ചെയ്യുന്നത് നിയമവിരുദ്ധമാകുമോയെന്ന ഭയത്താലാണ് വിദ്യാർഥികൾ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നത്.
പല വിദ്യാർഥികളും വായ്പയെടുത്തും മറ്റുമാണ് യു.എസിലെ സ്ഥാപനങ്ങളിൽ പഠിക്കുന്നത്. റസ്റ്ററന്‍റുകൾ, ഗ്യാസ് സ്റ്റേഷനുകൾ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ പാർട് ടൈം ജോലി ചെയ്താണ് പലരും വരുമാനം കണ്ടെത്തുന്നത്. താമസ വാടക ഉൾപ്പെടെയുള്ള ജീവിതച്ചെലവുകൾ നേരിടാൻ ഇത്തരം പാർട് ടൈം ജോലികൾ കൂടിയേ തീരൂവെന്ന് പല വിദ്യാർഥികളും ചൂണ്ടിക്കാട്ടുന്നു.
യു.എസിലെ നിയമപ്രകാരം എഫ്-1 വിസയിലുള്ള വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ വരെ ക്യാമ്പസിനുള്ളിൽ ജോലി ചെയ്യാം. എന്നാൽ, ഏറിയ പങ്ക് വിദ്യാർഥികളും ക്യാമ്പസിന് പുറത്ത് പാർട് ടൈം ജോലി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്. ഇവയിലേറെയും രേഖകളിലില്ലാത്ത ജോലിയുമാണ്.
ഇങ്ങനെ ജോലിയിലേർപ്പെടുന്നത് തങ്ങളുടെ ഭാവിയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. അനധികൃത തൊഴിലാളികളെ കണ്ടെത്തുന്ന കൂട്ടത്തിൽ തങ്ങളെയും പിടികൂടിയാൽ നാടുകടത്തുമോയെന്നതാണ് ഭയം. ഇതോടെ നിരവധി വിദ്യാർഥികൾ ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ ജോലി ഉപേക്ഷിച്ചുകഴിഞ്ഞു. ഏതാനും മാസങ്ങൾ ജോലിയിൽ നിന്ന് മാറിനിൽക്കാനും പിന്നീട് സാഹചര്യം വിലയിരുത്തി മുന്നോട്ടുപോകാനുമാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.
ഇതിനിടെ, ജൻമാവകാശ പൗരത്വം അവസാനിപ്പിച്ചുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സിസേറിയൻ വഴിയുള്ള പ്രസവത്തിന് ഇന്ത്യൻ ദമ്പതിമാർ തിരക്ക് കൂട്ടുന്നതായ റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഫെബ്രുവരി 20ഓടെ യു.എസിലെ ജൻമാവകാശ പൗരത്വം അവസാനിപ്പിക്കുമെന്നാണ് ട്രംപിന്റെ അന്ത്യശാസനം. ഫെബ്രുവരി 19നുള്ളിൽ യു.എസിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മാത്രമേ ജൻമാവകാശ പൗരത്വത്തിന് അർഹതയുണ്ടാവുകയുള്ളൂ. എന്നാൽ, ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അപ്പീലിനൊരുങ്ങുകയാണ് ട്രംപ്.
അധികാരത്തിലേറിയതിനു പിന്നാലെ കടുത്ത ഭരണപരിഷ്കാരങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഡോണൾഡ് ട്രംപ്. രാജ്യത്തെ തൊഴിലിടങ്ങളിൽ വ്യത്യസ്ത വിഭാഗങ്ങൾക്ക് തുല്യപരിഗണനയും അവസരവും ഉറപ്പാക്കുന്ന ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡി.ഇ.ഐ) പദ്ധതി നിർത്തലാക്കാൻ നടപടി തുടങ്ങി.
യു.എന്നിന്റെ കീഴിൽ പ്രവർത്തിക്കുന്ന ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കും. ‘സംഘടന അമേരിക്കയെ വല്ലാതെ ചൂഷണം’ ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതോടെ, ലോകാരോഗ്യ സംഘടനക്കുള്ള അമേരിക്കയുടെ സർവ സാമ്പത്തിക സഹായങ്ങളും നിലക്കും.
2030ഓടെ അമേരിക്കയിൽ വിറ്റഴിക്കുന്ന വാഹനങ്ങളിൽ പകുതിയും ഇലക്ട്രിക് വാഹനങ്ങളാക്കണമെന്നായിരുന്നു ജോ ബൈഡന്റെ നയം. ഇതുസംബന്ധിച്ച് അദ്ദേഹം എക്സിക്യൂട്ടിവ് ഓർഡർ പുറപ്പെടുവിച്ചിരുന്നു. അത് മരവിപ്പിച്ചു. ‘പരമ്പരാഗത വാഹന വ്യവസായത്തെ തകർക്കില്ല’ എന്നാണ് ഇതിന് ട്രംപ് പറയുന്ന ന്യായം. വലിയ പാരിസ്ഥിതികാഘാതങ്ങൾക്ക് വഴിവെക്കും.
നിലവിലെ ‘ജെൻഡർ ഐഡിയോളജി ഗൈഡൻസ്’ മരവിപ്പിച്ചു. ബൈഡന്റെ എക്സിക്യൂട്ടിവ് ഓർഡർ പ്രകാരം, ഏതൊരു വ്യക്തിക്കും സ്ത്രീ-പുരുഷ സ്വത്വത്തിന് പുറമെ മറ്റു ലിംഗസ്വത്വങ്ങൾ സ്വീകരിക്കാനും അത് പ്രഖ്യാപിക്കാനും അവകാശമുണ്ട്. എന്നാൽ, പുതിയ ഉത്തരവിലൂടെ ലൈംഗിക സ്വത്വം സ്ത്രീ, പുരുഷൻ എന്നിവ മാത്രമായിരിക്കും. ഇതിനുപുറമെ, സ്വവർഗ രതിക്കാർ, ട്രാൻസ്ജെൻഡറുകൾ തുടങ്ങിയ വിഭാഗങ്ങൾക്കെതിരെ ഉണ്ടാകുന്ന വിവേചനങ്ങൾ, ആക്രമണങ്ങൾ എന്നിവക്കെതിരായ നിയമ നടപടികളും ഇനിയുണ്ടാവില്ല. ഫലത്തിൽ ഇതര ലിംഗ സ്വത്വക്കാർക്കെതിരായ ആക്രമണത്തിനും മറ്റും സാധ്യതയുണ്ട്.
ഇത് എക്സിക്യൂട്ടിവ് ഓർഡർ അല്ല; മറിച്ച് വൈറ്റ് ഹൗസിന്റെ പ്രത്യേക ഉത്തരവാണ്. രാജ്യത്തിന്റെ തെക്കൻ അതിർത്തികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മെക്സിക്കോയിൽനിന്നുള്ള കുടിയേറ്റം പൂർണമായും ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ട്രംപിന്റെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിലൊന്ന്.
ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിന്റെ മുന്നോടിയായി 2021 ഫെബ്രുവരി ആറിന് കാപിറ്റോൾ ലക്ഷ്യമാക്കി ട്രംപ് അനുയായികൾ നടത്തിയ ആക്രമണ സംഭവങ്ങളിലെ നിയമ നടപടികൾ മരവിപ്പിച്ചു. പ്രതികൾക്ക് മാപ്പ് നൽകി. പ്രതികളായ 1500ലധികം പേർ ഇതോടെ രക്ഷപ്പെട്ടു.
ആഗോള താപനം ചെറുക്കുന്നതിനായി 2015ൽ പാരിസിൽ നടന്ന ലോക കാലാവസ്ഥ ഉച്ചകോടിയിൽ ഒപ്പുവെച്ച ഉടമ്പടിയിൽനിന്ന് (പാരിസ് ഉടമ്പടി) ട്രംപ് പിന്മാറി. കാർബൺ ബഹിർഗമനം കുറക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയോട് നേരത്തെതന്നെ ട്രംപ് വിയോജിച്ചിരുന്നു. 2017ൽ, അദ്ദേഹം ഉടമ്പടിയിൽനിന്ന് പിന്മാറി. പിന്നീട് ബൈഡൻ വന്നപ്പോൾ തീരുമാനം പിൻവലിച്ചു. ഇപ്പോൾ വീണ്ടും കരാറിൽനിന്ന് പിന്മാറിയിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ ബഹിർഗമനം നടത്തുന്നത് അമേരിക്കയും ചൈനയുമാണ്. ഇത് നിയന്ത്രിക്കുന്നതിനൊപ്പം, ബഹിർഗമനത്തിന് നഷ്ട പരിഹാരവും നൽകണം. ഇത് ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ പിന്മാറ്റം. കാലാവസ്ഥാ പ്രതിസന്ധിയെയും ആഗോള താപനത്തെയും ചെറുക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് പാരിസ് ഉടമ്പടി. ഇതിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യാൻ കഴിയുന്ന രാജ്യത്തിന്റെ പിന്മാറ്റം വലിയ പ്രതിസന്ധികൾക്കിടയാക്കും. ട്രംപിന്റെ അഭിപ്രായത്തിൽ, കാലാവസ്ഥാ മാറ്റം എന്നത് കേവലം ഗൂഢാലോചന സിദ്ധാന്തമാണ്.
വെസ്റ്റ് ബാങ്കിൽ അനധികൃതമായി കുടിയേറ്റം നടത്തുന്ന ഇസ്രായേലികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന നിയമം ബൈഡൻ പുറപ്പെടുവിച്ചിരുന്നു. ഇതും ട്രംപ് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.