ടാസ്ക് ഫോഴ്സിലെ അംഗങ്ങൾ

ഐ.എസ്.ആർ.ഒ മുൻ മേധാവി മുതൽ ഐ.ബി മുൻ ഡയറക്ടർ വരെ; പരീക്ഷാ പരിഷ്കാരങ്ങൾക്ക് നന്ദൻ നിലേക്കനിക്കൊപ്പം ആറംഗ വിദഗ്ധ സമിതി

ന്യൂഡൽഹി: രാജ്യത്തെ പ്രവേശന പരീക്ഷാ സംവിധാനത്തെ സമഗ്രമായി നവീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഉന്നതതല ടാസ്‌ക് ഫോഴ്സിൽ ഇൻഫോസിസ് സഹസ്ഥാപകനും ആധാർ പദ്ധതിയുടെ ശിൽപിയുമായ നന്ദൻ നിലേക്കനിക്കൊപ്പം മറ്റു പ്രമുഖരും. സാങ്കേതികവിദ്യ, ബഹിരാകാശ ഗവേഷണം, ആഭ്യന്തര സുരക്ഷ, ഉന്നത വിദ്യാഭ്യാസം, പൊതുഭരണം എന്നീ മേഖലകളിൽ നിന്നുള്ള പ്രമുഖരാണ് ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും ക്രമക്കേടുകൾ ഒഴിവാക്കുന്നതിനും രൂപവത്കരിക്കുന്ന ടാസ്ക് ഫോഴ്സിലുള്ളത്.

ചോദ്യപേപ്പർ ചോർച്ച ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉയർന്നുവന്ന യുവജനരോഷം തണുപ്പിക്കുകയാണ് ഇതിലൂടെ കേന്ദ്രസർക്കാറിന്റെ ലക്ഷ്യം. നന്ദൻ നിലേക്കനി അധ്യക്ഷനാകുന്ന ആറംഗ സമിതി ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻ.ടി.എ) പ്രവർത്തനരീതി മുതൽ പരീക്ഷാ സുരക്ഷ വരെ വിലയിരുത്തി ശിപാർശകൾ സമർപ്പിക്കും. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ എസ്. സോമനാഥ്, ഇന്റലിജൻസ് ബ്യൂറോ മുൻ ഡയറക്ടർ തപൻ ദേഖ, ഐ.ഐ.ടി മദ്രാസ് ഡയറക്ടർ വി. കാമകോടി, മുൻ വിദ്യാഭ്യാസ സെക്രട്ടറി അനിതാ കർവാൾ, ലോജിസ്‌റ്റിക്‌സ്‌ വിദഗ്‌ധൻ അമൃത്‌ലാൽ മീണ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. പരീക്ഷാ നടത്തിപ്പിന്റെ സാങ്കേതിക, സുരക്ഷാ, ഭരണപരമായ എല്ലാ വശങ്ങളും ഒരുമിച്ച് പരിശോധിക്കാനാണ് വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

സമിതിയുടെ അധ്യക്ഷനായ നന്ദൻ നിലേക്കനിക്ക് പരീക്ഷാ സംവിധാനത്തെ കൂടുതൽ വിശ്വസനീയവും സാങ്കേതികവിദ്യ അധിഷ്ഠിതവുമാക്കാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ആധാർ പദ്ധതി, ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം, ഡാറ്റ മാനേജ്മെന്റ്, സുരക്ഷിത ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവയിൽ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് നന്ദൻ നിലേക്കനി.

സമിതി പ്രധാനമായും ചോദ്യപേപ്പർ തയാറാക്കൽ, എൻക്രിപ്ഷൻ, സുരക്ഷിത കൈമാറ്റം, പരീക്ഷാ കേന്ദ്രങ്ങളുടെ നിരീക്ഷണം, ഡിജിറ്റൽ ഓഡിറ്റ്, വിദ്യാർഥികളുടെ തിരിച്ചറിയൽ സംവിധാനം, കൃത്രിമബുദ്ധി ഉപയോഗിച്ച് ക്രമക്കേടുകൾ കണ്ടെത്തൽ, സൈബർ സുരക്ഷ, ദേശീയ പരീക്ഷാ ഏജൻസിയുടെ ഭരണഘടന എന്നിവ പരിശോധിക്കും. സാങ്കേതികവിദ്യ ഉപയോഗിച്ച് ചോദ്യ പേപ്പർ ചോർച്ച പൂർണമായും ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങളാണ് സമിതി സമർപ്പിക്കുക.

നീറ്റ് 2026 ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി വിദ്യാർഥികൾ നടത്തിയ പ്രതിഷേധവും പരീക്ഷാ സംവിധാനത്തോടുള്ള വിശ്വാസക്കുറവും പരിഗണിച്ചാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നത് സർക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. വിദ്യാർഥികളുടെ ഭാവികൊണ്ട് കളിച്ചവർ ഇപ്പോൾ ജയിലിലാണെന്നും, ചോദ്യ പേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപവത്കരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ഇതിനൊപ്പം പരീക്ഷാ സംവിധാനത്തെ കൂടുതൽ സുതാര്യവും വിശ്വസനീയവും സാങ്കേതികവിദ്യ അധിഷ്ഠിതവുമാക്കുന്നതിനുള്ള ദീർഘകാല പരിഷ്കാരങ്ങളാണ് പുതിയ ടാസ്‌ക് ഫോഴ്സിന്റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേർത്തു.

Tags:    
News Summary - Exam Reform Task Force Full Members List

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.