കാനഡയിൽ 12 ആഴ്ചത്തെ ഇന്റേൺഷിപ് ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരം

കാനഡയിലെ സർവകലാശാലകളിലും അക്കാദമിക് സ്ഥാപനങ്ങളിലും ഗവേഷണ ഇന്റേൺഷിപ്പിന് ഇന്ത്യൻ വിദ്യാർഥികൾക്ക് അവസരം. എ.ഐ.സി.ടി.ഇ–മിടാക്‌സ് ഗ്ലോബാലിങ്ക് റിസർച് ഇന്റേൺഷിപ് (ജി.ആർ.ഐ) പദ്ധതിയിലൂടെയാണ് അവസരം. 12 ആഴ്ച നീളുന്ന ഇന്റേൺഷിപ്പിൽ ഇന്ത്യയിൽനിന്ന് 300 വിദ്യാർഥികൾക്ക് പങ്കെടുക്കാം. യാത്ര, താമസം, ഭക്ഷണം എന്നിവക്കുള്ള ചെലവുകൾക്കു പുറമേ സ്റ്റൈപൻഡും ലഭിക്കും. സെപ്റ്റംബർ 16 ഉച്ചക്ക് 1 മണി വരേ അപേക്ഷിക്കാം.

യോഗ്യത: എൻജിനീയറിങ്, ടെക്‌നോളജി വിഷയങ്ങളിൽ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള കോളജുകളിൽ ബിരുദമോ ഇന്റഗ്രേറ്റഡ് പി.ജി പ്രോഗ്രാമോ ചെയ്യുന്ന വിദ്യാർഥികൾക്കാണ് അവസരം. പഠനത്തിന്റെ രണ്ടുവർഷം പൂർത്തിയാക്കിയവരോ നിലവിൽ രണ്ടാംവർഷം പഠിക്കുന്നവരോ ആയിരിക്കണം. കുറഞ്ഞത് 70 ശതമാനം ക്യുമുലേറ്റിവ് ഗ്രേഡും ആവശ്യമാണ്. അംഗീകൃത കോളജുകളുടെ പട്ടിക വെബ്സൈറ്റിൽ ലഭ്യമാണ്.

ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം വേണം. എന്നാൽ ഇന്ത്യക്കാർക്ക് പ്രത്യേക ഭാഷാ പരീക്ഷ നിർബന്ധമല്ല. 2028 ജനുവരി വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ടും ഉണ്ടായിരിക്കണം. വെബ്സൈറ്റിൽ നിർദേശിച്ച മാതൃകയിലുള്ള പ്രഫസറുടെ റഫറൽ കത്തും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ബയോഡേറ്റ, അക്കാദമിക് ട്രാൻസ്ക്രിപ്റ്റുകൾ എന്നിവയും അപ്‌ലോഡ് ചെയ്യണം.

ഗവേഷണ പ്രോജക്ടുകൾ: കാനഡയിലെ സർവകലാശാലകളിൽ പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഗവേഷണ പ്രോജക്ടുകളുടെ പട്ടിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ഇതിൽനിന്ന് താൽപര്യമുള്ള കുറഞ്ഞത് മൂന്ന് പ്രോജക്ടുകൾ അപേക്ഷകർ തിരഞ്ഞെടുക്കണം. 2027 മേയ് മുതൽ ജൂലൈ വരെയാണ് ഇന്റേൺഷിപ് ആരംഭിക്കുക.

വിശദവിവരങ്ങൾക്ക്: https://www.mitacs.ca/our-programs/globalink-research-internship-students

Tags:    
News Summary - 12-week internship in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.