ബിസിനസ് സാധ്യതക്കപ്പുറം മനുഷ്യസാധ്യത തിരിച്ചറിയണമെന്ന് ശശികുമാർ ശ്രീധരൻ
തിരുവനന്തപുരം: സ്മാർട്ടും ഡിജിറ്റലുമായ പുതിയ ലോകത്ത് ഉൽപന്നങ്ങളും സേവനങ്ങളും അനുഭവങ്ങളായി മാറുകയാണെന്നും വിവിധ മേഖലകൾ തമ്മിലുള്ള അതിരുകൾ മങ്ങിക്കൊണ്ടിരിക്കുന്നത് സൂക്ഷ്മമായി വിലയിരുത്താൻ കഴിയണമെന്നും ഗൂഗിൾ ക്ലൗഡ് (ഇന്ത്യ) മാനേജിങ് ഡയറക്ടർ ശശികുമാർ ശ്രീധരൻ പറഞ്ഞു. ഓരോ പ്രശ്നത്തിന്റെയും പിന്നിലുള്ള അവസരത്തെ വെറും ബിസിനസ് സാധ്യതയായി കാണാതെ മനുഷ്യന്റെയും സമൂഹത്തിന്റെയും സാധ്യതയായി തിരിച്ചറിയാൻ പുതിയ തലമുറക്ക് കഴിയണമെന്നും ശശികുമാർ ശ്രീധരൻ പറഞ്ഞു. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ നാലാമത് ബിരുദദാന ചടങ്ങിൽ ഗസ്റ്റ് ഓഫ് ഓണറായി പങ്കെടുത്ത് സംസാരിക്കയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കേരള, തമിഴ്നാട് ഗവർണറും ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ ചാൻസലറുമായരാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അധ്യക്ഷത വഹിച്ചു. കൊളോണിയൽ വിദ്യാഭ്യാസം പ്രധാനമായും സേവകരെ സൃഷ്ടിക്കുന്നതായിരുന്നെങ്കിൽ, പുതിയ വിദ്യാഭ്യാസ മാതൃകകൾ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ കഴിവുള്ളവരെ സൃഷ്ടിക്കുന്നതാണെന്ന് ഗവർണർ പറഞ്ഞു. ജോലി നേടുന്നതിൽ മാത്രം ഒതുങ്ങാതെ രാജ്യത്തിന് എന്ത് സംഭാവന ചെയ്യാൻ കഴിയും എന്ന ചിന്തയിലേക്ക് ബിരുദധാരികൾ വളരണമെന്നും ഗവർണർ പറഞ്ഞു.
2024-26 അകാദമിക് വർഷത്തിൽ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ ആദ്യ ബാച്ച് പി.എച്ച്.ഡി ഗവേഷകർക്കുമുള്ള ബിരുദ സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ ഗവർണർ വിതരണം ചെയ്തു. വൈസ് ചാൻസലർ പ്രഫ. സജി ഗോപിനാഥ്, രജിസ്ട്രാർ ഡോ. എ. മുജീബ്, ഡീൻ (അക്കാദമിക്സ് ) പ്രൊഫ. ആർ. ജയശങ്കർ, ഡീൻ ( റിസർച്ച് ) പ്രഫ. അഷ്റഫ് എസ്., പരീക്ഷാ കൺട്രോളർ ഡോ. അലക്സ് പി. ജെയിംസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.