ഇറാസ്‌മസ് മുണ്ടസ് സ്കോളർഷിപ്പ്; ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പഠിക്കാനുള്ള പാസ്‌പോർട്ട്

ലോകത്തിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളിൽ പഠിക്കാനുള്ള പാസ്​പോർട്ടാണ് ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ്. രണ്ട് വർഷത്തെ മാസ്റ്റേഴ്സ് നാല് യൂറോപ്യൻ രാജ്യങ്ങളിലായി പഠിക്കാൻ അവസരമാണ് ഇറാസ്‌മസ് മുണ്ടസ് സ്കോളർഷിപ്പ് ലഭിച്ചാലുള്ള നേട്ടം. വൈവിധ്യമേറിയ വിഷയങ്ങൾ, ഒരോ സെമസ്റ്റർ ഓരോ സർവകലാശാലകളിൽ തുടങ്ങിയ ഒട്ടേറെ പ്രത്യേകതകൾ ഇതിനുണ്ട്. ഏതാണ്ട് 50 ലക്ഷം രൂപക്ക് തുല്യമായ യൂറോ ആണ് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കുക. യൂനിവേഴ്സിറ്റി ഫീസ്, താമസം, ഭക്ഷണം, യാത്ര ചെലവ്, മെഡിക്കൽ ഇൻഷുറൻസ്, പഠന സാമഗ്രികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. 2000 മുതൽ 2500 വരെ സ്‌കോളർഷിപ്പുകളാണ് ഓരോ വർഷവും നൽകി വരുന്നത്. രണ്ട് വർഷത്തെ മാസ്റ്റേഴ്സ് പഠനം നാല് യൂറോപ്യൻ രാജ്യങ്ങളിലായി ആറ് മാസം വീതമുള്ള ഒരോ സെമസ്റ്റ‍ർ വീതം പഠിക്കാൻ അവസരം ലഭിക്കും. യൂറോപ്പിലെ 600 ഓളം സർവകലാശാലകളും ഉന്നത ഗവേഷണ സ്ഥാപനങ്ങളും ഫ്രഞ്ച് ഡിവലപ്മെൻറ് ഏജൻസി പോലുള്ള വികസന ഏജൻസികളും ഇറാസ്മസ് മുണ്ടസ് പദ്ധതിയുടെ ഭാഗമാണ്.

60 ശതമാനം മാർക്കോടുകൂടിയുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഒന്നോ രണ്ടോ വർഷം തൊഴിൽ പരിചയം ഉള്ളവർക്കും ഗവേഷണത്തിൽ മികവ് പുലർത്തുന്നവർക്കും ബിരുദത്തിന് പുറമേ യോഗത്യകൾ ഉള്ളവർക്കും മുൻഗണനയുണ്ട്. അവസാന വർഷം പഠിക്കുന്ന ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

179 ബിരുദാനന്തര ബിരുദ കോഴ്സുകളാണ് ഈ വർഷം സ്‌കോളർഷിപ്പിന്റെ ഭാഗമാകുന്നത്. ഇതിൽ 27 കോഴ്സുകൾ 2026-2067 അധ്യയന വർഷത്തിൽ പുതിയതായി ആരംഭിക്കുന്നവയാണ്. സാമൂഹ്യപ്രവർത്തനം മുതൽ റോക്കറ്റ് സയൻസ് വരെയുള്ള സകലമാന അക്കാദമിക് വിഷയങ്ങളിലും കോഴ്സുകൾ ഉണ്ട്. കാലഘട്ടത്തിന്റെ മാറ്റത്തിന് അനുസരിച്ച് പുതിയ കോഴ്സുകൾ ചേ‍‍ർക്കുകയും നിലവിലുള്ളവ പരിഷ്‌കരിക്കുകയും ചെയ്യും.

അൾട്ടർനേറ്റീവ് എനർജി, മെഷീൻ ലേണിങ്ങ്, അർട്ടിഫിഷ്യൽ ഇൻറലിജൻസ് കോഴ്സുകൾ കഴിഞ്ഞ വർഷങ്ങളിൽ ഇങ്ങനെ കൂട്ടിചേർത്തതാണ്. മികച്ച സാമ്പത്തിക ശാസ്ത്രജ്‍ഞരെ വാർത്തെടുക്കുന്ന ഇക്കണോമിക്‌സ് മാസ്റ്റ‍ർ പ്രോഗ്രാം, ട്രംപിന്റെ നികുതി പരിഷ്‌കാരത്തിന് അനുസൃതമായി -ഇക്കോണോമിക് പോളിസീസ് ഫോ‍ർ ഗ്ളോബൽ ബൈഫ്യൂരിഫിക്കേഷൻ ആയി ഈ വർഷം പരിഷ്കരിച്ചിട്ടുണ്ട്. ബ‍ർലിൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സ് ആൻഡ് ലോ, വിയന സ്കൂൾ ഓഫ് ഇക്കണോമിക്‌സ് ആൻഡ് ബിസിനസ്, യൂണിവേഴ്സിറ്റി ഓഫ് റോം, പാരീസ് സോബോൺ യൂണിവേഴ്സിറ്റി തുടങ്ങിയ പത്തോളം സർവ്വകലാശാലകൾ സംയുക്തമായാണ് ഈ കോഴ്സ് നടത്തുന്നത്. ഇറാസ്‌മസ് മുണ്ടസ് കാറ്റലോഗ് 2026 ൽ (www.eacea.ec.europa.eu/scholarships/erasmus-mundus-catalogue_en) കോഴ്സുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. ഒക്ടോബർ മുതൽ ജനുവരി വരെയാണ് അപേക്ഷാ സമയം. പഠന മാധ്യമം ഇംഗ്ലീഷ് ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: erasmus-plus.ec.europa.eu കാണുക.

സാധാരണയായി യൂറോപ്പിലെ സർവകലാശാലകളിൽ പ്രവേശനത്തിനും സ്‌കോളർഷിപ്പിനും വെവ്വേറേ അപേക്ഷിക്കണം. എന്നാൽ, ഇറാസ്‌മസ് മുണ്ടസ് കോഴ്സിലേക്കുളള പ്രവേശനവും സ്‌കോളർഷിപ്പും ഒറ്റ പാക്കേജ് ആണ്. സ്‌കോളർഷിപ്പ് ലഭിച്ചാൽ പ്രവേശനവും ഉറപ്പ്. 

യോഗ്യത, രേഖകൾ, അപേക്ഷ സമർപ്പണം

മിക്ക കോഴ്‌സുകൾക്കും ബിരുദമാണ് അടിസ്ഥാന യോഗ്യതയെങ്കിലും ജോലി പരിചയം ആവശ്യമുള്ള കോഴ്‌സുകളുമുണ്ട്. യോഗ്യതയും താല്പര്യവുമനുസരിച്ച് എത്ര കോഴ്‌സുകൾക്ക് വേണമെങ്കിലും വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പണം പൂർണ്ണമായും സൗജന്യമാണ്. പൂർണമായും ഓൺലൈൻ വഴി അതാത് പ്രോഗ്രാമുകളുടെ വെബ്സൈറ് വഴി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. കോഴ്‌സിനും സ്‌കോളർഷിപ്പിനും ഒറ്റ അപേക്ഷ നൽകിയാൽ മതി. സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് (എസ്.ഒ.പി), സി.വി, അക്കാദമിക് സർട്ടിഫിക്കറ്റുകൾ, ഭാഷ പരിജ്ഞാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് പ്രധാനമായും അപേക്ഷിക്കാൻ ആവശ്യമായിട്ടുള്ളത്. നിങ്ങളുടെ അക്കാദമിക്-പ്രഫഷണൽ പശ്ചാത്തലവും, അതിലൂടെ നിങ്ങൾ ആർജ്ജിച്ചെടുത്ത കഴിവുകളും, അപേക്ഷിക്കുന്ന കോഴ്‌സിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളും, നിങ്ങളുടെ കരിയർ അഭിലാഷങ്ങളും മറ്റും പ്രതിപാദിച്ച് നിങ്ങൾ എഴുതേണ്ട കുറിപ്പാണ് സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് (എസ്.ഒ.പി). നിങ്ങളുടെ അക്കാദമിക്-പ്രഫഷണൽ കഴിവുകളെ കുറിച്ച് നിങ്ങളുമായി അടുത്ത് പ്രവർത്തിച്ച പ്രഫസർ അല്ലെങ്കിൽ സൂപ്പർവൈസർ എന്നിവർ എഴുതുന്നതാണ് റഫറൻസ് ലെറ്റർ. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിലാണ് സാധാരണ രീതിയിൽ അപേക്ഷ സമയം. സെപ്റ്റംബർ മാസത്തിലാണ് സാധാരണ രീതിയിൽ പുതിയ ബാച്ച് ക്ളാസുകൾ ആരംഭിക്കുക.

ഐ.ഇ.എൽ.ടി.എസ് നിർബന്ധമോ ?
വിദേശ പഠനം ആഗ്രഹിക്കുന്ന പല വിദ്യാർഥികൾക്കും മുന്നിൽ വില്ലനായെത്തുന്ന ഒന്നാണ് ഐ.ഇ.എൽ.ടി.എസ്. ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം പരിശോധിക്കാനുള്ള ഈ ടെസ്റ്റ് ചിലവേറിയതും സമയം ഏറെ ആവശ്യമുള്ളതുമാണ്​. എന്നാൽ ഇംഗ്ലീഷ് മാധ്യമത്തിൽ സർവകലാശാല പഠനം നടത്തിയിട്ടുള്ള വിദ്യാർഥികൾക്ക് ഐ.ഇ.എൽ.ടി.എസ് ഇല്ലാതെ തന്നെ അപേക്ഷിക്കാൻ സാധിക്കുന്ന കോഴ്‌സുകളും ഇറാസ്മസിൽ ലഭ്യമാണ്. ഇന്ത്യയിലെ സർവകലാശാല വിദ്യാഭ്യാസം ഇംഗ്ലീഷിലായത് കൊണ്ട് തന്നെ ഈ ഇളവ് ഇറാസ്മസിനെ സാധാരണക്കാർക്കും പ്രാപ്യമാവുന്ന ഒന്നായി മാറ്റും. നിങ്ങളുടെ ഡിഗ്രി ഇംഗ്ലീഷ് മീഡിയത്തിലുള്ളതാണെന്ന് തെളിയിക്കാൻ സർവകലാശാല അല്ലെങ്കിൽ സ്ഥാപന മേധാവി നൽകുന്ന രേഖ സമർപ്പിക്കുക വഴി ഐ.ഇ.എൽ.ടി.എസ് ടെസ്റ്റിൽ നിന്നും ഇളവ് ലഭിക്കും. പല കോഴ്‌സുകളും ഈ ഇളവ് നൽകുന്നുവെങ്കിലും ഐ.ഇ.എൽ.ടി.എസ് നിർബന്ധമായിട്ടുള്ള കോഴ്‌സുകളാണ് കൂടുതലും. ഭാഷ പരിജ്ഞാനവുമായി ബന്ധപ്പെട്ട യോഗ്യതകൾ അതാത് പ്രോഗ്രാം വെബ്‌സൈറ്റുകൾ സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്.

തെരഞ്ഞെടുപ്പ് രീതി

ഓരോ പ്രോഗ്രാമുകളും വ്യത്യസ്ത കൺസോർഷ്യങ്ങളാണ് നടത്തുന്നതെന്ന് നേരത്തെ പറഞ്ഞുവല്ലോ. യോഗ്യതകൾ നിർണയിക്കുന്നതും തെരഞ്ഞെടുപ്പ് രീതി നിശ്ചയിക്കുന്നതുമൊക്കെ ഈ കൺസോർഷ്യമാണ്. അക്കാദമിക് നേട്ടങ്ങളോടൊപ്പം തന്നെ ബന്ധപ്പെട്ട മേഖലയിൽ നിങ്ങളുടെ നോൺ-അക്കാദമിക് ഇടപഴകലുകലും പ്രധാനമാണ്. ഇതൊക്കെയും നിങ്ങളുടെ സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസിൽ കൃത്യമായി പ്രതിപാദിക്കുകയും വേണം.

അക്കാദമിക് പെർഫോമൻസ്, സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്/ മോട്ടിവേഷൻ ലെറ്റർ, സി.വി, റഫറൻസ് ലെറ്റർ തുടങ്ങിയവയൊക്കെയും പരിശോധിച്ചാണ് ഷോർട്ട്‌ലിസ്റ്റിംഗ് നടത്തുക. പ്രോഗ്രാമിന്റെ സ്വഭാവമനുസരിച്ച് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചില കോഴ്‌സുകൾക്ക് ഓൺലൈൻ അഭിമുഖം ഉണ്ടാവും. അപേക്ഷിക്കുന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ട മേഖലയിൽ ഇന്റേൺഷിപ്പ്, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, വിന്റർ/സമ്മർ സ്‌കൂളുകൾ, വർക്ക്ഷോപ്പുകൾ, കോണ്ഫറന്സുകൾ എന്നിവ നിങ്ങളുടെ വിജയ സാധ്യത ഉയർത്തുന്ന പൊതുവായ കാര്യങ്ങളാണ്.

Tags:    
News Summary - Know More about erasmus mundus scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.