വലിയ അവസരങ്ങളിലേക്ക് വാതിൽ തുറന്ന് ഡി‌പ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് കോഴ്സ്

വ്യാവസായിക മേഖലയിലെ മാറ്റങ്ങൾ, സംരംഭകത്വ സാധ്യതകൾ, ടെക്നോളജിയുടെ അഭിവൃദ്ധി തുടങ്ങിയവ യഥാർഥത്തിൽ വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഈ മാറ്റങ്ങളെ നേരിട്ടറിയുന്ന വലിയ സാധ്യതയുള്ള  കോഴ്സാണ് കേരളത്തിലെ അഞ്ച് സർക്കാർ പോളിടെക്നിക് കോളജുകളിൽ നടപ്പാക്കി വരുന്ന ഡി‌പ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് (CABM).

കംപ്യൂട്ടർ സാങ്കേതികവിദ്യ, അക്കൗണ്ടിങ്, ബിസിനസ് മാനേജ്മെന്റ്, ഓഫിസ് അഡ്മിനിസ്ട്രേഷൻ തുടങ്ങി നിരവധി മേഖലകളിലേക്കുള്ള തൊഴിൽ സാധ്യതകൾ ഈ കോഴ്സ് വഴി വിദ്യാർഥികൾക്ക് ലഭിക്കുന്നു. പൊതുമേഖല, സ്വകാര്യ മേഖല, സഹകരണ മേഖല, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ എന്നിവിടങ്ങളിൽ പഠനം പൂര്‍ത്തിയാക്കിയവർക്ക് മികച്ച അവസരങ്ങളുണ്ട്.

സ്വയം സംരംഭകർക്ക് വലിയ അവസരം

ഈ കോഴ്സ് പൂര്‍ത്തിയാക്കിയ നിരവധി വിദ്യാർഥികൾ ഇന്ന് സംരംഭകരായും ഫ്രീലാൻസർമാരായും സോഫ്റ്റ്‌വെയർ ഡെവലപ്പർമാരായും മുന്നേറിക്കൊണ്ടിരിക്കുന്നു. കംപ്യൂട്ടർ മാനേജ്മെന്റും സംയോജിപ്പിച്ചിരിക്കുന്നതിനാൽ ശാസ്ത്രീയവും സാ​ങ്കേതികവുമായി അറിവുകൾ നേടാൻ കഴിയുന്നു. 

ഡിജിറ്റൽ മാർക്കറ്റിങ്

ഇന്നത്തെ വ്യാപാര, സേവന മേഖലയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന, വിദ്യാർഥികൾക്ക് പുറത്തു നിന്ന് പഠിക്കാൻ ഏറെ തുക ചെലവിടേണ്ടിവരുന്നതുമായ 'ഡിജിറ്റൽ മാർക്കറ്റിങ്' എന്ന ഏറ്റവും പുതിയ വിഷയത്തെ ഈ കോഴ്സ് സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ വിഷയത്തിൽ മതിയായ അറിവ് പ്രായോഗിക പരിശീലനം മുഖേന നേടാൻ കഴിയുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്. പുതുതായി വികസിക്കുന്ന മേഖലകളിലെ ട്രെൻഡുകൾ ഈ കോഴ്സിന്റെ ഭാഗമായി ഉൾക്കൊള്ളുന്നുണ്ട്.

ഉയർന്ന വിദ്യാഭ്യാസത്തിനും തുറന്ന വഴികൾ

ഈ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാർഥികൾക്ക് ബി.ടെക് ലാറ്ററൽ എൻട്രിയിലൂടെയുള്ള പ്രവേശന അവസരം, മറ്റ് ബിരുദ കോഴ്‌സുകൾക്കുള്ള തുടർപഠനത്തിന് അവസരം എന്നിവ ലഭിക്കുന്നു.

കോഴ്സ് ലഭ്യമായ സർക്കാർ പൊളിറ്റെക്‌നിക് കോളേജുകൾ 

തിരുവനന്തപുരം– നെയ്യാറ്റിൻകര

ഇടുക്കി– കുമളി

മലപ്പുറം– കോട്ടക്കൽ (വനിതാ കോളജ്)

കണ്ണൂർ – പയ്യന്നൂർ (വനിതാ കോളജ്)

കാസർഗോഡ് – തൃക്കരിപ്പൂർ

വിവിധ കോളജുകളിലായി 220 സീറ്റുകളാണുള്ളത്.

നവ സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്ന പഠനരീതികൾ മാത്രമേ നമുക്ക് പുതിയ തലമുറയെ തൊഴിൽ ശക്തരാക്കാനാകൂ. അതിനായുള്ള മികച്ച ഉദാഹരണമാണ് സി.എ.ബി.എം. ഉദ്യോഗാർഥികൾക്കും പുതിയ കാലഘട്ടം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഈ കോഴ്സ് ഒരു വാതായനമാണ്.

Tags:    
News Summary - Diploma in Computer Applications and Business Management course

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.