ആലപ്പുഴ: ജീവിതത്തിൽ എപ്പോഴെങ്കിലും പ്രശ്നമുണ്ടായാൽ തകർന്ന് പോകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. . ഞങ്ങൾ എല്ലാം ഒപ്പമുണ്ട്, മനസ്സുറപ്പോടെ എല്ലാം നേരിടാം. ആലപ്പുഴ കലവൂർ ഹയർസെക്കൻഡറി സ്കൂളിൽ സംസ്ഥാന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് നടന്നത്. മതനിരപേക്ഷത, ജനാധിപത്യ ബോധം എന്നിവ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവിതം കെട്ടിപ്പടുക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. വിദ്യാർഥികളിൽ അറിവു മാത്രം പോര, വിവേകവും വിവേചന ബുദ്ധിയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ വിമർശനാത്മക ബുദ്ധിയോടെ ഓരോന്നിനെയും സമീപിക്കണം. അതിനായി കുട്ടികളുടെ ചിന്താ ശേഷി വർധിക്കണം. വിദ്യാർത്ഥികളിൽ കൗതുകത്തിന്റെയും ജിജ്ഞാസയുടെയും അന്തരീക്ഷം ഒരുക്കണം.
അറിവും തിരിച്ചറിവുമാണ് പഠനത്തിന്റെ ലക്ഷ്യം. ഔചിത്യം, ബോധം, വിവേകം, വകതിരിവ് എന്നിവ വേണം. സമൂഹത്തിന് ഉപകരിക്കത്തക്ക രീതിയിൽ അറിവ് എത്തണമെന്നതാണ് പ്രധാനം. സംസ്ഥാനത്തിന്റെ മതനിരപേക്ഷത ബോധത്തിന് കേരളത്തിലെ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണ്. വിവിധ ജാതികളിൽ പെട്ടവർ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച ചരിത്രമാണ് നമുക്കുള്ളത്. ആ സാഹോദര്യ ബോധം ഇന്നും നമ്മുടെ ക്ലാസ് മുറികളിൽ നിലനിൽക്കുന്നു. പൊതുവിദ്യാലയങ്ങൾ അടഞ്ഞു പോകുന്ന അവസ്ഥ ഉണ്ടായിരുന്നു.
അഞ്ചുലക്ഷം വിദ്യാർഥികൾ 2016 ൽ പൊതു വിദ്യാലയങ്ങളിൽ നിന്ന് ഒഴിഞ്ഞു പോയി. 1000 വിദ്യാലയങ്ങൾ അടച്ചുപൂട്ടാൻ തയ്യാറായിരുന്നു. പൊതുവിദ്യാഭ്യാസ യജ്ഞം എന്നൊരു മിഷൻ 2016ൽ ആരംഭിച്ചു. അതിന്റെ ഭാഗമായി നടപ്പാക്കിയ മാസ്റ്റർ പ്ലാൻ ഭാഗമായിരുന്നു ഇന്ന് ഈ പരിപാടി നടക്കുന്ന കലവൂർ സ്കൂളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്മാർട് ക്ലാസ് റൂം, ലൈബ്രറികൾ, ഹൈടെക് സ്കൂള് എന്നിവയെല്ലാം ഒരുക്കാൻ നമുക്ക് സാധിച്ചു. സ്കൂളുകൾ സാങ്കേതിക വിദ്യാ സൗഹൃദമായി മാറി കഴിഞ്ഞു. മൂല്യനിർണയ രീതിയിൽ മാറ്റങ്ങൾ വരും. സ്കൂൾ സംവിധാനങ്ങളെ ഒരു കുടകീഴിൽ കൊണ്ട് വരും. അതിനുള്ള നടപടികൾ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അധ്യാപകരുടെ അറിവിന്റെ തലം ഉയർത്തുന്നതാണ് പ്രധാനമെന്നും മാറ്റങ്ങൾക്കനുസരിച്ച് അധ്യാപകർ മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.