പഠനത്തിന് എ.​ഐ ഉപയോഗിക്കുന്ന വിദ്യാർഥികൾക്ക് മാർക്ക് കുറവ്; ഗണിതവും ശാസ്ത്രവും കീറാമുട്ടി, പഠനം

പാരിസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കൂടുതൽ ആശ്രയിക്കുന്ന വിദ്യാർഥികളുടെ അകാദമിക് പ്രകടനത്തിൽ കനത്ത തിരിച്ചടി നേരിടുന്നതായി റിപ്പോർട്ട്. ഓർഗനൈസേഷൻ ഫോർ ഇകണോമിക് കോ ഓപറേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ 2025ലെ പ്രോഗ്രാം ഫോർ ഇന്റർനാഷണൽ സ്റ്റുഡന്റ് അസസ്‌മെന്റ് (പിസ) പഠനത്തിലാണ് വിവരം.

91 രാജ്യങ്ങളിലെ 15 വയസ്സുകാരായ 7.6 ലക്ഷം വിദ്യാർഥികളിലായിരുന്നു പഠനം. വിദ്യാർഥികളുടെ വായനാശീലം കുത്തനെ കുറഞ്ഞു. ഗണിതം, ശാസ്ത്രം എന്നീ മേഖലകളിൽ വിദ്യാർഥികളുടെ പ്രകടനം വൻതോതിൽ ഇടിഞ്ഞുവെന്നും പഠനത്തിൽ പറയുന്നു. എ.ഐ ഉപയോഗിക്കാത്ത വിദ്യാർഥികളാണ് പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

വിദ്യാർഥികളുടെ വായനാ നിലവാരം 2012ലെ 501ൽനിന്ന് 466 ആയി കുറഞ്ഞു. 2015നും 2025നും ഇടയിൽ വിദ്യാർഥികളുടെ വായനാ നിലവാരത്തിൽ 28 പോയന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. പിസ റിപ്പോർട്ടിൽ ഗണിതത്തിന്റെ സ്കോർ 2012ലെ 502ൽ നിന്ന് 2025ൽ 469 ആയി കുറഞ്ഞു. ശാസ്ത്ര സ്കോർ 2009ലെ 506ൽ നിന്ന് 486 ആയി താഴുകയും ചെയ്തു. പഠനാവശ്യത്തിനായി എ.ഐ ചാറ്റ് ബോട്ടുകൾ ഉപയോഗിക്കുന്ന വിദ്യാർഥികളിലാണ് നിലവാര തകർച്ച. എ.ഐ ഉപയോഗം മാത്രമല്ല, അധ്യാപകർ നൽകുന്ന മാർഗനിർദേശവും പഠനരീതിയും നിർണായകമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

എ.ഐയെ പഠനത്തിന് സഹായിക്കുന്ന ഉപകരണമായി മാത്രം ഉപയോഗിക്കണമെന്നാണ് വിദഗ്ധർ നൽകുന്ന നിർദേശം. ഉത്തരങ്ങൾ എ.ഐയിൽനിന്ന് നേരിട്ട് സ്വീകരിക്കരുത്. വിവരങ്ങൾ പരിശോധിക്കുകയും സ്വന്തം ചിന്ത ഉപയോഗിച്ച് വിശകലനം ചെയ്യുകയും വേണം. അല്ലെങ്കിൽ വിദ്യാർഥികളുടെ വിമർശനാത്മക ചിന്താശേഷി ദുർബലപ്പെടുമെന്നും വിദഗ്ധർ നിർദേശിക്കുന്നു.

എ.ഐ ചാറ്റ്ബോട്ടുകൾക്ക് പുറമെ സ്മാർട്ട്ഫോണുകൾ, സോഷ്യൽ മീഡിയ തുടങ്ങിയവയുടെ ഉപയോഗവും വിദ്യാർഥികളുടെ പഠനശേഷിയെ ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ദിവസവും അഞ്ച് മണിക്കൂറിലധികം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്ന വിദ്യാർഥികളുടെ പഠന നിലവാരത്തിലാണ് വലിയ ഇടിവ് കണ്ടത്. വായനക്കായി കുറഞ്ഞ സമയം ചെലവഴിക്കുന്നതിനാൽ അവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നതായി പഠനത്തിൽ പറയുന്നു. പഠന സാമഗ്രികൾ വിദ്യാർഥികൾ സ്കാൻ ചെയ്ത് എടുക്കുകയാണ് ചെയ്യുക. ഇതിലൂടെ വായിച്ചതും എഴുതിയതുമായ കാര്യങ്ങൾ മനസിലാക്കുന്നതിനും നിഗമനത്തിലെത്തുന്നതിനും വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

അതേസമയം, എല്ലാ രാജ്യങ്ങളിലെയും വിദ്യാർഥികളെ ഒരേപോലെയല്ല എ.ഐ ഉപയോഗം സ്വാധീനിക്കുന്നതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ ചില പ്രവിശ്യകൾ, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങൾ ഉയർന്ന പ്രകടനം കാഴ്ചവെച്ചു. എ.ഐ ഉൾപ്പെടെയുള്ള സാ​ങ്കേതിക വിദ്യകളെ ശരിയായ രീതിയിൽ പ്രയോജന​പ്പെടുത്തുന്നത് മികച്ച ഫലം നൽകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

Tags:    
News Summary - Students using AI score lower in tests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.