ന്യൂഡൽഹി: ഒമ്പതാം ക്ലാസിൽ മൂന്നാം ഭാഷ നിർബന്ധമാക്കുന്നത് വിദ്യാർഥികൾക്ക് അനാവശ്യ സമ്മർദമുണ്ടാക്കുമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നാഗരത്ന. മൂന്നാം ഭാഷ പഠിപ്പിക്കണമെങ്കിൽ ആറാം ക്ലാസ് മുതൽ ആരംഭിക്കുന്നതാണ് ഉചിതമെന്നും കേന്ദ്ര സർക്കാരിനോട് അഭിപ്രായപ്പെട്ടു. തമിഴ്നാട്ടിൽ ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് നാഗരത്നയുടെ പരാമർശം.
ത്രിഭാഷാ നയം കേസിലെ പ്രധാന വിഷയമല്ലെങ്കിലും, സി.ബി.എസ്.ഇയുടെ ഭാഷാ നയവുമായി ബന്ധപ്പെട്ട് കോടതി നിരീക്ഷണം നടത്തി. ‘ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്ക് ബോർഡ് പരീക്ഷയുടെ സമ്മർദം തുടങ്ങുന്ന സമയമാണ്. അപ്പോൾ പുതിയൊരു ഭാഷ പഠിപ്പിക്കുന്നത് ഉചിതമല്ല. അത് ആറാം ക്ലാസ് മുതൽ തുടങ്ങണം. ഒമ്പതാം ക്ലാസിൽ മൂന്നാംഭാഷ വേണ്ട. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സ്റ്റേറ്റ് ബോർഡ് എന്നിവയിൽ പത്താംക്ലാസിൽ ബോർഡ് പരീക്ഷയാണ്. എട്ടാം ക്ലാസിന്റെ അവസാനം മുതൽ സമ്മർദം ആരംഭിക്കുന്നു’ -ജസ്റ്റിസ് നാഗരത്ന പറഞ്ഞു. കൂടാതെ, 1970കളിലെ തന്റെ സ്വന്തം അകാദമിക് അനുഭവം ജസ്റ്റിസ് നാഗരത്ന അനുസ്മരിച്ചു. ബോർഡ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനായി എട്ടാം ക്ലാസിൽ തന്നെ വിദ്യാർഥികളെ പത്താം ക്ലാസ്സിലെ ആശയങ്ങൾ പരിചയപ്പെടുത്തിയിരുന്നുവെന്നും കൂട്ടിച്ചേർത്തു.
മൂന്നാം ഭാഷയായി ഹിന്ദി നിർബന്ധമാണെന്ന് നയത്തിൽ പറയുന്നില്ലെന്നും സംസ്ഥാന ഭാഷയും ഇംഗ്ലീഷും കൂടാതെ മറ്റേതെങ്കിലും ഭാഷ തിരഞ്ഞെടുക്കാമെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയം ഒരു ഭാഷയും സംസ്ഥാനങ്ങളിൽ അടിച്ചേൽപ്പിക്കരുതെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വാദത്തിനിടെ പരാമർശമുണ്ടായി.
അതേസമയം, തമിഴ്നാട്ടിൽ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്നും ചർച്ചകൾ പൂർത്തിയായ ശേഷമേ വിഷയത്തിന്റെ നിയമപരമായ വശങ്ങളിൽ കോടതി തീരുമാനമെടുക്കൂവെന്നും ബെഞ്ച് അറിയിച്ചു. കേസ് ആഗസ്റ്റ് 11ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.