രാജ്യത്ത് എം.ബി.ബി.എസ് സീറ്റുകളിൽ വർധന; തമിഴ്നാടിനും കർണാടകക്കും നേട്ടം, കേരളത്തിലെ സീറ്റ് വിവരങ്ങൾ അറിയാം

ന്യൂഡല്‍ഹി: രാജ്യത്ത് മെഡിക്കൽ കോളജുകൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കാനിരിക്കേ, എം.ബി.ബി.എസ് സീറ്റുകളിൽ ഏഴുശതമാനം വർധന പ്രഖ്യാപിച്ച് ദേശീയ മെഡിക്കൽ കമീഷൻ. 2026-27 അധ്യയന വര്‍ഷത്തേക്ക് രാജ്യത്തുടനീളം 9,911 പുതിയ എം.ബി.ബി.എസ് സീറ്റുകള്‍ക്ക് കൂടി കമീഷന്‍ അംഗീകാരം നല്‍കി. ഇതോടെ ഇന്ത്യയിലെ മെഡിക്കൽ സീറ്റുകളുടെ എണ്ണം 1.36 ലക്ഷത്തിലധികമാകും.

രാജ്യത്തെ 823 മെഡിക്കൽ കോളജുകളിലായി 1,36,939 എം.ബി.ബി.എസ് സീറ്റുകൾ ലഭ്യമാകുമെന്ന് എൻ.എം.സി അറിയിച്ചു. രാജ്യത്ത് 441 സർക്കാർ മെഡിക്കൽ കോളജുകളിലേക്കും 382 സ്വകാര്യ മെഡിക്കൽ കോളജുകളിലേക്കുമാണ് ഈ അധ്യയന വർഷം പ്രവേശനം നടക്കുക.

2025-26ൽ 818 കോളജുകളിലായി 1,28,976 എം.ബി.ബി.എസ് സീറ്റുകളാണ് ഉണ്ടായിരുന്നത്. അവയിൽ 1,27,028 എണ്ണം പുതുക്കി. ഈ വർഷം ആകെ 9,911 സീറ്റുകൾ കൂടി കൂട്ടിച്ചേർക്കുകയും ചെയ്തു.

മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം (നീറ്റ്-യു.ജി) വരാനിരിക്കെയാണ് എന്‍.എം.സി സീറ്റ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), ജിപ്മെര്‍ തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ സീറ്റുകള്‍ ഒഴിവാക്കിയുള്ള കണക്കാണിത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ എം.ബി.ബി.എസ് സീറ്റുകളുള്ള സംസ്ഥാനമായി കര്‍ണാടക മാറി (75 മെഡിക്കൽ കോളജുകളിൽ 15,395 സീറ്റുകള്‍). ഉത്തര്‍പ്രദേശ് (88 മെഡിക്കൽ കോളജുകളിൽ 14,000 സീറ്റുകള്‍), തമിഴ്നാട് (78 ​മെഡിക്കൽ കോളജുകളിൽ 13,999 സീറ്റുകള്‍), മഹാരാഷ്ട്ര (86 കോളജുകൾ 13,099 സീറ്റുകള്‍) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങള്‍. കേരളത്തിൽ 5704 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്.

തെലങ്കാന (66 കോളജുകൾ, 10250 സീറ്റുകൾ), രാജസ്ഥാൻ (8080 സീറ്റുകൾ), ഗുജറാത്ത് (7750 സീറ്റുകൾ) ആന്ധ്രപ്രദേശ് (7465), പശ്ചിമ ബംഗാൾ (7,200), മധ്യപ്രദേശ് (6,020), ബിഹാർ (4,160), ഹരിയാന (2,960), ഒഡീഷ (2,950), പഞ്ചാബ് (1,850), ഉത്തരാഖണ്ഡ് (1,475), ചണ്ഡീഗഡ് (200 സീറ്റുകൾ) എന്നിങ്ങനെയാണ് കണക്കുകൾ.

വർധിപ്പിച്ച സീറ്റുകളിൽ 25 പുതിയ മെഡിക്കൽ കോളജുകളിൽ നിന്നുള്ള 2,400 സീറ്റുകളും ഉൾപ്പെടുന്നുവെന്ന് എൻ‌.എം‌.സി അറിയിച്ചു. ഇതിൽ ഏഴ് പുതിയ സർക്കാർ കോളജുകളിലായി 400 സീറ്റുകളും 18 പുതിയ സ്വകാര്യ കോളജുകളിലായി 2,000 സീറ്റുകളും ഉൾപ്പെടും. 441 സർക്കാർ മെഡിക്കൽ കോളജുകളിലായി 63,296 സീറ്റുകളാണുള്ളത് (61,185 പുതുക്കി, 2,111 സീറ്റുകൾ വർധിപ്പിച്ചു). അതേസമയം 382 സ്വകാര്യ മെഡിക്കൽ കോളജുകളിലായി 73,643 സീറ്റുകളാണുള്ളത് (65,843 പുതുക്കി, 7,800 സീറ്റുകൾ വർധിപ്പിച്ചു).

കേരളത്തിൽ മെഡിക്കൽ കോളജുകളിൽ ആകെ 5,704 സീറ്റുകളാണുള്ളത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി 1,855 സീറ്റുകള്‍ ലഭ്യമാകും. സ്വകാര്യ/സ്വാശ്രയ മെഡിക്കല്‍ കോളജുകളിലായി 3,849 സീറ്റുകള്‍ ഉണ്ടാകും. കേരള എന്‍ട്രന്‍സ് കമ്മീഷണറേറ്റ് (സി.ഇ.ഇ) വഴിയുള്ള സംസ്ഥാന ക്വോട്ടാ കൗണ്‍സിലിങ്ങും അതോടൊപ്പം ഓള്‍ ഇന്ത്യ ക്വോട്ടാ കൗണ്‍സിലിങ്ങും ഔദ്യോഗിക സീറ്റ് മാട്രിക്‌സിന്റെ അടിസ്ഥാനത്തിലായിരിക്കും നടക്കുക.

Tags:    
News Summary - MBBS seats added Karnataka TN Benefit Most

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.