തേഞ്ഞിപ്പലം: നാലാം സെമസ്റ്റർ ബിരുദ പ്രായോഗിക പരീക്ഷകൾ വേനൽ അവധിക്കാലത്ത് നടത്തുന്നതിൽ ബുദ്ധിമുട്ട് അറിയിച്ച് വിദ്യാർഥികൾ. വേനൽക്കാല അവധിക്കാലത്ത് നിരവധി വിദ്യാർഥികൾ ഹോസ്റ്റലുകളും മുറികളും ഒഴിഞ്ഞു.
പോയ സമയത്ത് കോളജിനടുത്ത് വീണ്ടും താമസിച്ച് പരിശീലിക്കാനും പരീക്ഷകളിൽ പങ്കെടുക്കാനും പ്രയാസമാണെന്നും അതിനാൽ പരീക്ഷ തീയതി നീട്ടണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. വെള്ളത്തിന്റെ ലഭ്യതക്കുറവും ഹോസ്റ്റലുകളും കാന്റീനുകളും അടച്ച സാഹചര്യവും പരിഗണിച്ച് പരീക്ഷ തീയതിയിൽ മാറ്റം വരുത്തണമെന്ന് അധ്യാപകരിൽനിന്നും ആവശ്യമുയർന്നിട്ടുണ്ട്.
മേയ് 22 മുതൽ ജൂൺ മൂന്നുവരെ നാലാം സെമസ്റ്റർ ബി.എസ്.സി സി.ബി.സി.എസ് .എസ് ബിരുദ പ്രായോഗിക പരീക്ഷകൾ നടത്താനാണ് തീരുമാനം. അവധിക്കാല പരീക്ഷ നിർബന്ധമാക്കുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ ബുദ്ധിമുട്ടാണെന്ന് അഭിപ്രായം. അവധിക്കാലത്ത് അധ്യാപകർ ഇതിനകം രണ്ട് സർവകലാശാല ക്യാമ്പുകളിലും നിരവധി പരീക്ഷ ഡ്യൂട്ടികളിലും പങ്കെടുത്തിട്ടുണ്ട്. അതിനാൽ അവധിക്കാലത്ത് പരീക്ഷ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികളെയും അധ്യാപകരെയും നിർബന്ധിക്കുകയാണെന്നാണ് ആരോപണം.
തേഞ്ഞിപ്പലം: ബിരുദ പ്രായോഗിക പരീക്ഷകൾ കോളജ് കാന്റീനുകളും ഹോസ്റ്റലുകളും റൂമുകളും അടച്ച സാഹചര്യത്തിലും ആവശ്യത്തിന് വെള്ളം ഭക്ഷണം എന്നിവ കുട്ടികൾക്ക് ലഭിക്കാത്ത സാഹചര്യത്തിലും ജൂൺ മാസത്തേക്ക് മാറ്റി വെക്കണമെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേർസ് അസോസിയേഷൻ (കെ.പി.സി.ടി.എ) ആവശ്യപ്പെട്ടു. ഭാരവാഹികളും സെനറ്റ് അംഗങ്ങളുമായ ഡോ. വി.എം. ചാക്കോ, ഡോ. ആർ. ജയകുമാർ, ഡോ. പി. സുൽഫി, ഡോ. മനോജ് മാത്യൂസ്, ജി. സുനിൽകുമാർ, ഡോ. ഇ. ശ്രീലത, ഡോ. പി. റഫീഖ്, ലെയ്സൺ ഓഫിസർ ഡോ. പി. കബീർ എന്നിവർ വിഷയം വൈസ് ചാൻസലറോട് അവതരിപ്പിച്ചു. ബി.എസ്.സി സി.ബി.സി.എസ്.എസ് ബിരുദ പ്രായോഗിക പരീക്ഷകളും മേയ് മുതൽ നടത്താനുള്ള തീരുമാനം അടിയന്തരമായി പുന:പരിശോധിക്കണമെന്നും കെ.പി.സി.ടി.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.