സ്വയംഭരണാവകാശം അപകടത്തിലാവും; യു.ജി.സിയുടെ പുതിയ വി.സി, അധ്യാപക നിയമന ചട്ടങ്ങളിൽ സംസ്ഥാനത്തെ കോളജുകൾ ആശങ്കയിൽ

ന്യൂഡൽഹി: അധ്യാപകരുടെയും വൈസ് ചാൻസലർമാരുടെയും നിയമനവുമായി ബന്ധപ്പെട്ട യു.ജി.സി ചട്ടങ്ങൾ അംഗീകരിച്ചാൽ സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശം അപകടത്തിലാകുമെന്ന് സംസ്ഥാനതല സർവകലാശാലകളിലെയും കോളജുകളിലെയും അധ്യാപകരെ പ്രതിനിധീകരിക്കുന്ന സംഘടനയായ ആൾ ഇന്ത്യ ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (AIFUCTO).

കഴിഞ്ഞ ആഴ്ച യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ ഈ വിഷയത്തിൽ കരട് ചട്ടങ്ങൾ പുറത്തിറക്കിയിരുന്നു. ഫെബ്രുവരി 5 നകം ബന്ധപ്പെട്ടവരിൽ നിന്ന് അഭിപ്രായവും തേടിയിട്ടുണ്ട്.

നിർദിഷ്ട നയം സംസ്ഥാന സർവകലാശാലകളിലെ വി.സി നിയമനങ്ങളിൽ ‘തീവ്രമായ കേന്ദ്രീകരണ’ത്തിലേക്ക് നയിക്കുമെന്ന് യൂനിവേഴ്സിറ്റി ആൻഡ് കോളജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പറഞ്ഞു. യു.ജി.സി അതിന്റെ നിലവിലെ കരട് ചട്ടങ്ങളിലൂടെ വിഭാവനം ചെയ്യുന്നതു പോലെയുള്ള അങ്ങേയറ്റത്തെ കേന്ദ്രീകരണം, സംസ്ഥാനങ്ങളുടെ ബാധ്യതയെ മാത്രമല്ല സർവകലാശാലകളുടെ സ്വയംഭരണാവകാശവും നിഷേധിക്കുന്നു. കൂടാതെ, യു.ജി.സിയുടെ നിർദേശങ്ങൾക്ക് അനുസൃതമായി പോലും തങ്ങളുടെ ഐഡന്റിറ്റി നിലനിർത്താൻ ആഗ്രഹിക്കുന്ന സർവകലാശാലകൾക്ക് യു.ജി.സി ശിക്ഷകൾ നിർദേശിച്ചിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

നിയമങ്ങളിൽ യു.ജി.സിയുടെ ആവർത്തിച്ചുള്ള ഭേദഗതികൾ കരിയർ മുന്നേറ്റത്തിനുള്ള നിലവിലുള്ള പാതകളെക്കുറിച്ച് അക്കാദമിക് സമൂഹത്തിൽ കൂടുതൽ ആശയക്കുഴപ്പം സൃഷ്ടിച്ചതായി സംഘടനയുടെ ജനറൽ സെക്രട്ടറി അരുൺ കുമാർ പ്രതികരിച്ചു.

‘കേന്ദ്ര സർക്കാറിന്റെ ഹിഡൻ അജണ്ടക്ക് അനുസൃതമായി, യു.ജി.സി അതിന്റെ പുതിയ നിയന്ത്രണങ്ങളിലൂടെ സംസ്ഥാന സർവകലാശാലകളിലെ വി.സിമാരെ നിയമിക്കാനുള്ള പൂർണ അധികാരം ഗവർണറുടെ ഓഫിസിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. വിദ്യാഭ്യാസം ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ പെട്ടതാണ്. അതിനാൽ സംസ്ഥാന സർവകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാറുകളുടെ പങ്ക് നിഷേധിക്കുന്നത് ഇന്ത്യ സ്ഥാപിച്ച ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും പ്രസ്താവനയിൽ പറയുന്നു.

കരട് ചട്ടങ്ങൾ ഉടൻ പിൻവലിക്കണമെന്നും റിക്രൂട്ട്‌മെന്റ് നയത്തിൽ എന്തെങ്കിലും മാറ്റംകൊണ്ടുവരികയാണെങ്കിൽ അധ്യാപക സംഘടനകളുമായും അക്കാദമിക വിദഗ്ധരുമായും ആലോചിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഗവേഷണം നടത്തുന്നതിനുള്ള റെഗുലേറ്ററിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാനിലെ മൂന്ന് സ്വകാര്യ സർവകലാശാലകളെ അടുത്ത അഞ്ച് വർഷത്തേക്ക് പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിൽ നിന്ന് യു.ജി.സി വിലക്കിയിരിക്കുകയാണ്.

Tags:    
News Summary - ‘Extreme centralisation’: State colleges worry over new UGC rules on hiring of VCs, teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.