ബിരുദ ഫലം ഇനിയും വന്നില്ല; മാഹി കോളജ് വിദ്യാർഥികൾ ആശങ്കയിൽ

മാഹി: മാഹി കോളജിലെ വിദ്യാർഥികൾ ഉപരിപഠനത്തിന് വഴി കാണാതെ ആശങ്കയിൽ. ഇതരസംസ്ഥാനങ്ങളിലെ ബിരുദ പരീക്ഷ റിസൽട്ട് പ്രസിദ്ധീകരിച്ച് ബിരുദാനന്തര കോഴ്സുകളിൽ വിദ്യാർഥികൾ പ്രവേശനം നേടിയെങ്കിലും പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്സിറ്റി ഇതുവരെ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചില്ല. ഇതോടെയാണ് മാഹി മഹാത്മാഗാന്ധി ഗവ. ആർട്ട്സ് കോളജ് വിദ്യാർഥികൾ തങ്ങളുടെ ഒരു വർഷം പാഴായി പോകുമെന്ന വേവലാതിയിലായത്.

മാഹി കോളജിലെ പി.ജി കോഴ്‌സുകളിൽ ഇതിനകം അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. അഞ്ചാം സെമസ്റ്റർ വരെയുള്ള മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയുമായി മുന്നോട്ട് പോകുന്നത്. ഏതെങ്കിലും വിദ്യാർഥി പരീക്ഷയിൽ തോൽക്കുകയോ ഫലം തടയുകയോ ചെയ്താൽ പ്രവേശനം മുടങ്ങും.

അധികാരികളുടെ അലംഭാവത്തിനും അവർ സ്വീകരിക്കുന്ന തെറ്റായ സമീപനങ്ങളുടെയും ദുരിതം അനുഭവിക്കുന്നത് തങ്ങളാണെന്ന് വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പുതുച്ചേരിയിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ഇനിയും റിസർട്ട് വൈകിപ്പിക്കാനിടയാക്കുമോയെന്ന് വിദ്യാർഥികൾ ഭയക്കുന്നു.

മാഹി കോളജിൽ പഠിക്കുന്ന വടകര, തലശ്ശേരി, ചൊക്ലി ഭാഗങ്ങളിലുള്ള വിദ്യാർഥികളും ഈ ദുരിതം അനുഭവിക്കുകയാണ്. കോളജിൽ പ്രക്ഷോഭ പരിപാടികളുമായി വിദ്യാർഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

മാർക്ക് ടാബുലേഷൻ പ്രവൃത്തികൾ പുരോഗമിക്കുന്നതായി യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ റിസൽട്ട് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. റിസൽട്ടിന് ശേഷം മാർക്ക് ലിസ്റ്റ് തയ്യാറാക്കൽ, പ്രൊവിഷനൽ സർട്ടിഫിക്കറ്റ് വിതരണം ഇവക്ക് പിന്നേയും സമയമെടുക്കും.

ഫലപ്രഖ്യാപന ദിവസം തന്നെ മാർക്ക് ലിസ്റ്റ് വിതരണവും ഒരാഴ്ചക്കുള്ളിൽ പ്രൊവിഷനൽ സർട്ടിഫിക്കറ്റും ലഭിച്ചാൽ തങ്ങൾ അഭിമുഖീകരിയുന്ന പ്രശ്നങ്ങൾക്ക് അൽപമെങ്കിലും പരിഹാരമാവുമെന്ന് വിദ്യാർഥികൾ അറിയിച്ചു. കാലിക്കറ്റ്​ സർവകലാശാല ഉൾപ്പടെ വിദ്യാർഥികൾക്ക് പ്രൊവിഷനൽ സർട്ടിഫിക്കറ്റ് ഇതിനകം നൽകിയിട്ടുണ്ട്.

Tags:    
News Summary - degree result didnt published yet; Mahe College students worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.