എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം; ഓപ്ഷൻ സമർപ്പണം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് (ബി.ടെക്), ആർക്കിടെക്ചർ (ബി.ആർക്) കോഴ്സുകളിൽ പ്രവേശനത്തിന് ഈ മാസം 19ന് രാവിലെ 10 വരെ ഓപ്ഷൻ സമർപ്പിക്കാം. www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഈ ഘട്ടത്തിൽ ലഭ്യമാക്കിയ ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല.

ലഭ്യമായ ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ഈ മാസം 18ന് ട്രയൽ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. പ്രവേശന സാധ്യത സൂചിപ്പിക്കുന്നതായിരിക്കും ട്രയൽ അലോട്ട്മെന്‍റ്. 20ന് ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്‍റ് ലഭിച്ചവർ 22 മുതൽ 26ന് വൈകീട്ട് നാലുവരെ അലോട്ട്മെന്‍റ് മെമ്മോയിൽ രേഖപ്പെടുത്തിയതും പ്രവേശന പരീക്ഷ കമീഷണർക്ക് അടക്കേണ്ടതുമായ തുക കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ ഓൺലൈൻ പേമെന്‍റ് മുഖാന്തരമോ ഒടുക്കണം.

ഈ സമയത്തിനകം ഫീസ് ഒടുക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെന്‍റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകും. റദ്ദാകുന്ന ഓപ്ഷനുകൾ പിന്നീട് പുനഃസ്ഥാപിക്കില്ല. തുടർന്നുള്ള അലോട്ട്മെന്‍റുകളുടെ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

ഓർത്തിരിക്കേണ്ട തീയതികൾ

ഓപ്ഷൻ സമർപ്പണം അവസാനിക്കുന്നത്: സെപ്റ്റംബർ 19ന് രാവിലെ 10 വരെ.

ട്രയൽ അലോട്ട്മെന്‍റ്: സെപ്റ്റംബർ 18

ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കൽ: സെപ്റ്റംബർ 20

അലോട്ട്മെന്‍റ് ലഭിച്ചവർ ഫീസടക്കൽ: സെപ്റ്റംബർ 22 മുതൽ 26ന് വൈകീട്ട് നാലുവരെ.

ഓപ്ഷൻ സമർപ്പണവും കോളജും

പ്രവേശനം ആഗ്രഹിക്കുന്ന ഒരു കോഴ്സ് ബ്രാഞ്ചും കോളജും ചേർന്നതാണ് ഒരു ഓപ്ഷൻ. വിദ്യാർഥി പ്രവേശനം ആഗ്രഹിക്കുന്ന കോഴ്സും കോളജും മുൻഗണന ക്രമത്തിലാണ് ഓപ്ഷനായി നൽകേണ്ടത്. എത്ര ഓപ്ഷനുകളും സമർപ്പിക്കാം. അലോട്ട്മെന്‍റ് ലഭിച്ചാൽ പ്രവേശനം നേടുമെന്ന് ഉറപ്പു കോളജും കോഴ്സും മാത്രമേ ഓപ്ഷനായി സമർപ്പിക്കാനാകൂ.

ആദ്യഘട്ടത്തിൽ ലഭ്യമായ കോഴ്സുകളിലേക്ക് പിന്നീടുള്ള ഘട്ടത്തിൽ ഓപ്ഷൻ സമർപ്പിക്കാനാകില്ല. മുൻഗണന ക്രമത്തിൽ നൽകുന്ന ഓപ്ഷനുകളിൽ ഒന്നിലേക്ക് അലോട്ട്മെന്‍റ് ലഭിച്ചാൽ അതിലേക്ക് ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം. അലോട്ട്മെന്‍റ് ലഭിക്കുന്ന ഓപ്ഷന് താഴെയുള്ള ഓപ്ഷനുകൾ റദ്ദാകും. അലോട്ട്മെന്‍റ് ലഭിക്കുന്ന ഓപ്ഷന് മുകളിലുള്ള ഓപ്ഷനുകൾ ഉയർന്ന ഓപ്ഷനുകളായി അടുത്തഘട്ടത്തിലേക്ക് പരിഗണിക്കുകയും ചെയ്യും.

അലോട്ട്മെന്‍റ് ഏതെല്ലാം കോളജുകളിലേക്ക്

സർക്കാർ/ എയ്ഡഡ് എൻജി. കോളജുകൾ, കാർഷിക സർവകലാശാലക്ക് കീഴിലുള്ള എൻജി. കോളജുകൾ, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജുകൾ, കേരള ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള കോളജുകൾ, ഐ.എച്ച്.ആർ.ഡി, കേപ്, എൽ.ബി.എസ്, കെ.എസ്.ആർ.ടി.സി, സി.സി.ഇ.കെ എന്നിവക്ക് കീഴിലുള്ള ഗവ. കോസ്റ്റ് ഷെയറിങ് കോളജുകൾ, കേരള, എം.ജി, കാലിക്കറ്റ് സർവകലാശാലകൾ നേരിട്ട് നടത്തുന്ന എൻജി. കോളജുകൾ, സ്വകാര്യ സ്വാശ്രയ കോളജുകൾ, സ്വയംഭരണ കോളജുകൾ, സർക്കാർ, എയ്ഡഡ് ആർക്കിടെക്ചർ കോളജുകൾ എന്നിവയിലേക്കാണ് ആദ്യ ഘട്ടത്തിൽ ഓപ്ഷൻ സമർപ്പണവും അലോട്ട്മെന്‍റും. സ്വകാര്യ സ്വാശ്രയ ആർക്കിടെക്ചർ കോളജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ലാത്തതിനാൽ ആദ്യഘട്ടത്തിൽ ഈ കോളജുകളെ ഉൾപ്പെടുത്തിയിട്ടില്ല.

സംവരണം ആർക്കെല്ലാം, എത്ര ശതമാനം

സ്റ്റേറ്റ് മെറിറ്റ്: 50 ശതമാനം

സാമ്പത്തിക പിന്നാക്ക വിഭാഗം (ഇ.ഡബ്ല്യു.എസ്): 10 ശതമാനം

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം (എസ്.ഇ.ബി.സി) നിൽക്കുന്ന വിഭാഗങ്ങൾ: 30 ശതമാനം

(ഈഴവ -ഒമ്പത്, മുസ്ലിം -എട്ട്, പിന്നാക്ക ഹിന്ദു -മൂന്ന്, ലത്തീൻ കത്തോലിക്ക ആൻഡ് ആംഗ്ലോ ഇന്ത്യൻ -മൂന്ന്, ധീവര അനുബന്ധ സമുദായങ്ങൾ -രണ്ട്, വിശ്വകർമ അനുബന്ധ സമുദായം -രണ്ട്, കുശവൻ അനുബന്ധ സമുദായം -ഒന്ന്, കുടുംബി -ഒന്ന്, പിന്നാക്ക ക്രിസ്ത്യൻ -ഒന്ന്)

എസ്.സി: എട്ട് ശതമാനം

എസ്.ടി: രണ്ട് ശതമാനം.

kerala

സർക്കാർ/ എയ്ഡഡ് എൻജി. കോളജുകൾ: 8650 രൂപ.

ഗവ. കോസ്റ്റ് ഷെയറിങ് കോളജുകൾ:

കേരള സർവകലാശാല എൻജി. കോളജ്: സർക്കാർ സീറ്റ്: 36750 രൂപ, മാനേജ്മെന്‍റ് സീറ്റ്: 68250 രൂപ.

എസ്.സി.ടി കോളജ് തിരുവനന്തപുരം: സർക്കാർ സീറ്റ്: 38590 രൂപ. മാനേജ്മെന്‍റ് സീറ്റ്: 71670 രൂപ.

കോളജ് ഓഫ് എൻജിനീയറിങ് ചെങ്ങന്നൂർ: സർക്കാർ സീറ്റ്: 40000 രൂപ. മാനേജ്മെന്‍റ് സീറ്റ്: 70000 രൂപ.

മോഡൽ എൻജി. കോളജ് തൃക്കാക്കര: സർക്കാർ സീറ്റ്: 40000 രൂപ. മാനേജ്മെന്‍റ് സീറ്റ്: 70000 രൂപ.

മറ്റ് ഗവ.കോസ്റ്റ് ഷെയറിങ് എൻജി. കോളജുകൾ: സർക്കാർ സീറ്റ്: 35000 രൂപ. മാനേജ്മെന്‍റ് സീറ്റ്: 65000 രൂപ.

കാലിക്കറ്റ് സർവകലാശാല എൻജി. കോളജ്: 95 ശതമാനം സർക്കാർ സീറ്റ്: 40000 രൂപ.

സെന്‍റർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ് സ്റ്റഡീസിന്‍റെ കീഴിലുള്ള ഗവ. കോസ്റ്റ് ഷെയറിങ് കോളജ്: 95 ശതമാനം സർക്കാർ സീറ്റ്: 35000 രൂപ.

കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷന് (കേപ്) കീഴിലുള്ള ഗവ. കോസ്റ്റ് ഷെയറിങ് കോളജുകൾ: 90 ശതമാനം സർക്കാർ സീറ്റ്: 35000 രൂപ. അഞ്ച് ശതമാനം മാനേജ്മെന്‍റ് സീറ്റ് (സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കൾക്ക് സീറ്റ്): 65000 രൂപ.

കാർഷിക സർവകലാശാല കീഴിലുള്ള എൻജി. കോളജ്: ബി.ടെക് അഗ്രികൾചർ എൻജി.: 15000 രൂപ വാർഷിക ഫീസ്, ബി.ടെക് ഫുഡ് ടെക്നോളജി: 53000 രൂപ വാർഷിക ഫീസ്.

വെറ്ററിനറി യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള എൻജി. കോളജ്: ബി.ടെക് ഡയറി ടെക്നോളജി: 4200 രൂപ സെമസ്റ്ററിന്. ബി.ടെക് ഫുഡ് ടെക്നോളജി: 4200രൂപ സെമസ്റ്ററിന്.

ഫിഷറീസ് യൂനിവേഴ്സിറ്റി കോളജുകൾ: ബി.ടെക് ഫുഡ് ടെക്നോളജി: 66000 രൂപ വാർഷിക ഫീസ്.

കേരള സെൽഫ് ഫിനാൻസിങ് എൻജി. കോളജ് മാനേജ്മെന്‍റ് അസോസിയേഷന് കീഴിലുള്ള കോളജുകൾ: 25 ശതമാനം സീറ്റുകളിൽ താഴ്ന്ന വരുമാനക്കാർക്ക്: 50000 രൂപ. 25 ശതമാനം സീറ്റുകളിൽ മറ്റുള്ളവർക്ക്: 50000 രൂപയും 25000 രൂപ സ്പെഷൽ ഫീസും. നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിങ് കോഴ്സിന്: 25 ശതമാനം താഴ്ന്ന വരുമാനക്കാർക്ക്: 85000 രൂപ. 25 ശതമാനം സീറ്റിൽ മറ്റുള്ളവർക്ക്: 85000 രൂപയും 50000 രൂപ സ്പെഷൽ ഫീസും.

കേരള കാത്തലിക് എൻജി. മാനേജ്മെന്‍റ് അസോ. കോളജുകൾ: 50 ശതമാനം സർക്കാർ സീറ്റ്: 75000 രൂപ.

സ്വയംഭരണ കോളജുകൾ: 75000 രൂപയും ലക്ഷം രൂപ തിരികെ ലഭിക്കുന്ന പലിശ രഹിത നിക്ഷേപവും.

ആർക്കിടെക്ചർ: സർക്കാർ/ എയ്ഡഡ് കോളജുകൾ: 8650 രൂപ.

Tags:    
News Summary - Engineering and Architecture Admissions-Option submission started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT