ഹൈസ്കൂളിൽ ഇംഗ്ലീഷ് ഇനി ഭാഷാവിഷയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷാ വിഷയമായി പരിഗണിച്ച് പിരീഡ് അടിസ്ഥാനത്തിൽ തസ്തിക അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മറ്റു ഭാഷാ വിഷയങ്ങൾക്ക് കേരള വിദ്യാഭ്യാസ ചട്ടപ്രകാരം (കെ.ഇ.ആർ) തസ്തിക അനുവദിക്കുന്ന രീതിയിലായിരിക്കും ഇംഗ്ലീഷിനും തസ്തിക അനുവദിക്കുക. ഇതുസംബന്ധിച്ച ഹൈകോടതി വിധി പ്രകാരമാണ് സർക്കാർ നടപടി.

ഇതിനനുസൃതമായി അഞ്ചോ അതിലധികമോ ഡിവിഷനുള്ള സ്കൂളുകളിൽ ഈ അധ്യയനവർഷം തസ്തിക നഷ്ടപ്പെട്ട് പുറത്തുപോകുന്ന (റീട്രെഞ്ച്ഡ്/ പ്രൊട്ടക്ടഡ്) ഇംഗ്ലീഷ് അധ്യാപകരെ നിലനിർത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിറക്കുകയും ചെയ്തു. കെ.ഇ.ആർ പ്രകാരം 2023-24 ലെ തസ്തിക നിർണയം പുതുക്കാനും തീരുമാനിച്ചിട്ടുണ്ട്.

2002 മുതലാണ് ഹൈസ്കൂളിൽ ഇംഗ്ലീഷിന് തസ്തിക അനുവദിച്ച് തുടങ്ങിയത്. പക്ഷേ, ഇംഗ്ലീഷിനെ ഒരു കോർ സബ്ജക്ടായി പരിഗണിച്ച് വിദ്യാലയത്തിലെ അഞ്ചാമത്തെ തസ്തികയാണ് ഇതിനായി അനുവദിച്ചത്.

എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ മൊത്തം നാല് ഡിവിഷൻ മാത്രമേ ഉള്ളൂവെങ്കിൽ അവിടെ ഇംഗ്ലീഷ് തസ്തിക ഉണ്ടാകില്ല. മറ്റ് വിഷയങ്ങൾ എടുക്കുന്ന അധ്യാപകർതന്നെ ഇംഗ്ലീഷും പഠിപ്പിക്കേണ്ട അവസ്ഥയായിരുന്നു. ഇംഗ്ലീഷ് കോർ വിഷയമായി പരിഗണിച്ചതിനാൽ ഇംഗ്ലീഷിന് അനുവദിക്കുന്ന തസ്തികകൾക്ക് ആനുപാതികമായി സബ്ജക്ട് തസ്തികകൾ കുറയുന്ന അവസ്ഥയും ഉണ്ടായിരുന്നു. 2018ൽ പി.ടി.എകളാണ് സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയില്ലാത്ത കാര്യം ചൂണ്ടിക്കാട്ടി ഹൈകോടതിയിലെത്തിയത്. ഇംഗ്ലീഷ് ഒരു ഭാഷാ വിഷയമായി കണക്കാക്കി 2021-22 അധ്യയനവർഷം മുതൽ തസ്തിക അനുവദിക്കാൻ സംസ്ഥാന സർക്കാറിനും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും ഡിവിഷൻ ബെഞ്ച് ഉത്തരവിലൂടെ നിർദേശം നൽകി.

എന്നാൽ, സർക്കാർ കോടതി വിധി നടപ്പാക്കിയില്ല. വിധി നടപ്പാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ഏതാനും അധ്യാപകർ വീണ്ടും ഹൈകോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചു.

ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് ഭാഷാവിഷയമായി കണക്കാക്കി തസ്തികകൾ അനുവദിക്കാനുള്ള നടപടികൾ നാല് മാസത്തിനകം പൂർത്തിയാക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ട് 2023 ഫെബ്രുവരി 22ന് കോടതി ഉത്തരവിട്ടു. വിധിയുണ്ടായിട്ടും രണ്ടരവർഷം നടപ്പാക്കാതിരുന്ന സർക്കാർ ഗത്യന്തരമില്ലാതെയാണ് ഇപ്പോൾ ഇംഗ്ലീഷ് ഭാഷാ തസ്തികകൾ അനുവദിക്കാൻ തീരുമാനമെടുത്തത്.

Tags:    
News Summary - English is a language subject in high school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.