കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെയും ഗവേഷണ
ഡയറക്ടറേറ്റിന്റെയും കെട്ടിടം മന്ത്രി ഡോ. ആര്. ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നു
തേഞ്ഞിപ്പലം: തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്താന്‍ സ്കില്‍ കോഴ്സുകള്‍ക്ക് ക്രെഡിറ്റ് നല്‍കണമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെയും (ഐ.ക്യു.എ.സി.), ഗവേഷണ ഡയറക്ടറേറ്റിന്റെയും പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിദ്യാഭ്യാസം വിദ്യാര്‍ഥി കേന്ദ്രീകൃത കാഴ്ചപ്പാടിലൂടെ ആയാല്‍ മാത്രമേ സര്‍ഗാത്മക സാഹചര്യങ്ങളുണ്ടാകൂ. പുതിയ ബിരുദ പഠനരീതി അതിന് സഹായിക്കും. ഇതിനായി മെയ് അവസാനത്തോടെ സര്‍വകലാശാലാ-കോളജ് അധ്യാപകര്‍ക്ക് പുതിയ പാഠ്യപദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പുത്തന്‍ അറിവുകള്‍ സ്വയം വികസിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ക്ലാസ് മുറിക്കകത്തും പുറത്തും ഉണ്ടാകണം. കേരളീയ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കെല്പ്പുള്ളവരായി വിദ്യാര്‍ഥികള്‍ വളരണമെന്നും മന്ത്രി പറഞ്ഞു.
നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ നിയമാവലി ആദ്യം തയ്യാറാക്കിയതിനും എം.എസ്. സ്വാമിനാഥന്റെ പേരില്‍ ചെയര്‍ തുടങ്ങാന്‍ തീരുമാനിച്ചതിലും കാലിക്കറ്റ് സര്‍വകലാശാലയെ മന്ത്രി അഭിനന്ദിച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ മുഖ്യാഥിതിയായി. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അപി.കെ. ഖലീമുദ്ദീന്, എല്‍.ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. സര്‍വകലാശാല എൻജിനീയര്‍ ജയന് പാടശ്ശേരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.